മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (MAHSR) പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw). പദ്ധതിയുടെ ടണൽ നിർമാണം അടക്കമുള്ളവ അവസാന ഘട്ടത്തിലാണെന്നും 2025 ജൂൺ 30 വരെ പദ്ധതിക്കായി 78839 കോടി രൂപ ചിലവഴിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ആകെ 508 കിലോമീറ്റർ ദൂരമുള്ള പാതയുടെ 406 കിലോമീറ്റർ ദൂരത്തെ ഫൗണ്ടേഷൻ ജോലികളുടെ നിർമാണം പൂർത്തിയായി. ബുള്ളറ്റ് ട്രെയിനുകൾക്കായുള്ള 12 സ്റ്റേഷനുകളിൽ 8 എണ്ണത്തിന്റെ നിർമാണവും പൂർത്തിയാക്കി. ലോക്കോമോട്ടീവുകൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള ഓവർഹെഡ് ഉപകരണ മാസ്റ്റുകൾ സ്ഥാപിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ഇതിനു പുറമേ തുരങ്ക നിർമാണവും അവസാന ഘട്ടത്തിലാണ്. ഗുജറാത്തിലെ ഏക തുരങ്കം പൂർത്തിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഘാൻസോളി-ഷിൽഫട്ട തുരങ്കവും പൂർത്തീകരിച്ചു. മുംബൈയ്ക്കും താനെയ്ക്കും ഇടയിലുള്ള 21 കിലോമീറ്റർ അണ്ടർവാട്ടർ ടണലിന്റെ നിർമാണം ആരംഭിച്ചിട്ടുമുണ്ട്-മന്ത്രി പറഞ്ഞു.
രാജ്യത്ത് ഇതുവരെ ഉപയോഗിക്കാത്ത ജാപ്പനീസ് സാങ്കേതിക വിദ്യയിലൂടെയാണ് ബുള്ളറ്റ് ട്രെയിൻ ട്രാക്ക് നിർമാണം. 1.8 ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ നിർമാണച്ചുമതല നാഷണൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിനാണ് (NHSRCL).
The Mumbai-Ahmedabad High-Speed Rail project has spent ₹78,839 crore, with tunnel and station construction nearing completion.