സാധാരണക്കാരായ വനിതകളെ കൂട്ടുപിടിച്ചുളള മുന്നേറ്റം. 1500 ഓളം വനിതകള്‍ക്ക് ഉപജീവനത്തിന് വഴിതെളിച്ചുകൊണ്ടാണ് അങ്കമാലിയിലെ മഹിളാ അപ്പാരല്‍സ് കേരളത്തിലെ വുമണ്‍ എംപവര്‍മെന്റിന്റെ റിയല്‍ മോഡലായി മാറുന്നത്. 1997 ല്‍ തുറവൂരില്‍ ചെറിയ രീതിയില്‍ തുടങ്ങിയ അപ്പാരല്‍ യൂണിറ്റ് ഇന്ന് എക്സ്പോര്‍ട്ടിംഗ് ഉള്‍പ്പെടെ വലിയ സാദ്ധ്യതകളിലേക്ക് എത്തിനില്ക്കുമ്പോള് അതിന് പിന്നില്‍ മഹിളാ അപ്പാരല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ഗ്രേസി തോമസ് എന്ന വുമണ്‍ എന്‍ട്രപ്രണറുടെ കഠിനാധ്വാനത്തിന്റെ കഥ കൂടിയുണ്ട്.
കുടുംബശ്രീ വനിതകളെക്കൂടി പങ്കെടുപ്പിച്ച് നടത്തുന്ന ഈ മുന്നേറ്റത്തില്‍ കേരളത്തിലെ നമ്പര്‍ വണ്‍ ഗാര്‍മെന്റ് അപ്പാരല്‍സ് എന്ന ബഹുമതി ഉള്‍പ്പെടെ മഹിളാ അപ്പാരല്‍സിനെ തേടിയെത്തി. കെഎസ്ഐഡിസിയുടെ അങ്കമാലി വുമണ്‍ അപ്പാരല്‍ പാര്‍ക്കിലെ എക്സ്പോര്‍ട്ടിംഗ് ഡിവിഷനും സിഡ്കോ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഡിവിഷനും കൂടാതെ എഴുപത്തി മൂന്നോളം ചെറുഗാര്മെന്റ് യൂണിറ്റുകളിലൂടെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നിരവധി വനിതകള്‍ക്ക് മഹിളാ അപ്പാരല്‍സ് നല്ല വരുമാനം ഉറപ്പാക്കുന്നു.
ഗാര്‍മെന്റ് കമ്പനിയെന്ന ലേബലില്‍ സാധാരണ വസ്ത്ര വിപണിയില്‍ മാത്രം ഒതുങ്ങാതെ സര്‍ജിക്കല്‍ ഗൗണ്‍ നിര്‍മാണത്തിലൂടെ പുതിയ ബിസിനസ് ഏരിയ കണ്ടെത്താന്‍ കഴിഞ്ഞതാണ് എക്സ്പോര്‍ട്ടിംഗ് ഉള്‍പ്പെടെയുളള നേട്ടങ്ങളിലേക്ക് മഹിളാ അപ്പാരല്‍സിനെ എത്തിച്ചത്. സൂക്ഷ്മതയോടെ ചെയ്യേണ്ട സര്‍ജിക്കല്‍ ഗൗണ്‍ മാനുഫാക്ചറിംഗില്‍ ഇന്ന് കേരളത്തിലെ വിശ്വസ്ത സ്ഥാപനങ്ങളിലൊന്നായി മഹിളാ അപ്പാരല്‍സ് മാറി. ഹോസ്പിറ്റല്‍ സെക്ടറിലെ ഡിമാന്റ് തിരിച്ചറിഞ്ഞാണ് ഈ മേഖലയിലേക്ക് ഗ്രേസി തോമസ് ശ്രദ്ധ പതിപ്പിച്ചത്. സ്റ്റിച്ചിംഗിലെ ചെറിയ കൈപ്പിഴപോലും ഒരു ജീവന് നഷ്ടപ്പെടുത്തുമെന്നതിനാല്‍ അങ്ങേയറ്റം ശ്രദ്ധ വേണ്ട മേഖലയാണിതെന്ന് ഗ്രേസി തോമസ് പറയുന്നു.
കേരളത്തില്‍ അധികമാരും ചെയ്യാത്ത മേഖലയാണ് സര്‍ജിക്കല്‍ ഗൗണ്‍ മാനുഫാക്ചറിംഗ്. ഇംപോര്‍ട്ട് ചെയ്ത മെറ്റീരിയല്‍ ആണ് ഗൗണ്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. മറ്റ് വസ്ത്രങ്ങളുടെ നിര്‍മാണത്തിലും സജീവമാണെങ്കിലും സര്‍ജിക്കല്‍ ഗൗണുകള്‍ക്ക് ഡിമാന്റ് കൂടുതലാണെന്ന് ഗ്രേസി തോമസ് പറയുന്നു. ഒമാന്‍ ഉള്‍പ്പെടെയുളള രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ പ്രൊഡക്ടുകള്‍
എക്സ്പോര്‍ട്ട് ചെയ്യുന്നത്.
കഠിനാധ്വാനവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ മാത്രമേ സ്ത്രീയെന്ന നിലയില്‍ ഒരു സംരംഭം വിജയത്തിലെത്തിക്കാന്‍ കഴിയൂവെന്ന് ഗ്രേസി തോമസ് പറയുമ്പോള്‍ അത് അനുഭവങ്ങളില്‍ നിന്നുളള സക്സസ് കീവേഡുകളായി മാറുകയാണ്. സ്ത്രീകളുടെ മുന്നേറ്റം ഏറെ ചര്‍ച്ച ചെയ്യുന്ന നമ്മുടെ സമൂഹത്തില്‍ വുമണ്‍ എംപവര്‍മെന്റിന്റെ അന്തസത്തയും ആശയവും പ്രാവര്‍ത്തികമാക്കുകയാണ് മഹിളാ അപ്പാരല്‍സ്.