ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB). എയർപോർട്സ് കൗൺസിൽ ഇന്റർനാഷണൽ (Airports Council International) പട്ടികയിൽ 2024ൽ 92.3 മില്യൺ യാത്രക്കാരുമായാണ് ദുബായ് ഒന്നാമതെത്തിയിരിക്കുന്നത്. പട്ടികയിൽ ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ആദ്യ പത്തിൽ ഇടംപിടിച്ചു. എട്ടാമതുള്ള ഡൽഹി എയർപോർട്ട് വഴി 77.8 മില്യൺ യാത്രക്കാരാണ് 2024ൽ കടന്നുപോയത്.

ലണ്ടൺ ഹീത്രൂ എയർപോർട്ട്, സിയോൾ ഇഞ്ചിയോൺ എയർപോർട്ട് എന്നിവയാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. സിംഗപ്പൂർ, ആംസ്റ്റർഡാം വിമാനത്താവളങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. 2024ൽ യാത്രക്കാരുടെ എണ്ണത്തിൽ 9 ശതമാനം വളർച്ചയോടെ എയർ ട്രാവൽ മേഖല വൻ പുരോഗതി കൈവരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019നു ശേഷം 3.8 ശതമാനം വളർച്ചയാണ് വ്യോമഗതാഗതത്തിൽ ഉണ്ടായത്.