ആലപ്പുഴ ജില്ലയിലെ കാക്കത്തുരുത്തിലെ സായാഹ്നം, ലോകത്തെ ഏറ്റവും മികച്ചതാണെന്ന് നാഷണല്‍ ജ്യോഗ്രഫിക് റിപ്പോര്‍ട്ട് ചെയ്തു. അതിനും മുന്‍പേ, അമേരിക്കയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു മലയാളി പെണ്‍കുട്ടി കാക്കത്തുരുത്തിന്റെ പെരുമ ലോകത്തെ അറിയിച്ചിരുന്നു. കായല്‍ ഐലന്റ് റിട്രീട്ട് ഒരു റിസോര്‍ട്ടാണ്. സമ്പൂര്‍ണ നാടന്‍ കാഴ്ചകളാണ് കായല്‍ ഒരുക്കുന്നത്.
ആലപ്പുഴയിലെ എരമല്ലൂരിനടുത്ത് കാക്കത്തുരുത്തില്‍ കായല്‍ എന്ന ഐലന്റ് റിട്രീറ്റ് യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ മനീഷ പണിക്കരെന്ന മലയാളി യുവതിയുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനമുണ്ട്.
അമേരിക്കയില്‍ പഠിച്ച് അവിടെ ജോലി ചെയ്തിരുന്ന മനീഷ ഇരുരാജ്യങ്ങളുടെയും സംസ്കാരത്തെയും ശീലത്തെയും തന്റെ സംരംഭത്തിലൂടെ കൂട്ടിയിണക്കുന്നു. ആതിഥേയത്വം ഒരു സംരംഭകമാണെന്ന് മനസ്സിലാക്കിയ മനീഷ കാക്കത്തുരുത്തില്‍ തന്നെ റിസോര്‍ട്ട് തുടങ്ങിയത് മനോഹരമായ മലയാള ഗ്രാമീണ നൈര്‍മ്മല്യം പകര്‍ന്നു കൊടുക്കാന്‍ കഴിയണം എന്നുള്ളത് കൊണ്ടാണ്.
തുരുത്തില് നിലവിലുണ്ടായ കെട്ടിടത്തെ കായല്‍ റിട്രീറ്റാക്കി മാറ്റാന്‍ ഏറെ അധ്വാനിച്ചെങ്കിലും തനതായ നിര്‍മ്മാണ രീതിയൂടെ നാടിന്റെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നു. അതിഥികള്‍ക്ക് മനസ്സും ശരീരവും ശാന്തമാക്കാനൊരിടം ഒരുക്കിയാണ് മനീഷ പണിക്കര്‍ എന്ന വനിതാസംരംഭക വേറിട്ട് നില്‍ക്കുന്നത്. ലോകത്ത് കണ്ടിരിക്കേണ്ട സൂര്യാസ്തമയം കാക്കത്തുരുത്തിലേതെന്ന് നാഷനല്‍ ജിയോഗ്രഫിക്ക് മാഗസിന് അടയാളപ്പെടുത്തുന്നു. നാടന്‍ ഭക്ഷണവും കായല്‍ മീനും നാട്ടുവഴികളിലൂടെയുള്ള സഞ്ചാരവും ഇവിടെ വരുന്നവര്‍ക്ക് നവ്യാനുഭവമാണ്.