18ാം വയസില്‍ തുടങ്ങിയ ഇന്ത്യ-ശ്രീലങ്ക പ്രണയം
ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മാച്ചില്‍ ആര് ജയിച്ചാലും രാജന്‍ ആനന്ദന്റെ വീട്ടില്‍ ആഘോഷമാണ്. കാരണം, 18 വയസ്സുമുതല്‍ പ്രണയിച്ച് കെട്ടിയ രാധിക ഇന്ത്യക്കാരിയാണ്. രാജന്‍ ശ്രീലങ്കയില്‍ ജനിച്ച തമിഴ് വംശജനും. 100 പുഷ് അപ് എടുത്താല്‍ ഏഴാം ക്ലാസില്‍ അച്ഛന്‍ രാജന്‍ ആനന്ദനിന് ഓഫര്‍ ചെയ്തത് സ്‌കൂളിലേക്ക് പോകാന്‍ ഒരു സൈക്കിള്‍. അന്ന് നൂറ് പുഷ് അപ്പില്‍ ഫെയിലായ പയ്യന്‍ പക്ഷെ 100 മില്യണ്‍ ഗ്രാമീണ ഇന്ത്യക്കാരെ ഇന്റര്‍നെറ്റില്‍ എത്തിച്ച ഗൂഗിള്‍ ഇന്ത്യയുടെ അമരക്കാരനായി.
പടിയിറങ്ങുന്നത് മറ്റൊരു എന്‍ട്രപ്രണേറിയല്‍ യാത്രയ്ക്ക്
ഇന്ത്യയില്‍ ഗൂഗിളിന്റെ വളര്‍ച്ച അളന്ന 8 വര്‍ഷങ്ങള്‍… രാജന്‍ ആനന്ദന്‍ എന്ന ഇന്‍വെസ്റ്റര്‍ ടേണ്‍ഡ് ടെക്നോക്രാറ്റാണ് അതിന്റെ അളവ്കോല്‍. Rajan Anandan പടിയിറങ്ങുമ്പോള്‍ Google Indiaയിലും ഒരു കാലഘട്ടം അവസാനിക്കുകയാണ്. പക്ഷെ ആനന്ദം തേടിയുള്ള മറ്റൊരു എന്‍ട്രപ്രണേറിയല്‍ യാത്ര രാജന്‍ ആനന്ദന്‍ തുടങ്ങുന്നതേയുള്ളൂ.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് എക്കോസിസ്റ്റത്തിന്റെ ഗതി മാറ്റിമറിച്ചയാള്‍
8 വര്‍ഷം മുമ്പ് ഗൂഗിളില്‍ ഇന്ത്യന്‍ ഓപ്പറേഷന്‍സിന്റെയും സൗത്ത് ഈസ്റ്റ് ഏഷ്യയുടെയും വൈസ് പ്രസിഡന്റായി രാജന്‍ ആനന്ദന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ രാജ്യം അതിന്റെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്റെ നിര്‍ണ്ണായക ