കാർ അല്ല,2022-ൽ റോബോട്ടാണ് വരുന്നതെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്ക്
ഈ വർഷം കാറില്ല, റോബോട്ടെന്ന് മസ്ക്
ടെസ്‌ലയുടെ കാർ എന്നും എവിടെയും ചർച്ചാവിഷയമാണ്. എന്നാൽ കാർ ഒന്നുമല്ല, റോബോട്ടാണ് ടെസ്‌ലയുടെ വരുംകാല ലക്ഷ്യമെന്ന് ഇലോൺ മസ്ക് തന്നെ പലകുറി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ടെസ്‌ല ബോട്ട് 2022ൽ തന്റെ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നമായിരിക്കുമെന്നാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഓട്ടോമോട്ടീവ് കമ്പനിയുടെ സിഇഒ ആയ ഇലോൺ മസ്‌ക് പറയുന്നത്. ഈ വർഷം പുതിയ കാർ മോഡലുകൾക്കായി പ്രവർത്തിക്കുന്നില്ലെന്നും കമ്പനി പുതിയ മോഡലുകളൊന്നും അവതരിപ്പിക്കില്ലെന്നും ടെസ്‌ല വെളിപ്പെടുത്തിയിരുന്നു.
മസ്കിന്റെ പദ്ധതികൾ
ഒപ്റ്റിമസ് എന്ന റോബോട്ടിന്റെ ടീസർ ടെസ്‌ല പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ ഷാങ്ഹായിലെ പുതിയ ഗവേഷണ-വികസന കേന്ദ്രത്തിലെ ടീം റോബോട്ടിന്റെ നിർമാണത്തിനായി പ്രവർത്തിക്കുന്നുണ്ടെന്ന് ടീസർ സൂചന നൽകി. തുടർന്ന്, ഡിസംബറിൽ, വാൾസ്ട്രീറ്റ് ജേണലിന്റെ സിഇഒ കൗൺസിൽ ഉച്ചകോടിയിൽ, തൊഴിലാളി ക്ഷാമം പരിഹരിക്കാൻ റോബോട്ടിന് സഹായിക്കാനാകുമെന്ന് ഇലോൺ മസ്‌ക് അഭിപ്രായപ്പെട്ടതും ഇതിന്റെ വെളിച്ചത്തിലായിരുന്നു. ടെസ്‌ല റോബോട്ട് പ്രോജക്റ്റിനെക്കുറിച്ച് വളരെ ഗൗരവതരമായ പദ്ധതികളിലാണെന്നും സമീപഭാവിയിൽ ടെസ്‌ല ബോട്ട് അവതരിപ്പിക്കുമെന്ന മസ്കിന്റെ അവകാശവാദം ഉറച്ചതാണെന്നും ഇത് സൂചിപ്പിക്കുന്നു.കൂടാതെ, ദീർഘകാലാടിസ്ഥാനത്തിൽ, ഹ്യൂമനോയിഡ് റോബോട്ട് വ്യവസായം ഓട്ടോമൊബൈൽ സെക്ടറിനേക്കാൾ പ്രാധാന്യമർഹിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ടെസ്‌ലയുടെ ഫാക്ടറികളിൽ ആദ്യം ഒപ്റ്റിമസ് ഉപയോഗിക്കും. 2021 നവംബർ മുതൽ ടെസ്‌ല അതിന്റെ ബോട്ട് പ്രോജക്റ്റിനായി റിക്രൂട്ട്മെന്റ് നടത്തി വരുന്നു.
ടെസ്‌ല ബോട്ട് ഒപ്റ്റിമസ്
മനുഷ്യരാൽ അസാധ്യമായ മടുപ്പിക്കുന്നതും അപകടകരവുമായ ജോലികൾ ചെയ്യാനുമാണ് ടെസ്‌ല ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന് 5 അടി 8 ഇഞ്ച് ഉയരവും 56 കിലോഗ്രാം ഭാരവുമുണ്ട്. ബോട്ടിന് 20.4 കിലോഗ്രാം ഭാരവും വഹിക്കാനാകും.ടെസ്‌ല ബോട്ടിന്റെ പരമാവധി വേഗത മണിക്കൂറിൽ അഞ്ച് മൈൽ ആയിരിക്കും. കൈകൾ നീട്ടി 4 കിലോ ഭാരം ഉയർത്താൻ ഇതിന് കഴിയും. മനുഷ്യർക്ക് സമാനമായ കൈകളും അതിന്റെ സന്ധികളിൽ 40 ഇലക്‌ട്രോ മെക്കാനിക്കൽ ആക്യുവേറ്ററുകളും ബോട്ടിലുണ്ടാകും. ബോട്ടിന്റെ മുഖത്ത് വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു സ്‌ക്രീൻ ഉണ്ടായിരിക്കും. ഭാരം കുറഞ്ഞ മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ച ഈ ബോട്ട് ടെസ്‌ലയുടെ ഫുൾ സെൽഫ്-ഡ്രൈവിംഗ് കമ്പ്യൂട്ടർ, ക്യാമറകൾ, AI, ഒബ്‌ജക്റ്റ് റെക്കഗ്നിഷൻ, എന്നിവയടക്കം പ്രയോജനപ്പെടുത്തും. ടെസ്‌ലഇലക്ട്രിക് കാറുകളുടെ ADAS ഫംഗ്‌ഷനുകൾക്കായി ഉപയോഗിക്കുന്ന ഓട്ടോപൈലറ്റ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ ലോകത്തിലെ ഏറ്റവും വലിയ റോബോട്ടിക്‌സ് കമ്പനിയായി ടെസ്‌ല മാറുമെന്നും മസ്ക് കണക്കുകൂട്ടുന്നു.