തമിഴ്-ഇന്ത്യൻ സിനിമയുടെ മാത്രമല്ല ആഗോള സൂപ്പർസ്റ്റാറായാണ് രജനീകാന്ത് അറിയപ്പെടുന്നത്. പ്രസിദ്ധിയിലെ ഈ ആഗോള വ്യാപനം സ്വാഭാവികമായും അദ്ദേഹത്തിന്റെ വരുമാനത്തിലും പ്രതിഫലിക്കുന്നു. 2023ൽ 72ാമത്തെ വയസ്സിൽ ജയിലർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ 110 കോടി രൂപയാണ് അദ്ദേഹം പ്രതിഫലമായി കൈപ്പറ്റിയത്. 600 കോടി രൂപ നേടി ചിത്രം ബോക്സോഫീസിൽ വൻ വിജയം നേടിയതോടെ ചിത്രത്തിന്റെ നിർമാതാവ് കലാനിധി മാരൻ രജനിക്ക് 100 കോടി രൂപ കൂടി ബോണസ് ആയി നൽകി. ഇങ്ങനെ മൊത്തം ജയിലറിൽ
നിന്ന് മാത്രം സ്റ്റൈൽ മന്നൻ പ്രതിഫലമായി നേടിയത് 210 കോടി രൂപയാണെന്ന് ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ബോളിവുഡിൽ വൻ പ്രതിഫലം വാങ്ങുന്ന താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരേയും തെന്നിന്ത്യയിൽ വമ്പൻ പ്രതിഫലം വാങ്ങുന്ന പ്രഭാസിനേയും എല്ലാം ഈ ഒറ്റ ചിത്രം കൊണ്ട് രജനി പിന്നിലാക്കി. ബോക്സോഫീസ് പെർഫോമൻസിന് അനുസരിച്ച് 150 മുതൽ 200 കോടി രൂപ വരെയാണ് ഈ താരങ്ങളുടെ പ്രതിഫലം. ഇപ്പോൾ 74 വയസ്സുള്ള രജനിയുടെ വരാനിരിക്കുന്ന ചിത്രം ലോകേഷ് കനകരാജിന്റെ ‘കൂലി’യാണ്. ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ രജനിക്ക് 270 കോടി രൂപ പ്രതിഫലം ലഭിക്കും എന്നാണ് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ പുഷ്പ ടൂവിന് 300 കോടി രൂപ വാങ്ങിയ അല്ലു അർജുനും അവസാന ചിത്രത്തിന് 275 കോടി രൂപ പ്രതിഫലം വാങ്ങിയ വിജയ്ക്കും തൊട്ടുപിറകിൽ രജനീകാന്ത് സ്ഥാനം പിടിക്കും. എന്നാൽ ഈ തുകയൊന്നും ഔദ്യോഗികമായി വെരിഫൈ ചെയ്യപ്പെട്ടവയല്ല എന്ന മുന്നറിയിപ്പും ഹിന്ദുസ്താൻ ടൈംസ് നൽകുന്നു.