രാജ്യത്തെ ചെറുകിട സംരംഭകര്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്നത്. ചെറുകിട സംരംഭത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പയും സൗജന്യ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യത്ത 7 കോടി ചെറുകിടസംരംഭകരില് വളരെ കുറച്ചുപേര്‍ക്ക് (4%) മാത്രമാണ് നിലവില്‍ പൊതുമേഖല ബാങ്കുകളുടെ വായ്പ കിട്ടുന്നത്. ഭൂരിപക്ഷവും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നോ, വ്യക്തികളില്‍ നിന്നോ കൂടിയ പലിശയ്ക്കാണ് വായ്പയെടുക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ Praveen Khandelwal ചൂണ്ടിക്കാട്ടി. ജിഎസ്ടിയും നോട്ട് നിരോധനവും ചെറുകിട സംരംഭകര്‍ക്ക് കംപ്ലയന്‍സ് കോസ്റ്റ് കൂട്ടിയിരുന്നു. എന്നാല്‍ ജിഎസ്ടി കണ്‍സെഷനും, ഇ-കൊമോഴ്സ് പോളിസിയിലും ഇപ്പോള്‍ ചെറുകിടവ്യാപാരികള്‍ക്ക് അനുകൂലമായ മാറ്റം വരുത്തിയിട്ടുണ്ട്. കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പ, ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ്, വായ്പ പലിശയില്‍ ഇളവ് എന്നിവയാണ് പ്രധാനമായും സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. പ്രതിവര്‍ഷം 5 കോടി രൂപയില്‍ താഴെ വരുമാനമുളള ചെറുകിട സംരംഭങ്ങള്‍ക്ക് ലോണുകളിന്മേല്‍ 2 ശതമാനം ഇളവ് നല്‍കിയേക്കും. മികച്ച ക്രെഡിറ്റ് റേറ്റിംഗുളള ചെറുകിട സംരംഭങ്ങള്‍ക്ക് 9-10 ശതമാനത്തിലും കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗുളളവയ്ക്ക് 13-14 ശതമാനം പലിശയ്ക്കും വായ്പ നല്‍കാനാണ് ആലോചന.
പ്രതിവര്‍ഷം 10 കോടി രൂപ വരെ വില്പനയുളള ചെറുകിട സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ സൗജന്യ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സും നല്‍കും. ചെറുകിട സംരംഭകര്‍ക്ക് എളുപ്പത്തില്‍ ലോണ്‍ ലഭ്യമാക്കാന്‍ ധനമന്ത്രാലയം, പ്രധാന്‍മന്ത്രി മുദ്ര യോജനയ്ക്ക് കീഴില്‍ ആമസോണും ഫ്ളിപ്പ്കാര്‍ട്ടും ഉള്‍പ്പടെ 40 കമ്പനികളുമായി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. വ്യാപാരികള്‍ക്ക് ഒരു മിനുട്ടിനുളളില്‍ ഒരു കോടി വരെ വായ്പ ലഭ്യമാക്കാന്‍ സിഡ്ബിയുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയിസും ഒരുക്കിയിരുന്നു.സഹകരണ മേഖലയില്‍ സംരംഭം തുടങ്ങാന്‍ 3 കോടി വരെ വായ്പ ലഭ്യമാക്കാന്‍ കാര്‍ഷിക മന്ത്രാലയം ക്രെഡിറ്റ് സ്കീമും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 10 കോടി വില്‍പ്പനയുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ സൗജന്യ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സും വനിതാ സംരംഭകരുടെ ലോണിന്മേലുള്ള പലിശയില്‍ ഇളവ് അനുവദിക്കാനും ഇപ്പോള്‍ ആലോചനയുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.