തൊഴില്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനുളള പദ്ധതികള്‍ നോര്‍ക്കയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി പ്രവാസി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരംഭകത്വ പരിശീലനം നല്‍കും. പ്രാദേശിക തലത്തില്‍ നടത്തുന്ന പരിശീലനത്തില്‍ പ്രൊജക്ട് തയ്യാറാക്കാനും സഹായം നല്‍കും.
രണ്ട് വര്‍ഷമെങ്കിലും പ്രവാസജീവിതം പൂര്‍ത്തീകരിച്ച് സ്ഥിരമായി മടങ്ങിയെത്തിയവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.
എല്‍ഇഡി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, പ്ലാന്റ് നഴ്‌സറി, പഴവര്‍ഗ സംസ്‌കരണം, കേറ്ററിംഗ്, സോപ്പ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങി പല മേഖലകളിലാണ് പരിശീലനം. ഹ്രസ്വകാല പരിശീലനമാണ് നല്‍കുന്നത്. സംരംഭകത്വ പരിശീലനത്തിന് പുറമേ പ്രായോഗിക തൊഴില്‍ പരിശീലനവും നല്‍കും. സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്ക് വായ്പയും നോര്‍ക്ക സബ്‌സിഡിയും അനുബന്ധ സേവനങ്ങളും നല്‍കും.
പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 04712329738 എന്ന നമ്പരിലോ www.cmdkerala.net എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടണം.