ഓട്ടോണമസ് വാഹന രംഗത്ത് സുപ്രധാന ചുവടുവെയ്പ്പുമായി ദുബായ്. ചൈനീസ് കമ്പനിയായ ബെയ്ഡുവിന്റെ സ്വയം നിയന്ത്രിത റൈഡ്-ഹെയ്‌ലിംഗ് സേവനമായ അപ്പോളോ ദുബായിൽ ഉടൻ പരീക്ഷിക്കും. ചൈനയിൽ ഇതിനകം ശ്രദ്ധേയമായ വിജയം നേടിയ പദ്ധതി ദുബായിൽ വരും മാസങ്ങളിൽ 50 വാഹനങ്ങളുമായി ഡാറ്റാ ശേഖരണവും പരീക്ഷണ ഘട്ടവും ആരംഭിക്കും.

സ്വയം നിയന്ത്രിത ടാക്സികൾ വൻ തോതിൽ പുറത്തിറക്കുന്നതിനായി കമ്പനി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി (RTA) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അടുത്ത വർഷത്തോടെ ഡ്രൈവറില്ലാ ടാക്സികൾ ഔദ്യോഗികമായി സർവീസ് ആരംഭിക്കാനും 2028ഓടെ 1,000 ഓട്ടോണമസ് ടാക്സികളിലേക്ക് വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.
ഓട്ടോണമസ് മൊബിലിറ്റി സേവനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആർടി 6ന്റെ ഏറ്റവും പുതിയ വേർഷനായ അപ്പോളോ ഗോയാണ് ദുബായിൽ വിന്യസിക്കുക. ഓട്ടോമേഷനിലും സുരക്ഷയിലും ഉയർന്ന നിലവാരം ഉറപ്പാക്കാനായി ഈ വാഹനങ്ങളിൽ 40 സെൻസറുകളും ഡിറ്റക്ടറുകളുമാണ് ഉള്ളത്. 2030ഓടെ ദുബായിലെ മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയംനിയന്ത്രിത വാഹനങ്ങളാക്കുകയാണ് ലക്ഷ്യം.