പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സമീപനത്തിന്റെ ഭാഗമായി ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം. ഈ നീക്കത്തിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 12 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര തൊഴിൽ, പരിസ്ഥിതി മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

തൊഴിൽ വിപണിയിലെ വിടവുകൾ നികത്തുന്നതിനായി സ്വകാര്യ കമ്പനികളുമായി സഹകരിക്കുന്നതിനുള്ള സർക്കാർ സംരംഭത്തിന്റെ ഭാഗമായാണ് ധാരണാപത്രം. രാജ്യത്തുടനീളമുള്ള 500ലധികം നഗരങ്ങളിൽ സാന്നിധ്യമുള്ള സ്വിഗ്ഗി ഗിഗ് സമ്പദ്‌വ്യവസ്ഥയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ സഹകരണം തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങൾ വളരാനുള്ള സാധ്യതയും വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
തൊഴിലന്വേഷകർക്കുള്ള ഏകജാലക പ്ലാറ്റ്‌ഫോമായി നാഷണൽ കരിയർ സർവീസ് (NCS) പോർട്ടൽ മാറിക്കൊണ്ടിരിക്കുന്നു. എൻസിഎസ് പ്ലാറ്റ്‌ഫോം നിയമന പ്രക്രിയയെ കൂടുതൽ സുഗമമാക്കി തൊഴിൽ, നൈപുണ്യ വികസനം എന്നിവയ്‌ക്കുള്ള കേന്ദ്രീകൃത പോർട്ടലായി പ്രവർത്തിക്കും. തൊഴിലുടമകൾക്ക് എൻസിഎസ് പോർട്ടലിൽ ലോഗിൻ ചെയ്യാനും, അവരുടെ മാൻപവർ ആവശ്യങ്ങൾ നിറവേറ്റാനും കഴിയും. ഇത് ഇന്ത്യയിലെ തൊഴിൽ മേഖലയെ പരിവർത്തനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.