സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുളള ടെക്നോളജി കൈമാറാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ. ഇലക്ട്രിക്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിലും മൊബൈല്‍, ലാപ്ടോപ്പ്, ക്യാമറ തുടങ്ങി പോര്‍ട്ടബിള്‍ കണ്‍സ്യൂമര്‍ ഗാഡ്ജെറ്റുകളിലും എയ്റോസ്പെയ്സിലും വരെ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്റ് മുന്നില്‍ കണ്ടാണ് നീക്കം. 2022 ഓടെ ഇന്ത്യയിലെ ലിഥിയം അയണ്‍ ബാറ്ററി മാര്‍ക്കറ്റ് 6000 കോടി രൂപയിലെത്തുമെന്നാണ് വിലയിരുത്തല്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ മേഖലയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്കും മുന്പില് വലിയ സാധ്യതയാണ് ഐഎസ്ആര്‍ഒ തുറന്നിടുന്നത്.
നിലവില്‍ ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ പ്രൊഡക്ഷന്‍ ഇല്ല. സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുളള ടെക്നോളജി ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. ഈ ടെക്നോളജി ഉപയോഗിച്ച് കൊമേഴ്സ്യല്‍ പ്രൊഡക്ഷന്‍ വിവിധ കമ്പനികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഐഎസ്ആര്‍ഒയും ടെക്നോളജി ട്രാന്‍സ്ഫറിന് തയ്യാറാകുന്നത്. നോണ്‍ എക്സ്ക്ലൂസീവ് ബെയ്സില്‍ വിക്രം സാരാഭായ് സ്പെയ്സ് സെന്ററാണ് ടെക്നോളജി കൈമാറുക.
2020 മുതല്‍ ഓരോ വര്‍ഷവും 6 മുതല്‍ 7 മില്യന്‍ വരെ ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയാണ് നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന് പ്ലാനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുള്‍പ്പെടെയുളള പദ്ധതികള്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ ഡിമാന്റ് വര്‍ദ്ധിപ്പിക്കും. ഇന്ത്യയില്‍ ഹൈ എഫിഷ്യന്‍സി ബാറ്ററികള്‍ നിര്‍മിച്ചു തുടങ്ങുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും കുറവുണ്ടാകും. ക്വാളിറ്റി ബാറ്ററി ഇറക്കുമതി ചെയ്യേണ്ടി വരുന്നതുകൊണ്ടാണ് നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില ഉയരാന്‍ കാരണം. ചൈന, ജപ്പാന്, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളെയാണ് നിലവില്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ക്കായി ഇന്ത്യ ആശ്രയിക്കുന്നത്.
പ്രീ ആപ്ലിക്കേഷന്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ നടത്തിയ ശേഷം അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഐഎസ്ആര്‍ഒ ടെക്നോളജി കൈമാറുക. www.vssc.gov.in വെബ്സൈറ്റിലൂടെ റിക്വസ്റ്റ് ഫോര്‍ ക്വാളിഫിക്കേഷന്‍ സമര്‍പ്പിക്കാം. ജൂലൈ 13 നാണ് പ്രീ ആപ്ലിക്കേഷന്‍ കോണ്‍ഫറന്‍സ്. അര്‍ഹരാകുന്നവര്‍ ടെക്നോളജി ട്രാന്‍സ്ഫര്‍ ഫീ ഉള്‍പ്പെടെ നല്‍കണം. ആപ്ലിക്കേഷനൊപ്പം സെക്യൂരിറ്റി ഡിപ്പോസിറ്റായി 4 ലക്ഷം രൂപയുടെ ഡിഡിയോ ബാങ്ക് ഗ്യാരണ്ടിയോ നല്‍കണം. തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ ലഭിക്കും.