പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാമില്‍ (PMEGP) വായ്പയെടുത്ത സംരംഭകര്‍ക്ക് ഒരു കോടി രൂപ വരെ തുടര്‍വായ്പ ലഭിക്കും. മാനുഫാക്ചറിംഗ് സെക്ടറിലാണ് ഒരു കോടി രൂപ വരെ ലഭിക്കുക. സര്‍വ്വീസ് സെക്ടറില്‍ 25 ലക്ഷം രൂപ വരെ വീണ്ടും എടുക്കാം. PMEGP യുടെ വന്‍ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ തുക വായ്പ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ ആനുകൂല്യം പ്രയോജനത്തില്‍ വരുത്തും.
മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി 15 ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴിലവസരം ഒരുക്കാന്‍ PMEGP വഴിയൊരുക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിലവിലെ സംരംഭങ്ങള്‍ വിപുലപ്പെടുത്താനോ നവീകരിക്കാനോ വൈവിധ്യവല്‍ക്കരിക്കാനോ രണ്ടാമത്തെ വായ്പ ഉപയോഗിക്കാം. 15 ശതമാനം സബ്സിഡിയോടുകൂടിയാണ് തുക അനുവദിക്കുക. ഒരു സ്ഥാപനത്തിന് ലഭിക്കുന്ന സബ്സിഡി തുക പരമാവധി 15 ലക്ഷം രൂപയാണ്.
മാനുഫാക്ചറിംഗ് സെക്ടറില്‍ 25 ലക്ഷം രൂപ വരെയും സര്‍വ്വീസ് സെക്ടറില്‍ 10 ലക്ഷം രൂപ വരെയുമാണ് PMEGP പദ്ധതിപ്രകാരം വായ്പ അനുവദിക്കുന്നത്. പ്രൊജക്ട് കോസ്റ്റ് കണക്കാക്കി 35 % സബ്സിഡിയോടെയാണ് സംരംഭകര്‍ക്ക് വായ്പ ലഭിക്കുക. അതുകൊണ്ടു തന്നെ നിരവധി സംരംഭകര്‍ ഇതിനോടകം PMEGP പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനാണ് ദേശീയതലത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സി. സംസ്ഥാനതലത്തില്‍ ഇത് കൂടാതെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡുകളും ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രി സെന്ററുകളും ചുമതലക്കാരാണ്.