കൈത്തറിയിലും കൃഷിയിലും നിറയുന്ന പ്രകാശം

|

ഓണക്കാലത്തെ പ്രദര്‍ശനമേളകളില്‍ മാത്രം ഒതുങ്ങിയിരുന്ന കൈത്തറിയെ കൈപിടിച്ചുയര്‍ത്തുകയാണ് നാഗരാജ പ്രകാശം. മലയാളി ഒരിക്കല്‍കൂടി ഓണം ആഘോഷിക്കുമ്പോള്‍ തറിയുടെ നാടായ കണ്ണൂരിലെ കല്യാശേരിയിലും ഇരണാവിലുമൊക്കെയുളള നെയ്ത്തുകാര്‍ക്കിടയില്‍ നാഗരാജ പ്രകാശമുണ്ട്. ഉത്സവ സീസണുകളിലെ പ്രദര്‍ശന മേളകള്‍ക്കപ്പുറം ഇവരുടെ പ്രൊഡക്ടുകള്‍ക്ക് ആരോഗ്യകരമായ വിപണി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ. സോഫ്റ്റ്വെയര്‍ രംഗത്തെ പരിചയസമ്പത്തുമായി പരമ്പരാഗത തൊഴില്‍ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പിന് ഗ്രാമങ്ങളിലേക്കിറങ്ങിയ നാഗരാജ പ്രകാശം ഇന്ന് ഈ മേഖലയില്‍ ആയിരങ്ങളുടെ പ്രതീക്ഷയാണ്. ഹാന്‍ഡ് ലൂമില്‍ ജീവിതം ഹോമിക്കുന്ന വലിയ ഒരു വിഭാഗത്തെ മുഖ്യധാരയിലെത്തിക്കുകയും ആരോഗ്യമുളള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയുമാണ് ലക്ഷ്യമെന്ന് നാഗരാജ പ്രകാശം പറയുന്നു.

ഐടിയും സോഫ്റ്റ് വെയറും മാത്രം എന്‍ട്രപ്രണര്‍ഷിപ്പ് മോഡലുകളായി മാറുന്ന കാലത്ത് ഇന്ത്യയുടെ തനത് തൊഴില്‍ മേഖലകളെ മുഖ്യധാരയിലെത്തിക്കാനാണ് എന്‍ട്രപ്രണര്‍, മെന്റര്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ നാഗരാജ പ്രകാശം ശ്രമിക്കുന്നത്. കൃഷി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന രണ്ടാമത്തെ മേഖലയാണ് ടെക്സ്‌റ്റൈല്‍സ്. എണ്‍പത് ലക്ഷം ആളുകളാണ് കൈത്തറി മേഖലയില്‍ മാത്രം തൊഴിലെടുക്കുന്നത്. പരമ്പരാഗതമായി ചെയ്യുന്നവരാണ് കൂടുതലും. തൊഴിലാളികളുടെ സാമ്പത്തിക അതിജീവനം സാദ്ധ്യമാക്കിയാല്‍ ഒരു പ്രഫഷനായി കണ്ട് അവര്‍ കൈത്തറിയെ സ്നേഹിച്ചു തുടങ്ങുമെന്നും അവരുടെ ജീവിതം മെച്ചപ്പെടുമെന്നും നാഗരാജ് പ്രകാശം പറയുന്നു. ഈ ലക്ഷ്യത്തോടെയാണ് കണ്ണൂരിലെ പരമ്പരാഗത നെയ്ത്ത് ഗ്രാമങ്ങളിലും നാഗരാജ പ്രകാശം എത്തിയത്.

ടെക്നോളജിയെ കൂട്ടിയിണക്കി പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്ക് പുതുജീവന്‍ നല്‍കുകയാണ് ഇദ്ദേഹം. നെയ്ത്ത്ഗ്രാമങ്ങളെയും, ഹാന്‍ഡ്ലൂം രംഗത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്രായോഗികമാക്കിയ ബാംഗ്ലൂരിലെ ഗോക്കോപ്പിനെയും (Gocoop) സഹകരിപ്പിച്ച് നാഗരാജ് പ്രകാശത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വിലയും വിപണിയും ഉറപ്പുവരുത്തുന്നു. കണ്ണൂരിലെ കൈത്തറി വസ്ത്രങ്ങളുടെ വില്‍പനയ്ക്കായി ജില്ലാ അധികൃതര്‍ ഒരുക്കിയ കാന്‍ ലൂം (CannLoom) ഉള്‍പ്പെടെയുളളവ നെയ്ത്തുകാര്‍ക്ക് പുതിയ വിപണി കണ്ടെത്താന്‍ സഹായകമാകുമെന്ന് നാഗരാജ പ്രകാശം അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ വികസനം ഗ്രാമങ്ങളില്‍ നിന്നാണെന്ന് വിശ്വസിക്കുന്ന നാഗരാജ പ്രകാശം പൊതുപരിപാടികളില്‍ ഖാദിവസ്ത്രം ധരിച്ചാണ് എത്തുന്നത്. പ്രകൃതിദത്തമായതിനാല്‍ ഇത് ആരോഗ്യത്തിനും നല്ലതാണെന്ന് അദ്ദേഹം പറയുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ റിയല്‍ ഇന്ത്യന്‍ പ്രോബ്ലത്തെയാണ് സോള്‍വ് ചെയ്യേണ്ടതെന്നാണ് നാഗരാജ് പ്രകാശത്തിന്റെ വാദം. കൈത്തറിയെക്കൂടാതെ കൃഷിയിലും സംരംഭകര്‍ക്കൊപ്പം നാഗരാജ പ്രകാശം ഉണ്ട്. മെന്ററിംഗിനും ഫണ്ടിംഗിനും പുറമേ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച മാര്‍ക്കറ്റ് കണ്ടെത്താനും സഹായിക്കും. മുഴുവന്‍ സമയ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ കൂടിയാണ് ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന
ഇദ്ദേഹം. കേരളം കൃഷിയുടെ സ്വര്‍ണഖനിയാണെന്ന് പറയുന്ന നാഗരാജ പ്രകാശം ടെക്നോളജി ഉപയോഗിച്ച് നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായാല്‍ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറയുമെന്ന അഭിപ്രായവും പങ്കുവെയ്ക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കിയാല്‍ കേരളത്തിലടക്കം കര്‍ഷകര്‍ക്ക് നല്ല ലാഭം നല്‍കാനാകുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇ- കൊമേഴ്സ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായ നാഗരാജ് പ്രകാശം ടെക്നോളജിയുടെ പ്രയോജനം ഹൈടെക് മുറികളില്‍ ഒതുങ്ങേണ്ടതല്ലെന്ന് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തെളിയിക്കുകയാണ്.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
സിനിമയെ വെല്ലും ഈ ജീവിതം
സംഗീതത്തിലെ സംരംഭം: അഗം മ്യൂസിക് ബാന്‍ഡിനെക്കുറിച്ച് ഫൗണ്ടര്‍ ഹരീഷ് ശിവരാമകൃഷ്ണന്‍
സേവ് മോം: ഗ്രാമീണ ഇന്ത്യയുടെ വസന്തം!