ഭാരതി എയർടെല്ലിൽ ഗൂഗിൾ 1 ബില്യൺ ഡോളർ നിക്ഷേപിക്കുന്നു
ജിയോയ്ക്ക് ശേഷം ഗൂഗിൾ എയർടെലിൽ
ഭാരതി എയർടെല്ലിൽ ഇക്വിറ്റി, വാണിജ്യ പങ്കാളിത്തം എന്നിവയിലൂടെ 1 ബില്യൺ ഡോളർ വരെ നിക്ഷേപം പ്രഖ്യാപിച്ച് യുഎസ് ടെക് ജയന്റ് ഗൂഗിൾ. 1.28 ശതമാനം ഓഹരികൾക്കായി 700 മില്യൺ ഡോളർ ഇക്വിറ്റി നിക്ഷേപം നടത്തും. മൾട്ടി ഇയർ വാണിജ്യ കരാറുകൾക്കായി 300 മില്യൺ ഡോളർ നിക്ഷേപം മാറ്റി വയ്ക്കും. റിലയൻസ് ജിയോയ്ക്ക് ശേഷം ഒരു ഇന്ത്യൻ ടെലികോം സേവന ദാതാവിൽ ടെക് ഭീമന്റെ രണ്ടാമത്തെ നിക്ഷേപമാണിത്. ഗൂഗിൾ, ഇന്ത്യയിൽ പ്രഖ്യാപിച്ച 10 ബില്യൺ ഡോളർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിന്റെ ഭാഗമാണ് നിക്ഷേപം. 2021 ന്റെ ആദ്യ പകുതി മുതൽ ഇരു കമ്പനികളും തമ്മിലുള്ള ചർച്ചകൾ നടന്നിരുന്നു.
700 മില്യൺ ഡോളർ ഇക്വിറ്റി നിക്ഷേപം
1 ബില്യൺ ഡോളർ നിക്ഷേപത്തിൽ 700 മില്യൺ ഡോളർ (5,224 കോടി രൂപ) ഇക്വിറ്റി നിക്ഷേപം ഉൾപ്പെടുന്നു. ഓഹരികൾ ഓരോന്നിനും 734 രൂപ നിരക്കിൽ മുൻഗണനാടിസ്ഥാനത്തിൽ ഗൂഗിളിന് ഇഷ്യൂ ചെയ്യുകയും കമ്പനിയിൽ 1.28 ശതമാനം ഓഹരി നൽകുകയും ചെയ്യും. കൂടാതെ, സ്‌മാർട്ട് ഫോൺ ആക്‌സസ്, നെറ്റ്‌വർക്കുകൾ, 5G,ക്ലൗഡ് തുടങ്ങിയ മേഖലകളിൽ സാധ്യതയുള്ള നിക്ഷേപത്തിനായി 300 മില്യൺ ഡോളർ ഗൂഗിൾ നീക്കിവെക്കും. ഈ നിക്ഷേപം ഉപഭോക്താക്കൾക്ക് അഫോഡബിൾ ഡിവൈസുകൾ ലഭ്യമാക്കാൻ എയർടെല്ലിനെ സഹായിക്കും. 5Gയിൽ രണ്ട് കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഗൂഗിളിന്റെ 5G-റെഡി എവോൾവ്ഡ് പാക്കറ്റ് കോറും നെറ്റ്‌വർക്ക് പ്ലാറ്റ്‌ഫോമുകളും എയർടെൽ ഉപയോഗിക്കുന്നു. ഇന്ത്യയിൽ ക്ലൗഡ് ഇക്കോസിസ്റ്റം രൂപപ്പെടുത്തുന്നതിലും വളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഇരുകമ്പനികളും പറഞ്ഞു.
എയർടെലിന് സ്മാർട്ട്ഫോൺ പദ്ധതിയില്ല
സ്വന്തമായി സ്‌മാർട്ട്‌ഫോൺ വികസിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയില്ലെന്ന് എയർടെൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗോപാൽ വിറ്റൽ പറഞ്ഞു. സ്‌മാർട്ട്‌ഫോണുകളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിന് വായ്പ സ്ഥാപനങ്ങൾ, ഡിവൈസ് നിർമ്മാതാക്കൾ, ഇ-കൊമേഴ്‌സ് കമ്പനികൾ എന്നിവരുൾപ്പെടെയുള്ളവരുമയാി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർടെല്ലിന് 190 ദശലക്ഷത്തിലധികം 4G ഉപയോക്താക്കളുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 80 ദശലക്ഷം ഉപയോക്താക്കളെ ചേർത്തിരുന്നു.
ജിയോയിൽ 7.73% ഓഹരി
2020 ജൂലൈയിൽ, 4.5 ബില്യൺ ഡോളർ (33,737 കോടി രൂപ) നിക്ഷേപിച്ച് ജിയോ പ്ലാറ്റ്‌ഫോംസിൽ ഗൂഗിൾ 7.73 ശതമാനം ഓഹരി നേടിയിരുന്നു. കഴിഞ്ഞ നവംബറിൽ രണ്ട് കമ്പനികളും ചേർന്ന് അഫോഡബിൾ പ്രൈസിൽ ജിയോഫോൺ നെക്സ്റ്റ് എന്ന സ്മാർട്ട്‌ഫോണും പുറത്തിറക്കി. ഇന്ത്യയുടെ സ്‌മാർട്ട്‌ഫോൺ വിപണിയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാനുള്ള ജിയോയുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ജിയോഫോൺ നെക്സ്റ്റ്.