Startups

ജയകൃഷ്ണന്‍ കണ്ടതും കേട്ടതും റോബോട്ടിനെ മാത്രം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്നോ, റോബോട്ടിക് എഞ്ചിനീയറിംഗ് എന്നോ സമപ്രായക്കാര്‍ കേള്‍ക്കുകപോലും ചെയ്യാതിരുന്ന കാലത്ത് സ്വന്തമായി റോബോട്ട് ഉണ്ടാക്കിയ കഥയാണ് ജയകൃഷ്ണന്റേത്. റോബോട്ടിക്സില്‍ പകരം വെയ്ക്കാനില്ലാത്ത പാഷനുമായി നടന്ന ഒരു ചെറുപ്പക്കാരന്‍. ഇന്റര്‍നെറ്റ് സജീവമാകുന്നതിന് മുമ്പ് തന്നെ റോബോട്ടുകളെ സ്വപ്നം കണ്ട ജയകൃഷ്ണന്‍ ടി നായര്‍, 25 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ തന്റെ സിഗ്‌നേച്ചര്‍ പതിപ്പിച്ചുകഴിഞ്ഞു.

സര്‍വ്വീസ് റോബോട്ടുകളിലാണ് ജയകൃഷ്ണനും അദ്ദേഹത്തിന്റെ അസിമോവ് എന്ന കമ്പനിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ആദ്യപടിയായിരുന്നു എച്ച്ഡിഎഫ്‌സി ബാങ്കിന് അസിമോവ് നിര്‍മിച്ച് നല്‍കിയ ഇറ എന്ന സര്‍വ്വീസ് റോബോട്ട്. ഹ്യൂമന്‍ ഡിറ്റക്ഷന്‍ ഉളള ഇറ ബാങ്കിലെത്തുന്ന കസ്റ്റമറെ ഐഡന്റിഫൈ ചെയ്ത് അവരെ ഗ്രീറ്റ് ചെയ്യും. ഇത് കൂടാതെ അവരുടെ ബേസിക് റിക്വയര്‍മെന്റ്‌സ് മനസിലാക്കി ഗൈഡന്‍സ് നല്‍കും. ബാങ്കിലെ ഏതെങ്കിലും ഓഫീസറുടെ സമീപത്തേക്കോ ഏതെങ്കിലും കൗണ്ടറിലേക്കോ ആണ് പോകേണ്ടതെങ്കില്‍ ഇറ നമ്മളെ അവിടെ കൊണ്ടാക്കും.

എന്‍ജിനീയറിംഗ് പഠനകാലത്ത് പ്രൊജക്ടിന്റെ ഭാഗമായി ജയകൃഷ്ണന്‍ തെരഞ്ഞെടുത്തത് റോബോട്ട് നിര്‍മാണമായിരുന്നു. അവിടെയാണ് റോബോട്ടിക്‌സിലെ പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സ് ജയകൃഷ്ണന്‍ പരിചയിച്ച് തുടങ്ങിയത്. എല്ലാവരെയും പോലെ തന്നെ വീഴ്ചകളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും പാഠം പഠിച്ച ജയകൃഷ്ണന്‍ ഇന്ന് റോബോട്ടുകളുമായി വിദേശ വിപണിയിലടക്കം സജീവമാണ്. 2012 ല്‍ കുക്ക് ചെയ്ത് സര്‍വ്വ് ചെയ്യുന്ന റോബോട്ടുകള്‍ ഉണ്ടാക്കി വിജയിച്ചതോടെയാണ് ഇറയിലേക്ക് ജയകൃഷ്ണനെ നയിച്ചത്.

