ഇന്ത്യയിലെ ആദ്യ ബ്ലഡ്ബാഗ് നിര്‍മ്മാണ കമ്പനിയായ തെരുമോപെന്‍പോളിന്റെ ഫൗണ്ടര്‍ സി. ബാലഗോപാലിന് പറയാനുളളതെല്ലാം അനുഭവങ്ങളാണ്. തുടക്കത്തിലെ പത്ത് വര്‍ഷങ്ങള്‍ ഐഎഎസ് ജോലി രാജിവെച്ച് ബിസിനസിലേക്ക് ഇറങ്ങാനുളള തീരുമാനം തെറ്റായിപ്പോയോ എന്ന് ചിന്തിപ്പിക്കുന്ന അനുഭവങ്ങളാണ് കൂടുതലും നേരിട്ടതെന്ന് ബാലഗോപാല്‍ പറയുന്നു. സി. ബാലഗോപാല്‍ സംരംഭം തുടങ്ങുമ്പോള്‍ ടെക്നോളജിക്കല്‍ എക്സ്പേര്‍ടൈസോ, ബിസിനസ് ചെയ്ത പരിചയമോ പണമോ കയ്യില്‍ ഉണ്ടായിരുന്നില്ല. സ്ഥാപനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ ഒരു ശനിയാഴ്ച വൈകിട്ട് തന്റെ കൈയ്യിലെത്തിയ രജിസ്‌റ്റേര്‍ഡ് നോട്ടീസില്‍ തിങ്കളാഴ്ച റവന്യൂ റിക്കവറിക്കുളള അറിയിപ്പായിരുന്നു. മുന്നില്‍ ഒരു ഞായര്‍ മാത്രം. ഏതൊരു സംരംഭകനും തകര്‍ന്നുപോകുന്ന നിമിഷം. പക്ഷെ സി. ബാലഗോപാല്‍ തോല്‍ക്കാന്‍ തയ്യാറായില്ല.
വി. വിശ്വനാഥമേനോന്‍ ധനമന്ത്രിയായിരുന്ന കാലമായിരുന്നു. യാതൊരു പരിചയവും ഇല്ലാതിരുന്നിട്ടും ഞായറാഴ്ച നേരിട്ട് പോയി അദ്ദേഹത്തെ കണ്ടു. വായ്പകള്‍ തിരിച്ചടയ്ക്കുമെന്നും സമയം വേണമെന്നും പറഞ്ഞു. ആ ഇടപെടലിന്റെ ഫലമായി ബാങ്കുകള്‍ നിലപാട് മയപ്പെടുത്തി. ഒരു സംരംഭം അടച്ചുപൂട്ടേണ്ടി വന്നാല്‍ അതിന്റെ ഉത്തരവാദിത്വം സംരംഭകന് മാത്രമായിരിക്കുമെന്നാണ് സി ബാലഗോപാലിന്റെ വിശ്വാസം. റവന്യൂ റിക്കവറി നോട്ടീസോ സാമ്പത്തിക ബുദ്ധിമുട്ടുകളോ അതിലേക്ക് വഴിവെയ്ക്കില്ല. ഈ കാഴ്ചപ്പാടാണ് നിര്‍ണായക ഘട്ടത്തില്‍ ബാലഗോപാലിനെ തുണച്ചതും. ജോലി ഉപേക്ഷിച്ച് തുടങ്ങിയ സംരംഭം ഭാര്യയെയും കുഞ്ഞുങ്ങളെയും ബുദ്ധിമുട്ടിലാക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.
ഒഡി ഇല്ല, ക്രെഡിറ്റ് കിട്ടില്ല, സാലറിക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ സ്ഥിതി അങ്ങനെ പിന്നീടും ഒരുപാട് കയ്‌പേറിയ അനുഭവങ്ങള്‍ അതിജീവിക്കേണ്ടി വന്നു ഈ എന്‍ട്രപ്രണര്‍ക്ക്. മറിച്ച് എല്ലാവരെയും ഉറക്കം കെടുത്തുന്ന പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, നാളെ തികച്ചും പുതിയ ദിനമാണെന്ന ശുഭാപ്തി വിശ്വാസത്തില്‍ ഉറങ്ങാന്‍ കഴിഞ്ഞത് വലിയ വിജയമാണ്. ചെയ്യാവുന്നത് പരമാവധി ചെയ്യുക. കാര്യം നടന്നില്ലെങ്കില്‍ മനസ് ശാന്തമാക്കി (ബുദ്ധിമുട്ടാണെങ്കിലും) ഉറങ്ങുക. രാവിലെ എഴുന്നേല്‍ക്കുക, അതേകാര്യത്തിനായി വീണ്ടും ശ്രമിക്കുക. മുപ്പത് വര്‍ഷത്തെ തന്റെ സംരംഭക ജീവിതത്തിന് ശേഷം സി.ബാലഗോപാല്‍ ഇതുപറയുമ്പോള്‍ എളുപ്പമല്ലെന്ന് തോന്നിയേക്കാം. പക്ഷെ തന്റെ വിജയ ഘടകങ്ങളിലൊന്ന് അതാണെന്ന് ബാലഗോപാല്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതിസന്ധികള്‍ മറികടന്ന് 2011-12 ല്‍ തെരുമോ എന്ന ജപ്പാന്‍ കമ്പനി പെന്‍പോള്‍ ഏറ്റെടുത്ത് തെരുമോപന്‍പോളായി മാറി. തന്റെ ഷെയറുകള്‍ കമ്പനിക്ക് കൈമാറിയെങ്കിലും സി.ബാലഗോപാല്‍ എന്ന ഫൗണ്ടര്‍ ഇന്നും ഒരു റോള്‍ മോഡലാണ്. സംരംഭത്തിന്റെ അതിജീവനത്തിനായി ആയുസും അധ്വാനവും പകുത്തു നല്‍കിയ ഫൗണ്ടര്‍. സി.ബാലഗോപാല്‍ ഏറ്റെടുത്ത ചലഞ്ചും അത് വിജയിപ്പിച്ചതുമെല്ലാം ഏതൊരാള്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യാന്‍ പറ്റുന്നതാണ്. ആ അനുഭവപാഠങ്ങള്‍ മെന്ററായും ഇന്‍വെസ്റ്ററായുമൊക്കെ സി.ബാലഗോപാല്‍ ഇന്ന് നവ സംരംഭകര്‍ക്ക് പകര്‍ന്നു നല്‍കുന്നുണ്ട്.