സംരംഭങ്ങളുടെ തുടക്കം ഫൗണ്ടേഴ്സിന് നെഞ്ചിടിപ്പിന്റെ കാലം കൂടിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏത് സമയവും കടന്നുവരാവുന്ന കാലം. പ്രതീക്ഷിക്കുന്ന ഫണ്ട് പിരിഞ്ഞുകിട്ടാതെ വരുമ്പോള്‍ അടിതെറ്റുന്നവരില്‍ കൂടുതലും ഏര്‍ളി സ്റ്റേജ് സംരംഭകരാണ്. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വുമണ്‍ ഓണ്‍ഡ് ബയോടെക് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടര്‍ ആര്‍ദ്ര ചന്ദ്രമൗലിയും കടന്നുവന്നത് അത്തരം ഒരുപാട് ്നുഭവങ്ങളിലൂടെയാണ്.
ക്ലയന്റില്‍ നിന്നുളള പേമെന്റ് വൈകിയതുകൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം വൈകിപ്പോയ ഒരു മാസം. ഒടുവില്‍ സ്ഥിതി തുറന്നുപറഞ്ഞപ്പോള്‍ ഒപ്പം നിന്ന ജീവനക്കാര്‍. ഇത് ആര്‍ദ്രയുടെ മാത്രം അനുഭവമല്ല, കഷ്ടപ്പെട്ട് സംരംഭങ്ങള്‍ കെട്ടിപ്പടുത്ത മിക്ക സംരംഭകര്‍ക്കും ഉണ്ടാകും ഇതുപോലെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍. നേരം പുലരുമ്പോള്‍ എങ്ങനെ ശമ്പളം നല്‍കുമെന്ന ചിന്തയില്‍ രാത്രി ഉറക്കം പോലും നഷ്ടപ്പെട്ടതിനൊടുവിലാണ് സഹപ്രവര്‍ത്തകരോട് ആര്‍ദ്ര അവസ്ഥ തുറന്നുപറയുന്നത്. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് അതിനോടകം മനസിലാക്കിക്കഴിഞ്ഞ അവര്‍ പൂര്‍ണമനസോടെ ഒപ്പം നില്‍ക്കുകയായിരുന്നുവെന്ന് ആര്‍ദ്ര പറയുന്നു.
ചെറിയ ടീമാണെങ്കിലും കൃത്യസമയത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുകയെന്നത് ഒരു എന്‍ട്രപ്രണറുടെ വലിയ ഉത്തരവാദിത്വമാണ്. അതില്‍ വീഴ്ച വന്നാല്‍ അത് ഔട്ട്പുട്ടിനെ ബാധിക്കും. പല സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയിലേക്ക് വഴുതി വീണതിന്റെ തുടക്കം അവിടെ നിന്നാണ്.