റിസര്‍ച്ച് ആവശ്യങ്ങള്‍ക്കായി ഇതിനോടകം മുന്നൂറോളം റോബോട്ടിക് ആംസ് ജയകൃഷ്ണനും ടീമും പല രാജ്യങ്ങളിലേക്ക് കൊടുത്തിട്ടുണ്ട്. യുഎസ് ആര്‍മിയും കോസ്റ്റ് ഗാര്‍ഡും കനേഡിയന്‍ സ്‌പേയ്‌സ് ഏജന്‍സിയും ഉള്‍പ്പെടെ ഈ മലയാളി യുവാവിന്റെ റോബോട്ടിക് ആം സ്വന്തമാക്കിയിട്ടുണ്ട്. വീട്ടില്‍ കുഞ്ഞിനെ തൊട്ടിലാട്ടാനും തുണി വാരിയിടാനുമൊക്കെ ചെറിയ റോബോട്ടുകള്‍ ജയകൃഷ്ണന്‍ പലപ്പോഴായി ഉണ്ടാക്കിയിട്ടുണ്ട്. റോബോട്ടുകള്‍ മനുഷ്യന് പകരം വെയ്ക്കുകയല്ല, മറിച്ച് മനുഷ്യനൊപ്പം നിന്ന് കാര്യക്ഷമത കൂട്ടുന്ന കാലമാണ് വരുന്നതെന്ന് അസിമോവിന്റെ സിഇഒ കൂടിയായ ജയകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ന് മുതിര്‍ന്നവരെ സംരക്ഷിക്കാന്‍ വിദേശരാജ്യങ്ങളില്‍ അടക്കം റോബോട്ടുകളുടെ സേവനം ഉപയോഗിക്കുന്നത് സാധാരണമായി വരികയാണ്. മെഡിക്കല്‍ രംഗത്തും സര്‍വ്വീസ് രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കാവുന്ന റോബോട്ടിക് പ്രൊഡക്റ്റുകള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് അസിമോവ്. പ്രായമായി വീട്ടില്‍ വിശ്രമിക്കുന്നവര്‍ക്ക് സമയത്തിന് മെഡിസിന്‍സ് എടുത്തു നല്‍കാനും അവരുടെ ആക്ടിവിറ്റികള്‍ നിരീക്ഷിക്കാനുമുള്ള റോബോട്ടുകള്‍ വിപിണിയിലിറക്കാന്‍ ഇവര്‍ ഒരുങ്ങുകയാണ്. ഓള്‍ഡ് ഏജിലുള്ളവര്‍ക്ക് എന്തെങ്കിലും തരത്തിലുളള അപകടം പറ്റിയാല്‍ അക്കാര്യം അറിയിക്കാനും റോബോട്ടുകള്‍ക്ക് സാധിക്കുമെന്ന് അസിമോവ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആന്റോ ജോണ്‍ വ്യക്തമാക്കുന്നു.

പാഷനെ പ്രൊഫഷനാക്കി മാറ്റിയ കഥയാണ് ഈ റോബോട്ടുകളുടെ വിജയത്തിലൂടെ ജയകൃഷ്ണനും അസിമോവും പങ്കുവെയ്ക്കുന്നത്. വിവിധ മേഖലകളില്‍ റോബോട്ടിക്സിന്റെ ഭാവി സാധ്യതകളും ട്രെന്‍ഡും തിരിച്ചറിഞ്ഞാണ് അസ്മോവ് മുന്നോട്ട് പോകുന്നത്. മാന്‍പവറിനേക്കാള്‍ കൂടുതല്‍ ആക്വറിസിയോടെ കാര്യങ്ങള്‍ നടന്നുകിട്ടുന്നുവെന്നത് മാര്‍ക്കറ്റില്‍ പ്രൊഡക്ടിന്റെ ഡിമാന്‍ഡ് കൂട്ടുന്നു. മനുഷ്യനെപ്പോലെ ചിന്തിക്കുന്ന റോബോട്ടുകളുടെ യുഗം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. അവിടെയാണ് വലിയ സാധ്യതയുമായി ജയകൃഷ്ണനും അസിമോവും അതിര്‍ത്തികള്‍ കടന്നും സജീവമാകുന്നത്.

Tags

Leave a Reply

Back to top button
Close