വാള്‍മാര്‍ട്ട്-ഫ്ളിപ്പ്കാര്‍ട്ട് ഡീലിന് ശേഷം ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകം മറ്റൊരു ബിഗ് ഡീലിന് കൂടി സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുളള മോര് റീട്ടെയ്ല്‍ ശൃംഖലയാണ് വില്പനയ്ക്ക് സജ്ജമായിരിക്കുന്നത്. പ്രൈവറ്റ് ഇക്വിറ്റി ഫേമായ Samara ക്യാപ്പിറ്റലും ആമസോണും ചേര്‍ന്നാണ് മോറിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. 4200 കോടി രൂപയുടെ ഡീലിനാണ് ധാരണയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്പനികള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കടബാധ്യതയുളള ആദിത്യ ബിര്‍ള ഗ്രൂപ്പ് മോറിനെ വില്ക്കാന് ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫ്ളിപ്പ്കാര്‍ട്ടിനെ സ്വന്തമാക്കാന്‍ ആമസോണ്‍ രംഗത്തുണ്ടായിരുന്നെങ്കിലും വാള്മാര്ട്ടിനായിരുന്നു നറുക്കു വീണത്. മോറിനെ സ്വന്തമാക്കി ഈ ക്ഷീണം മറികടക്കാമെന്നാണ് ആമസോണിന്റെ കണക്കുകൂട്ടല്‍. ഇന്ത്യന്‍ ഗ്രോസറി മാര്‍ക്കറ്റിനെ ഓണ്‍ലൈനിലൂടെ ടാപ്പ് ചെയ്യാനുളള വിപുലമായ സാധ്യതകളും ആമസോണ്‍ മുന്നില്‍കാണുന്നുണ്ട്. ആമസോണിന്റെ ഓമ്നി ചാനല്‍ സ്ട്രാറ്റജിയില്‍ മോറിന്റെ സാന്നിധ്യം നിര്‍ണായകമാകും.
ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ മോറിന് കീഴില്‍ 523 സൂപ്പര്‍മാര്‍ക്കറ്റുകളും 20 ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉണ്ട്. 2007 ല്‍ Trinethra Super Retail നെ ഏറ്റെടുത്താണ് ആദിത്യ ബിര്‍ള റീട്ടെയ്ല്‍ ലിമിറ്റഡ് മോര് ആരംഭിച്ചത്. 2015 ല്‍ ടോട്ടല്‍ സൂപ്പര്‍ സ്റ്റോറിനെയും ഏറ്റെടുത്തു. 2018 ഫിനാന്‍ഷ്യല്‍ ഇയറില്‍ 4,400 കോടി രൂപയായിരുന്നു ആദിത്യ ബിര്‍ള റീട്ടെയ്ല്‍ ലിമിറ്റഡിന്റെ റവന്യൂ.
ഓരോ വര്‍ഷവും 100 മുതല്‍ 150 സ്റ്റോറുകള്‍ വരെ പുതുതായി തുടങ്ങാനാണ് ആമസോണിന്റെയും സമാറയുടെയും പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.