അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫറിന്റെ പിൻമുറക്കാരൻ ആണെന്നും മുഗൾ രാജവംശത്തിലെ ഇപ്പോഴുള്ള യഥാർത്ഥ പിൻഗാമിയാണെന്നുമെല്ലാം സ്വയം അവകാശപ്പെട്ട് ശ്രദ്ധ നേടിയ വ്യക്തിയാണ് യാക്കൂബ് ഹബീബുദ്ദീൻ ടൂസി. സമൂഹമാധ്യമങ്ങളിൽ അടക്കം അദ്ദേഹം പ്രിൻസ് യാക്കൂബ് ഹബീബുദ്ദീൻ ടൂസി എന്ന പേരിലാണ് സ്വയം പരിചയപ്പെടുത്താറുള്ളത്. മുഗൾ രാജവംശത്തിന്റെ പിൻമുറക്കാർ എന്ന വാദത്തിനും അപ്പുറം താജ്മഹൽ അടക്കമുള്ള ഇന്ത്യയിലെ പ്രശസ്തമായ നിരവധി ചരിത്ര നിർമിതികളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ചും ഹബീബുദ്ദീൻ വാർത്തയിൽ നിറഞ്ഞിരുന്നു.

ഏതാനും വർഷങ്ങൾക്കു മുൻപാണ് ലോകാത്ഭുതങ്ങളിൽ ഒന്നും ഏതാണ്ട് ₹5200 കോടിയോളം മൂല്യം കണക്കാക്കുന്നതുമായ താജ്മഹലിന്റെ യഥാർത്ഥ അവകാശി താനാണെന്ന് പറഞ്ഞ് ഹബീബുദ്ദീൻ രംഗത്തെത്തിയത്. തന്റെ വാദം ശരിയാണെന്ന് ബോധ്യപ്പെടുത്താൻ ഹബീബുദ്ദീൻ ഹൈദരാബാദ് കോടതിയിൽ ഡിഎൻഎ റിപ്പോർട്ട് വരെ സമർപ്പിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2019ൽ തങ്ങളുടെ കൈവശം താജ്മഹൽ സംബന്ധിച്ച രേഖകൾ ഉണ്ടെന്ന് പറഞ്ഞ ജയ്പൂർ രാജകുടുംബത്തിലെ ദിയാ കുമാരിയെ ഹബീബുദ്ദീൻ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ ആ രേഖകൾ പുറത്തുകാണിക്കാനാണ് അന്ന് ഹബീബുദ്ദീൻ ദിയാ കുമാരിയെ വെല്ലുവിളിച്ചത്.