യാത്രയ്ക്കിടെ അത്യാവശ്യമായി ഒരു കോള്‍ വന്നാല്‍, ഒരു മെസേജ് വന്നാല്‍ ഇനി ഫോണ്‍ തപ്പിയെടുക്കാന്‍ മെനക്കെടേണ്ട. ഇട്ടിരിക്കുന്ന സ്മാര്‍ട്ട് ജാക്കറ്റില്‍ ഒന്ന് തലോടിയാല്‍ മതി. മെസേജുകള്‍ റീഡ് ചെയ്യും. വിളിച്ചത് ആരാണെന്ന് അറിയിക്കും. സൈക്കിളിലും ബൈക്കിലും യാത്ര ചെയ്യുമ്പോള്‍ നമുക്ക് എത്തേണ്ട സ്ഥലം ഉള്‍പ്പെടെ കൃത്യമായ നാവിഗേഷന്‍ നല്‍കും. പാട്ടുകേള്‍ക്കാനും മ്യൂസിക് സ്‌കിപ്പ് ചെയ്യാനും പോക്കറ്റില്‍ നിന്ന് ഫോണ്‍ വലിച്ചെടുക്കണ്ട. അതും സ്മാര്‍ട്ട് ജാക്കറ്റ് ചെയ്യും. പ്രമുഖ വസ്ത്ര നിര്‍മാണ ബ്രാന്‍ഡായ ലെവിസുമായി ചേര്‍ന്ന് ഗൂഗിള്‍ പുറത്തിറക്കുന്ന സ്മാര്‍ട്ട് ജാക്കറ്റിന്റെ വിശേഷങ്ങളാണിതൊക്കെ.
ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് പ്രൊജക്ട് ഗ്രൂപ്പ് വികസിപ്പിച്ച ജാക്വാര്‍ഡ് എന്ന കണക്ടിംഗ് അപ്പാരല്‍ ടെക്‌നോളജിയാണ് കമ്മ്യൂട്ടര്‍ ട്രക്കര്‍ ജാക്കറ്റ് എന്ന സ്മാര്‍ട്ട് ജാക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. വോയ്‌സ് കോളും മെസേജും വരുമ്പോള്‍ ജാക്കറ്റിലെ സ്‌നാപ് ടാഗില്‍ ഘടിപ്പിച്ചിട്ടുളള എല്‍ഇഡി പ്രകാശിക്കുകയും നേരിയ വൈബ്രേഷന്‍ അനുഭവപ്പെടുകയും ചെയ്യും. ഫോണിലെ ആപ്പ് വഴി വിവരങ്ങള്‍ ജാക്കറ്റിന്റെ കൈയ്യില്‍, കൈത്തണ്ടയോട് ചേര്‍ന്ന ഭാഗത്ത് ഘടിപ്പിച്ചിട്ടുളള സെന്‍സറുകളിലേക്ക് എത്തും. നമ്മുടെ ഇഷ്ടമനുസരിച്ച് റീ കോണ്‍ഫിഗര്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് 6.0.1 വേര്‍ഷനില്‍ മാത്രമാണ് ജാക്വാര്‍ഡ് ടെക്‌നോളജി സപ്പോര്‍ട്ട് ചെയ്യുക. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ഐഫോണ്‍ 6 മുതലുളള ഫോണുകളില്‍ പ്രവര്‍ത്തിക്കും. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഫീച്ചേഴ്‌സ് വ്യത്യാസപ്പെട്ടിരിക്കും.
മറ്റേതൊരു ഡെനിം ജാക്കറ്റിനെയും പോലെ അനായാസം ഉപയോഗിക്കാവുന്നതാണ് സ്മാര്‍ട്ട് ജാക്കറ്റെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. സ്‌നാപ് ടാഗ് ഊരി മാറ്റിയ ശേഷം ജാക്കറ്റ് വാഷ് ചെയ്യാം. ധരിക്കുന്ന വസ്ത്രത്തിലേക്ക് ഡിജിറ്റല്‍ കണക്ടിവിറ്റി ഏര്‍പ്പെടുത്താവുന്ന സംവിധാനമാണ് ഇതിലൂടെ സാദ്ധ്യമായിരിക്കുന്നത്. 350 ഡോളര്‍ ആണ് ജാക്കറ്റിന്റെ വില. തുടക്കത്തില്‍ ലോസ് ആഞ്ചലസിലെയും ബോസ്റ്റണിലെയുമൊക്കെ സെലക്ടഡ് ബുത്തീക് വഴിയാകും വില്‍പന. ഒക്ടോബര്‍ രണ്ട് മുതല്‍ www.levi.com എന്ന വെബ്‌സൈറ്റിലും ലെവിസിന്റെ മറ്റ് സ്‌റ്റോറുകളിലും ജാക്കറ്റ് ലഭിക്കും.