വ്യവസായങ്ങളുടെ അനുമതിക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന പഴയകാലം കേരളം തിരുത്തിയെന്ന് ഇനി ആത്മവിശ്വാസത്തോടെ പറയാം. ജപ്പാന്‍ ഓട്ടോമോട്ടീവ് കമ്പനിയായ നിസാന്‍ മോട്ടോര്‍സിന്റെ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുകയാണ്. നിസാന്റെ ഇന്ത്യയിലെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബാണ് തിരുവനന്തപുരത്തേത്. നിസാന്റെ ഗ്ലോബല്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്റെ നിര്‍ണായക കേന്ദ്രമായിരിക്കും ഇത്.
പ്രൊജക്ടുമായി ബന്ധപ്പെട്ട് ആദ്യ കത്ത് അയച്ച് അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ ഭൂമി കൈമാറ്റത്തിന്റെ ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന് വലിയ നേട്ടമാവുകയാണ്. കേരളത്തെ ഗ്ലോബല്‍ ബിസിനസിന്റെ കേന്ദ്രമാക്കി മാറ്റാന്‍ നിസാന്റെ വരവോടെ കഴിയും. 70 ഏക്കറില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഡിജിറ്റല്‍ ഹബ്ബില്‍ ആദ്യഘട്ടമായി 30 ഏക്കര്‍ ഭൂമി കൈമാറാനുളള ധാരണാപത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചത്. നിലവില്‍ തമിഴ്‌നാട്ടില്‍ നിസാന് മാനുഫാക്ചറിംഗ് പ്ലാന്റ് ഉണ്ട്. ചെന്നൈയില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
നിസാന്‍ ഡിജിറ്റല്‍ ഹബ് വളരുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യണമെന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ഹബ്ബിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ് ചടങ്ങില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഐടി ഇക്കോസിസ്റ്റത്തില്‍ വലിയ കുതിപ്പാണ് നിസാന്റ് ഡിജിറ്റല്‍ ഹബ്ബ്. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് ത്രീ ക്യാമ്പസിലെ യമുന ബില്‍ഡിംഗില്‍ 25,000 സ്‌ക്വയര്‍ ഫീറ്റിലാണ് ഡിജിറ്റല്‍ ഹബ്ബ് പ്രവര്‍ത്തനം തുടങ്ങുക. ഈ വര്‍ഷം അവസാനത്തോടെ 500 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന തരത്തിലാണ് പ്ലാനിംഗ്. പൂര്‍ണതോതില്‍ എത്തുന്നതോടെ മൂവായിരം പേര്‍ക്ക് വരെ നേരിട്ട് ജോലി ലഭിക്കും.
റിനോള്‍ട്ട് തുടങ്ങിയ മുന്‍നിര വാഹന കമ്പനികളുമായി നിസാന് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പുണ്ട്. ഇതുമായി ബന്ധപ്പെട്ട റിസര്‍ച്ചിനും ഡെവലപ്പ്‌മെന്റിനും കൂടി ഡിജിറ്റല്‍ ഹബ്ബ് വേദിയാകും. നിസാന്റെ സര്‍വ്വീസുകളെ ആശ്രയിക്കുന്ന മറ്റ് കമ്പനികളെയും തിരുവനന്തപുരത്ത് ഫെസിലിറ്റികള്‍ ഓപ്പണ്‍ ചെയ്യാന്‍ ഇത് പ്രേരിപ്പിക്കും. ടാലന്റ് അവെയ്‌ലബിലിറ്റിയും ലൈഫ് ക്വാളിറ്റിയുമാണ് തിരുവനന്തപുരം തിരഞ്ഞെടുക്കാന്‍ കാരണമന്ന് നിസാന്‍ വ്യക്തമാക്കി.
നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റണി തോമസ്, ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഐഎഎസ്, ടെക്നോപാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ.എം എബ്രഹാം തുടങ്ങിയവരാണ് പദ്ധതിക്ക് മുന്‍കൈയ്യെടുത്തത്.