ഇന്ത്യയിലെ ഏറ്റവും വിജയകരമായ ആരോഗ്യ സംരക്ഷണ ശൃംഖലകളിൽ ഒന്നായ അപ്പോളോ ഹോസ്പിറ്റൽസിനെ നയിക്കുന്ന സംരംഭകനും ഡോക്ടറും മനുഷ്യസ്നേഹിയുമാണ് ഡോ. പ്രതാപ് സി. റെഡ്ഡി. 92ആം വയസ്സിലും എല്ലാ ദിവസവും മുടങ്ങാതെ ജോലി ചെയ്യുന്നത് തുടരുന്ന അദ്ദേഹത്തിന്റെ സമർപ്പണവും കാഴ്ചപ്പാടും രാജ്യത്തെ ആരോഗ്യ സംരക്ഷണത്തിൽ തന്നെ വിപ്ലവം സൃഷ്ടിക്കുന്നതാണ്. അതിലൂടെ തലമുറകൾക്ക് അദ്ദേഹം പ്രചോദനത്തിന്റെ ആൾരൂപമായി നിലകൊള്ളുന്നു.
ഈ പ്രായത്തിലും, ആഴ്ചയിൽ ആറ് ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അദ്ദേഹം വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. ആരോഗ്യ സംരക്ഷണത്തിനും സേവനത്തിനുമുള്ള ഈ സമർപ്പണം അദ്ദേഹത്തെ സ്ഥിരോത്സാഹത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പ്രതീകമാക്കി മാറ്റുന്നു. മഹത്തരവും വിജയകരവുമായ കരിയർ നേട്ടത്തിനു ശേഷവും വിരമിക്കൽ എന്ന സങ്കൽപ്പത്തിന് വഴങ്ങാൻ വിസമ്മതിച്ചുകൊണ്ട് അദ്ദേഹം തൻ്റെ കർമകാണ്ഡത്തിൽ ഒരു പോരാളിയായി തുടരുന്നു.
ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ആശുപത്രിയായ അപ്പോളോ ഹോസ്പിറ്റൽസിന്റെ സ്ഥാപകനാണ് ഡോ. പ്രതാപ് റെഡ്ഡി. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉയർന്ന നിലവാരമുള്ള വൈദ്യചികിത്സ ലഭ്യമാക്കുന്നതിലൂടെ അദ്ദേഹത്തിന്റെ പയനിയറിംഗ് ആശയം രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ വിപ്ലവം സൃഷ്ടിച്ചു. ഇന്ത്യക്കാർക്ക് ചികിത്സയ്ക്കായി വിദേശയാത്ര നടത്തേണ്ടതില്ലാത്ത ഭാവി സ്വപ്നം കണ്ട് അത് യാഥാർത്ഥ്യമാക്കി മാറ്റുകയാണ് അപ്പോളോ ആശുപത്രികളിലൂടെ അദ്ദേഹം ചെയ്തത്.

ചെന്നൈയിൽ ജനിച്ച പ്രതാപ് റെഡ്ഡി സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി. തുടർന്ന് കാർഡിയോളജിസ്റ്റായി പരിശീലനം നേടുന്നതിനായി അമേരിക്കയിലേക്ക് പോയ അദ്ദേഹം വിദേശത്ത് വിജയകരമായ കരിയർ കെട്ടിപ്പടുക്കാൻ ആരംഭിച്ചു. എന്നാൽ 1970 കളുടെ തുടക്കത്തിൽ പിതാവിന്റെ നിർദേശപ്രകാരം അദ്ദേഹം ശിഷ്ട സേവനം രാജ്യത്തിന് സംഭാവന നൽകാനായി നാട്ടിലേക്ക് മടങ്ങി. ആ തീരുമാനം ഇന്ത്യൻ ആരോഗ്യ സംരക്ഷണത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്നതായി.
1979ൽ മികച്ച വൈദ്യസഹായത്തിന്റെ അഭാവം കാരണം ഇന്ത്യയിൽ ഒരു രോഗി ദാരുണമായി മരിച്ചു – ഈ സംഭവം ഡോ. റെഡ്ഡിയെ വളരെയധികം ചിന്തിപ്പിച്ചു. ഇതിനെത്തുടർന്നാണ് അദ്ദേഹം അപ്പോളോ ആശുപത്രി സ്ഥാപിക്കാൻ തീരുമാനിച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഒരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാൻ ലോകോത്തര ആരോഗ്യ സംരക്ഷണം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് അദ്ദേഹം അപ്പോളോയിലൂടെ പ്രതിജ്ഞയെടുത്തു.
ഒരൊറ്റ ആശുപത്രിയായി ആരംഭിച്ച അപ്പോളോ ഇന്ന് ആരോഗ്യ സംരക്ഷണ സാമ്രാജ്യമായി വളർന്നിരിക്കുന്നു. നിലവിൽ 71 ആശുപത്രികൾ, 5000-ത്തിലധികം ഫാർമസി ഔട്ട്‌ലെറ്റുകൾ, 291 പ്രാഥമിക പരിചരണ ക്ലിനിക്കുകൾ, ഡയഗ്നോസ്റ്റിക് ശൃംഖല, ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോം എന്നിങ്ങനെ നീളുന്നതാണ് അപ്പോളോ സാമ്രാജ്യം. സ്‌പെഷ്യാലിറ്റി പരിചരണം വാഗ്ദാനം ചെയ്യുന്ന ഗ്രൂപ്പ് ഇന്ത്യയിൽ ആരോഗ്യസംരക്ഷണ രംഗത്തെ ഏറ്റവും വലിയ പേരായി മാറിയിരിക്കുന്നു.
70000 കോടി രൂപയിലധികമാണ് നിലവിൽ അപ്പോളോ ഹോസ്പിറ്റൽസിന്റെ വിപണി മൂല്യം. റെഡ്ഡി കുടുംബത്തിന് ഗ്രൂപ്പിൽ 29.3 ശതമാനം ഓഹരിയുണ്ട്. ഫോർബ്‌സിന്റെ കണക്കനുസരിച്ച് ഡോ. പ്രതാപ് സി. റെഡ്ഡിയുടെ ആസ്തി 26560 കോടി രൂപയാണ്. വൻ സാമ്പത്തിക വിജയം നേടിയിട്ടും, അദ്ദേഹം സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്റെ ഉപോൽപ്പന്നം മാത്രമാണ് തന്റെ സമ്പത്തെന്ന് ഒരിക്കൽ പ്രതാപ് റെഡ്ഡി പറഞ്ഞത് അതുകൊണ്ടാണ്.
വിജയം വിനയാന്വിതരാക്കുകയും രാജ്യത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുകയും വേണം എന്നാണ് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ഡോ. റെഡ്ഡി പറഞ്ഞത്. 92 വയസ്സിലും അദ്ദേഹം ഈ തത്വം ഉൾക്കൊള്ളുന്നു. നേതൃത്വത്തിന് പ്രായം തടസ്സമല്ലെന്നും യഥാർത്ഥ വിജയം എന്നേക്കും നിലനിൽക്കുന്ന സ്വാധീനം സൃഷ്ടിക്കുന്നതിലാണെന്നും അദ്ദേഹത്തിന്റെ യാത്ര നമ്മെ ഓർമപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു.
Discover the inspiring story of Dr. Pratap C. Reddy, the 92-year-old founder of Apollo Hospitals, his ₹26560 crore net worth, and his unwavering dedication to healthcare.