കൊടുത്ത വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് പറയുന്ന ഇക്കാലത്ത് ആനന്ദ് മഹീന്ദ്ര വ്യത്യസ്തനാണ്. ഒരുമാസം മുൻപ് നൽകിയ വാക്ക് ആനന്ദ് മഹീന്ദ്ര പാലിച്ചപ്പോൾ ദത്താത്രയ ലോഹറിന് ലഭിച്ചത് ഒരു പുതിയ ബൊലേറോ ആണ്. ഉപേക്ഷിക്കുന്ന സ്പെയർ പാർട്‌സ് ഉപയോഗിച്ച് ദത്താത്രയ നിർമ്മിച്ച മിനി ഫോർ വീലറിന് പകരമായാണ് പുത്തൻ ബൊലേറോ ലഭിച്ചത്.
മകന്റെ ആഗ്രഹം സാധിക്കാൻ മിനി ഫോർവീലർ
മഹാരാഷ്ട്രക്കാരയിലെ ദേവ് രാഷ്ട്ര ഗ്രാമത്തിലെ ദത്താത്രയ ലോഹർ കഴിഞ്ഞ ഡിസംബറിലാണ് പഴയ ഉപേക്ഷിക്കപ്പെട്ട കാറുകളിൽ നിന്നുളള യന്ത്ര ഭാഗങ്ങൾ ഉപയോഗിച്ച് ഒരു മിനി ഫോർ വീലർ നിർമ്മിച്ചത്. 60,000 രൂപ മുതൽമുടക്കിൽ നിർമ്മിച്ച മിനി ഫോർ വീലർ ഇരുചക്രവാഹനങ്ങളിലെ കിക്ക്-സ്റ്റാർട്ട് മെക്കാനിസം ഉപയോഗിക്കുന്ന ഒരു ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനമായിരുന്നു. മഹീന്ദ്ര ഥാറിന് സമാനമായ ഗ്രില്ല് ഉളള വാഹനം മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് ഇരുമ്പ് പണിക്കാരനായ ദത്താത്രയ നിർമിച്ചത്.
വാഹനത്തെ കുറിച്ച് 45 സെക്കന്റുളള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ലോഹറിന്റെ വാഹന വീഡിയോ ആനന്ദ് മഹീന്ദ്ര പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലോഹറിന്റെ നിർമിതിയിൽ ആകൃഷ്ടനായ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അന്ന് മിനി ഫോർ വീലറിന് പകരമായി ഒരു പുതിയ ബൊലേറോ എസ്‌യുവി വാഗ്ദാനം ചെയ്തിരുന്നു. ഓഫർ നൽകി കൃത്യം ഒരു മാസത്തിനുളളിലാണ് ആനന്ദ് മഹീന്ദ്ര വാക്കു പാലിച്ചത്.
ക്രിയേറ്റിവിറ്റി കൊളളാം;പക്ഷേ ഓടിക്കാനാവില്ല
ദത്താത്രേയയുടെ വാഹനം നിയമ പ്രകാരമുളള മാനദണ്ഡങ്ങളോ നിർദേശങ്ങളോ പാലിക്കുന്ന നിർമിതി അല്ലാത്തതിനാൽ റോഡിൽ ഓടിക്കാനാവില്ല. എന്നാൽ അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിയെ അംഗീകരിക്കുന്നതായും ആനന്ദ് മഹീന്ദ്ര അന്ന് വ്യക്തമാക്കിയിരുന്നു. ദത്താത്രയ തന്റെ ഓഫർ സ്വീകരിച്ചതായും പുതിയ മഹീന്ദ്ര ബൊലേറോ ഡെലിവറി ചെയ്തതായും കൈമാറ്റ ചടങ്ങിൽ എടുത്ത ചിത്രങ്ങൾ സഹിതമാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ സൃഷ്‌ടിയുടെ ചുമതല ഞങ്ങൾ അഭിമാനത്തോടെ ഏറ്റെടുത്തു. ഞങ്ങളുടെ റിസർച്ച് വാലിയിലെ കാറുകളുടെ ശേഖരത്തിന്റെ ഭാഗമായിരിക്കും ഇതെന്നും കൂടുതൽ കണ്ടുപിടിത്തങ്ങൾക്ക് ഇത് പ്രചോദിപ്പിക്കുമെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റിൽ കുറിച്ചു.
മഹീന്ദ്രയുടെ ശേഖരത്തിലെ വാഹന വൈവിധ്യം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കമ്പനിയുടെ ഓട്ടോ മ്യൂസിയത്തിനായി ആനന്ദ് മഹീന്ദ്ര സവിശേഷവും അതുല്യവുമായ ചില വാഹനങ്ങൾ ശേഖരിക്കുന്നുണ്ട്. ദത്താത്രയയുടെ മിനി ഫോർ വീലറും ഇക്കൂട്ടത്തിൽ മഹീന്ദ്ര റിസർച്ച് വാലിയിൽ പ്രദർശിപ്പിക്കും. റിസർച്ച് വാലിയിലെ മറ്റ് ചില വാഹനങ്ങളിൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ചിത്രമായ ‘കാല’യിൽ ഉപയോഗിച്ച പഴയ തലമുറ മഹീന്ദ്ര ഥാർ ഉൾപ്പെടുന്നു. ഒരു മലയാളി നിർമ്മിച്ച പിന്നിൽ നിന്ന് നോക്കിയാൽ മഹീന്ദ്ര സ്കോർപ്പിയോ പോലെ രൂപമാറ്റം വരുത്തിയ പ്രത്യേക റിക്ഷയും ഈ ശേഖരത്തിലുണ്ട്. അന്ന് മഹീന്ദ്ര മലയാളിയായ റിക്ഷാ ഡ്രൈവർക്ക് തന്റെ വാഹനത്തിന് പകരമായി ഒരു പുതിയ മഹീന്ദ്ര സുപ്രോ മിനി ട്രക്ക് നൽകിയിരുന്നു.