കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് ഇന്ത്യയുടെ പ്രതിരോധ ഘടകങ്ങളുടെയും ഉപകരണങ്ങളുടെയും ആഭ്യന്തര സംഭരണം ഗണ്യമായി വർധിച്ചതായി ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം ജി. സതീഷ് റെഡ്ഡി. 20-25 വർഷങ്ങൾക്ക് മുമ്പ് ഏറ്റവും കുറഞ്ഞ അളവിൽ പ്രതിരോധ ഘടകങ്ങളും ഉപകരണങ്ങളും ഉത്പാദിപ്പിക്കുകയും, പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ മിക്ക വസ്തുക്കളും ഇറക്കുമതി ചെയ്യുകയുമായിരുന്നുവെന്നും എന്നാൽ ഇന്ന് അവസ്ഥ മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23622 കോടി രൂപയായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഡസ് എന്റർപ്രണേഴ്‌സ് (ടൈഇ ഹൈദരാബാദ് ചാപ്റ്റർ) സംഘടിപ്പിച്ച ഹൈദരാബാദ് സംരംഭകത്വ ഉച്ചകോടിയിൽ ‘എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലയിലെ അവസരങ്ങൾ’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലധനച്ചിലവ് പ്രധാനമായും ആഭ്യന്തരമായി കണ്ടെത്തുന്നു. 2029 വരെ ഇതിനായി ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. പ്രതിരോധ ബജറ്റ് ₹6.81 ലക്ഷം കോടിയാണ്. ഇതിൽ ₹1.75 ലക്ഷം കോടി മൂലധനച്ചിലവിനായിരുന്നു. ഇതിൽ ₹1.50 ലക്ഷം കോടി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ചിലവഴിച്ചു. അടുത്ത വർഷത്തേക്ക് നൽകിയിരിക്കുന്ന ലക്ഷ്യം ₹1.75 ലക്ഷം കോടിയാണ്. 2029 ലെ ലക്ഷ്യം ₹3 ലക്ഷം കോടിയാണ്- അദ്ദേഹം പറഞ്ഞു.
ഏറ്റവും വലിയ ഇറക്കുമതിക്കാരിൽ ഒരാളായിരുന്ന നമ്മൾ ഇപ്പോൾ മികച്ച കയറ്റുമതിക്കാരായി മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം നമ്മുടെ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായിരുന്നു. അടുത്ത രണ്ട് വർഷത്തേക്ക് 50,000 കോടി രൂപയുടെ കയറ്റുമതി കൈവരിക്കുക എന്നതാണ് ലക്ഷ്യം. പ്രതിരോധ വ്യവസായത്തിനായി 2000ത്തിലധികം ടയർ 1, 2 കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. തദ്ദേശീയ പ്രതിരോധ നിർമാണ മേഖലയിൽ 20000ത്തിലധികം ടയർ 1, 2, 3 കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
india’s defence exports soared to ₹23622 crore in fy 2024-25, signifying a major shift from import dependency. target set for ₹50000 crore soon.