ഓട്ടോ PLI സ്കീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മാരുതിയും ഹീറോയുമുൾപ്പെടെ 75 കമ്പനികൾ
ഓട്ടോ PLI സ്കീം നേടിയത് 75 കമ്പനികൾ
ഓട്ടോ പിഎൽഐ സ്കീമിൽ മാരുതി സുസുക്കി ഇന്ത്യ, ഹീറോ മോട്ടോകോർപ്പ് ഉൾപ്പെടെ 75 കമ്പനികൾക്ക് അനുമതി ലഭിക്കും. ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കൾക്കും വാഹന നിർമ്മാതാക്കൾക്കുമുളള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് വേണ്ടി കമ്പനികളെ സർക്കാർ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. മാരുതി സുസുക്കി ഇന്ത്യ, ഭാരത് ഫോർജ്, ഹീറോ മോട്ടോകോർപ്പ്, ബോഷ് ഇന്ത്യ, ഒല ഇലക്ട്രിക്, എന്നിവ ഓട്ടോ, ഓട്ടോ ഘടകഭാഗങ്ങൾക്കായി പിഎൽഐ സ്കീം പ്രകാരം അംഗീകരിച്ച 75 സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. ഇതുവരെ വാഹന ഘടക നിർമാണത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത സിയറ്റും സർക്കാർ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസും പദ്ധതിക്ക് കീഴിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.കംപോണന്റ് ചാമ്പ്യൻ ഇൻസെന്റീവ് സ്കീമിന് കീഴിൽ 75 കമ്പനികൾ 29,834 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. 74,850 കോടി രൂപയുടെ അധിക നിക്ഷേപമാണിത്. ഓട്ടോമൊബൈലുകൾക്കായി നേരത്തെ പ്രഖ്യാപിച്ച പിഎൽഐ സ്കീമിനൊപ്പം, അഞ്ച് വർഷത്തിനുളളിൽ സർക്കാർ ലക്ഷ്യമിട്ട 42,500 കോടി രൂപ നിക്ഷേപത്തേക്കാൾ അധികമാണിത്.
പ്രാദേശികവൽക്കരണ ശ്രമങ്ങൾക്ക് കരുത്ത് പകരും
ഇൻസെന്റിവ് അധിഷ്ഠിത നിർമാണം പ്രാദേശികവൽക്കരണ ശ്രമങ്ങളെ മുന്നോട്ട് നയിക്കുകയും കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പദ്ധതിക്ക് കീഴിൽ തിരഞ്ഞെടുത്ത കമ്പനികൾ പറഞ്ഞു. പിഎൽഐ സ്കീം ഘടക നിർമ്മാതാക്കളെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കാൻ മാത്രമല്ല, ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് ആവശ്യമായ പ്രചോദനം നൽകാനും സഹായിക്കും, ഓട്ടോ കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഡയറക്ടർ ജനറൽ വിന്നി മേത്ത പറഞ്ഞു.ഈ സ്കീം ഇന്ത്യയിൽ അധിക തൊഴിലവസരങ്ങളിലേക്ക് നയിക്കുകയും അത്യാധുനിക സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്താൻ വ്യവസായത്തിന് സഹായകമാവുകയും ചെയ്യും.
Make In India-ക്കായി കൂടുതൽ നിക്ഷേപം
ആഗോള ഭീമനായ ബോഷിന്റെ ഇന്ത്യ സബ്‌സിഡിയറി, ഈ പദ്ധതി അതിന്റെ പ്രാദേശികവൽക്കരണ പദ്ധതിയെ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. അടുത്ത 5-6 വർഷത്തേക്ക് നൂതന സാങ്കേതിക വിദ്യകൾക്കായി ഏകദേശം 1,000 കോടി രൂപ നീക്കിവയ്ക്കുന്നതായി ബോഷ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗമിത്ര ഭട്ടാചാര്യ പറഞ്ഞു. പ്രധാന ഘടക നിർമ്മാതാക്കളായ മിൻഡ കോർപ്പറേഷൻ 2022-23-ൽ, അതിന്റെ വരുമാനത്തിന്റെ 5 ശതമാനം PLI സ്കീമിനായി നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതായി ചെയർമാനും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആകാശ് മിൻഡ പറഞ്ഞു. സ്മാർട്ട് കീകൾ, ഇമ്മോബിലൈസറുകൾ, ഇലക്ട്രിക് വാഹന കൺവേർഷൻ പ്രൊഡക്ടുകൾ തുടങ്ങി കമ്പനി നിർമ്മിക്കുന്ന മിക്ക ഘടകങ്ങളും പദ്ധതി പ്രകാരം യോഗ്യമാണെന്നും ആകാശ് മിൻഡ പറഞ്ഞു.