ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യാ സന്ദർശനം നടത്തിയിരുന്നു. ഷെയ്ഖ് ഹംദാന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. ഇതോടെ അദ്ദേഹത്തിന്റെ ആസ്തി, ആഢംബര ജീവിതം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ കാര്യങ്ങളും വാർത്തയിൽ നിറയുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 400 മില്യൺ ഡോളറാണ് (33,500 കോടി രൂപ) ഷെയ്ഖ് ഹംദാന്റെ ആസ്തി. ദുബായിലെ അൽ മക്തൂം പാലസ് അടക്കമുള്ള നിരവധി റെസിഡൻഷ്യൽ പ്രോപ്പർട്ടീസും മാൻഷനുകളും അദ്ദേഹത്തിനുണ്ട്.

അത്യാഢംബരത്തിന്റെ പ്രതീകമായി സൂപ്പർ യോട്ടുകളും ബോയിംഗ് 747 ഉൾപ്പെടെയുള്ള സ്വകാര്യ വിമാനങ്ങളും അദ്ദേഹത്തിനുണ്ട്. നിരവധി ഫെറാരികൾ, ലംബോർഗിനികൾ, ഗോൾഡൻ മെഴ്‌സിഡസ് പോലുള്ള അത്യാഢംബര വാഹനങ്ങൾ നിറഞ്ഞ ഗാരേജ് ആണ് ഷെയ്ഖ് ഹംദാന്റേത്. തന്റെ ജീവിതത്തിന്റെയും ആഡംബര ജീവിതത്തിന്റെയും ഫോട്ടോകൾ അദ്ദേഹം 16.8 ദശലക്ഷം ഫോളോവേർസുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിടാറുണ്ട്. കുതിരയോട്ടത്തിൽ തത്പരനായ ദുബായ് കിരീടാവകാശിക്ക് 1000ത്തിലധികം കുതിരകൾ സ്വന്തമായുണ്ട്. ഇതിനുപുറമേ 120 ഒട്ടകങ്ങളും, നിരവധി എക്സോട്ടിക് പെറ്റ്സും അദ്ദേഹത്തിന്റെ കൈവശമുണ്ട്.
ദുബായ് റാഷിദ് സ്കൂൾ ഫോർ ബോയ്സിൽ നിന്നാണ് ഷെയ്ഖ് ഹംദാൻ തന്റെ വിദ്യാഭ്യാസം ആരംഭിച്ചത്. അതിനുശേഷം സാൻഡ്‌ഹേഴ്‌സ്റ്റ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സ് എന്നിവിടങ്ങളിൽ നിന്നായി അദ്ദേഹം ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കി.