ഒരു എന്‍ട്രപ്രണര്‍ എങ്ങനെയാകണമെന്ന് തൈറോകെയര്‍ ഫൗണ്ടര്‍ ഡോ. ആരോക്യസ്വാമി വേലുമണി വിശദീകരിക്കുന്നു. തമിഴ്നാട്ടിലെ ഗ്രാമത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ ലാബ് നെറ്റ്വര്‍ക്ക് കെട്ടിപ്പടുത്ത ഡോ. എ വേലുമണി, സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് ഈ മന്ത്രം മുന്നോട്ടുവെയ്ക്കുന്നത്. കോയമ്പത്തൂരും മുംബൈയും കുംഭകോണവും കണക്ട് ചെയ്യുന്ന തന്റെ എന്‍ട്രപ്രണര്‍ ജേര്‍ണിയുമായി കൂട്ടിയിണക്കിയാണ് ഡോ. എ വേലുമണി എങ്ങനെയാണ് ഒരു എന്‍ട്രപ്രണര്‍ സ്വയം രൂപപ്പെടേണ്ടതെന്ന് വ്യക്തമാക്കിയത്. ഇഎംഐ ജീവിതത്തിലെ ഏറ്റവും വലിയ സ്ട്രെസ് ആണെന്ന് അഭിപ്രായപ്പെടുന്ന വേലുമണി, ലോണുകള്‍ ബാധ്യതകളും ടെന്‍ഷനും കൂട്ടുമെന്നും വിശ്വസിക്കുന്നു. റിസ്ക് എടുക്കാന്‍ തയ്യാറുകുന്നതിനൊപ്പം എന്‍ട്രപ്രണര്‍
ബന്ധുക്കളെയും അയല്‍വാസികളെയും തിരിച്ചറിയണം. ശത്രുവാരെന്നും മിത്രമേതെന്നും മനസിലാക്കാന്‍ കഴിയണമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഗ്രാമങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ ലോകത്തെ ടോപ് യൂണിവേഴ്സിറ്റികളില്‍ നിന്നുപോലും ലഭിക്കാത്തതാണെന്ന് വേലുമണി പറയുന്നു. വില്ലേജ് ലേണിംഗ്സില്‍ തിയറി ഇല്ല, 100 ശതമാനം പ്രാക്ടിക്കല്‍ ആണ്. അതുകൊണ്ടു തന്നെ അത് ഒരു എന്‍ട്രപ്രണര്‍ക്ക് ഏറ്റവും പവര്‍ഫുള്‍ ലേണിംഗായി മാറുന്നു. പണമില്ലാത്തതാണ് ഏറ്റവും വലിയ ലക്ഷ്വറി. കാരണം സമ്പാദിക്കുന്നത് വരെ നമ്മള് കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കും. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുളള കരുത്ത് ഉണ്ടായിരിക്കണം. ഒന്നുമില്ലാതെ മുംബൈയിലെത്തിയ താന്‍ ഇന്ന് എല്ലാം ഉണ്ടാക്കിയത് ആ സ്റ്റാമിനയിലൂടെയും ഫിയര്ലെസ്സായി കാര്യങ്ങളെ നേരിട്ടതുകൊണ്ടുമാണെന്ന് വേലുമണി ചൂണ്ടിക്കാട്ടി. സ്റ്റാമിന ഉണ്ടെങ്കില്‍ അസാധ്യമായതൊന്നുമില്ല.
വിഷയങ്ങളില്‍ കൂടുതല്‍ അറിവ് നേടണം. മാത്രമല്ല മിതവിനിയോഗവും ചെലവ് ചുരുക്കലും ശീലമാക്കണം. ബിസിനസ് തുടങ്ങിയാല്‍ ഉടനെ പലരും ചെയ്യുന്നത് വീടും ഫ്ളാറ്റും വാങ്ങുകയാണ്. എന്നാല്‍ ബിസിനസ് ഉറപ്പിക്കാതെ വീട് വാങ്ങാന്‍ പോയാല്‍ അത് കൂടുതല്‍ ബാധ്യത വരുത്തിവെയ്ക്കുമെന്നാണ് വേലുമണി പറയുന്നത്. ഭയമില്ലാതെ, അസ്വസ്ഥതപ്പെടാതെ എന്തും നേരിടാന്‍ തയ്യാറുളളവരാകണം എന്ട്രപ്രണേഴ്സെന്നും ഡോ. എ വേലുമണി ചൂണ്ടിക്കാട്ടുന്നു.