ജിഎസ്ടി നിലവില്‍ വന്നിട്ടും സാധനങ്ങള്‍ക്ക് എന്തുകൊണ്ട് വില കുറയുന്നില്ലെന്ന സംശയത്തിലാണ് ഉപഭോക്താക്കള്‍. ഉപഭോക്താക്കളുടെ നികുതിഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് രൂപം നല്കിയ ജിഎസ്ടി ഇപ്പോഴത്തെ സ്ഥിതിയില്‍ ബാധ്യതയാണെന്ന പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു. ജിഎസ്ടിക്ക് ശേഷം എന്താണ് വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വിശദീകരിക്കുകയാണ് കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍.
ജിഎസ്ടി ഒരു പൊളിച്ചെഴുത്ത്
വര്‍ഷങ്ങള്‍ പഴക്കമുളള പല നിയമങ്ങളും ഇല്ലാതാക്കി വന്ന ഒരു പുതിയ നിയമമാണ് ജിഎസ്ടി. ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ കൈയ്യിലേക്ക് വരുമ്പോള്‍ വില കുറയുന്ന തരത്തിലാണ് ജിഎസ്ടിക്ക് രൂപം നല്‍കിയിട്ടുളളത്. സ്റ്റാര്‍ട്ടപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നികുതി മേഖലയില്‍ വന്ന ഒരു ഡിസ്റപ്ഷന് എന്ന് ജിഎസ്ടിയെ വിശേഷിപ്പിക്കാം.
വില കുറയ്ക്കേണ്ടത് ആര് ?
എന്തുകൊണ്ട് വില കുറയുന്നില്ലെന്ന ചോദ്യത്തോടൊപ്പം ആരാണ് വില കുറയ്ക്കേണ്ടതെന്ന ചോദ്യവും പ്രസക്തമാണ്. ഉദാഹരണത്തിന് ചില്ലി പൗഡറിന്റെ നികുതി അഞ്ച് ശതമാനമാണ്. എന്നാല്‍ ഇത് പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവര്‍ 18 ശതമാനം ടാക്സ് സ്ലാബിലാണ്. വിതരണക്കാരന് നിങ്ങളുടെ പ്രൊഡക്ടിന് 18 ശതമാനം നികുതി ചുമത്തുന്നുവെന്ന് പറഞ്ഞാല്‍ ആ തുക കൂടി ചേര്‍ത്താണ് ഇപ്പോള്‍ വില നിശ്ചയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിന്റെ പിന്നിലുളള ഇന്‍പുട്ട് ക്രെഡിറ്റുകളോ മറ്റ് കാര്യങ്ങളോ ആരും ശ്രദ്ധിക്കുന്നില്ല.
എംആര്‍പി
നിര്‍മാതാക്കളാണ് എംആര്‍പി നിശ്ചയിക്കുന്നത്. പഴയ എംആര്‍പിയില്‍ നിന്ന് നികുതി കഴിച്ചുളള തുകയാണ് ജിഎസ്ടി നികുതി നിരക്ക് ചേര്‍ത്ത് ഈടാക്കേണ്ടത്. എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ മാര്‍ക്കറ്റില്‍ ഓരോരുത്തര്‍ക്കും തോന്നുന്ന രീതിയിലാണ് വില നിശ്ചയിക്കുന്നത്. നിര്‍മാതാക്കളും വിതരണക്കാരും ജിഎസ്ടിയുടെ വ്യവസ്ഥകള്‍ പാലിച്ച് നികുതിയീടാക്കുന്നത് വരെ ഉപഭോക്താക്കള്‍ കാത്തിരിക്കേണ്ടി വരും.
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിനെ ശരിയായ രീതിയില്‍ മനസിലാക്കുകയും അതനുസരിച്ച് പര്‍ച്ചേസും സെയില്‍സ് ഫംഗ്ഷനും അഡ്ജസ്റ്റ് ചെയ്താല്‍ മാത്രമേ ജിഎസ്ടി നിര്‍ദ്ദേശിക്കുന്ന വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് നല്കാന് കഴിയുകയുളളൂ. കോംപൗണ്ടിംഗ് ഡീലേഴ്സിന്റെ കൈയ്യില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കില്ല. സാധനങ്ങള്‍ നല്കുന്ന സപ്ലൈയേഴ്സ് കൃത്യമായ നിബന്ധനകള്‍ പാലിച്ചെങ്കില്‍ മാത്രമേ പ്രൊഡക്ടിന്റെ വില അന്തിമമായി കുറയ്ക്കാനാകൂ. കസ്റ്റമര്‍ ഒരു വിലയോട് യൂസ്ഡ് ആയിക്കഴിഞ്ഞാല്‍ അത് കുറയ്ക്കാന്‍ മാനുഫാക്ചേഴ്സും സപ്ലൈയേഴ്സും താല്പര്യപ്പെടില്ല. വില കുറയാതിരിക്കാന്‍ ഇതും ഒരു കാരണമാണ്. ദീര്‍ഘകാലത്തേക്ക് ചിന്തിക്കുമ്പോള്‍ ജിഎസ്ടിയിലൂടെ അമിതലാഭം മാറി എല്ലാവര്ക്കും തുല്യലാഭം വരുന്ന ഒരു സ്ഥിതിയെത്തും.