ടെക്നോളജി മേഖലയില്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഇന്ത്യന്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റില്‍ ഈ ഡാറ്റ റവല്യൂഷന് നേതൃത്വം നല്‍കുകയാണ് മലയാളിയും കേന്ദ്ര ടെലികോം ഐടി സെക്രട്ടറിയുമായ അരുണ സുന്ദരരാജന് ഐഎഎസ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ടെക്നോളജിയുടെ സേവനം എത്തിച്ചാല്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ പ്രയോജനം സമൂഹത്തിന് നല്‍കാനാകൂവെന്ന് വിശ്വസിക്കുന്ന അരുണ സുന്ദരരാജന് ടെലികോം ഡിപ്പാര്‍ട്ട്മെന്റ് അതിനുളള പ്രവര്‍ത്തനങ്ങളിലാണെന്നും വ്യക്തമാക്കുന്നു. channeliam.com ന് അനുവദിച്ച എക്സ്ക്ലൂസീവ് അഭിമുഖത്തില്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍, ടെലികോം നയങ്ങളെക്കുറിച്ച് അരുണ സുന്ദരരാജന് വിശദീകരിക്കുന്നു.
ലോകത്ത് മൊത്തം ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ടെലിഡെന്‍സിറ്റി കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 80 ശതമാനം വളര്‍ന്ന ഇന്ത്യയില്‍ 5 ജി യിലേക്കുള്ള അപ്ഗ്രഡേഷന് ഡാറ്റാ ബിസിനസ്സില്‍ കൊണ്ടുവരാന്‍ പോകുന്ന വിപ്ലവം വലുതായിരിക്കും. ഈ നേട്ടം ഗ്രാമ വികസനത്തിനും അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനത്തിനും എങ്ങനെ ഉപയോഗപ്പെടുത്താമെന്നതാണ് ടെലികോം മന്ത്രാലയം ഉറ്റുനോക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റൂറല്‍ ഇന്റര്‍നെറ്റ് പ്രൊജക്ടായ ഭാരത് നെറ്റ് ഉള്‍പ്പെടെയുളള പദ്ധതികള്‍ ഇതിന്റെ ഭാഗമാണ്. ഇന്ത്യയിലെ ആറ് ലക്ഷത്തോളം ഗ്രാമങ്ങളെ ബ്രോഡ്ബാന്‍ഡ് കണക്ഷനുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
പ്രവചനാതീതമായ ഡാറ്റ റെവല്യൂഷന് ആണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ എട്ട് മാസങ്ങളിലെ കണക്കെടുത്താല്‍ മൊബൈല്‍ ഡാറ്റാ യൂസേജില്‍ അമേരിക്കയെയും ചൈനയെയും പിന്തളളി ഇന്ത്യ മുന്നിലെത്തി. നെക്സ്റ്റ് ജനറേഷന് നെറ്റ് വര്‍ക്കുകളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ മാത്രമേ ഇതിന്റെ പ്രയോജനം രാജ്യത്ത് മുഴുവനായി എത്തിക്കാനാകൂ. ഇന്ത്യയിലെ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും ഒപ്റ്റിക് ഫൈബര്‍ എത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ ബ്രോഡ് ബാന്‍ഡ് റെവല്യൂഷന് സാദ്ധ്യമാകൂവെന്ന് അരുണ സുന്ദരരാജന് ചൂണ്ടിക്കാട്ടുന്നു. ഈ ഡിസംബറോടെ ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ എത്തും. ഇതോടെ 200 മില്യന്‍ ജനങ്ങള്‍ കൂടി ബ്രോഡ്ബാന്‍ഡിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി തുടങ്ങും. ടെലി എഡ്യുക്കേഷനും ടെലി ഹെല്ത്തുമുള്പ്പെടെ ടെക്നോളജിയെ കൂട്ടുപിടിച്ചുളള സേവനങ്ങള്‍ ഗ്രാമീണ മേഖലയിലേക്ക് എത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അരുണ സുന്ദരരാജന് പറയുന്നു.
1.3 ബില്യണിലധികം പോപ്പുലേഷനുള്ള ഇന്ത്യപോലൊരു രാജ്യത്ത് എല്ലാം ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ വഴിയാകുന്ന വലിയ വിപ്ളവത്തിനാണ് കേന്ദ്ര ടെലികോം മന്ത്രാലയം തയ്യാറെടുക്കുന്നത്. ഭാരത് നെറ്റിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങള്‍ അടുക്കുകയും, ഫോണ്‍ കോളില്‍ നിന്നും ഡാറ്റ കമ്മ്യൂണിക്കേഷന്റെ അന്തസാധ്യത യാഥാര്‍ത്ഥ്യമാകുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ ടെലികോം സെക്ടര്‍ നേരിട്ടോ അല്ലാതെയോ 40 ലക്ഷത്തോളം തൊഴില്‍ സാധ്യത കൂടിയാണ് സൃഷ്ടിക്കുന്നത്. മേയക്ക് ഇന്‍ ഭാരത് എന്ന ആശയത്തിലൂടെ ഇവിടുത്തെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലും ഇന്റര്‍നെറ്റ് ഓഫ് തിംഗ്സില്‍ ഇന്ത്യയ്ക്ക് വന്‍ സാധ്യതയും ഒരുങ്ങുകയാണ്. 2025-ഓടെ 70 കോടി ഇന്റര്‍നെറ്റ് ഉപഭോക്തക്കളാകും ഇന്ത്യയിലുണ്ടാകുക.
കേരളത്തിന്റെ ഐടി വികസനത്തിന് തുടക്കം കുറിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ഭരണപരമായി നേതൃത്വം നല്കിയ അരുണ സുന്ദരരാജന് ടെലികോം മേഖലയുടെ അമരത്ത് ഇരുന്ന് രാജ്യത്തിന്റെ വളര്‍ച്ചയില്‍ നാഴികക്കല്ലാകുന്ന മാറ്റങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. 1982 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥയാണ് അരുണ. കേരളത്തില്‍ ഐടി ഡിപ്പാര്‍ട്ട്മെന്റിന്റെ ഫൗണ്ടിംഗ് സെക്രട്ടറിയായ അരുണ സുന്ദരരാജന് അക്ഷയ പദ്ധതിയുള്‍പ്പെടെ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിട്ടിട്ടുണ്ട്. യുഎന്‍ മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ ഗ്ലോബല്‍ ഇ സ്കൂള്‍ പദ്ധതിക്ക് രാജ്യത്ത് നേതൃത്വം നല്‍കിയത് അരുണ സുന്ദരരാജന് ആയിരുന്നു. സ്മാര്‍ട്ട് സിറ്റിയുള്‍പ്പെടെ കേരളത്തിന്റെ ഐടി വികസനത്തില്‍ അടയാളപ്പെടുത്തിയ ഒട്ടേറെ പദ്ധതികളില്‍ അരുണ സുന്ദരരാജന് കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
At a time when the country is witnessing fast changes in technology, the Central Telecom IT secretary Aruna Sundararajan IAS is spearheading the data revolution in Telecom department. She talks to channeliam.com about the digital, Telecom policies of the government.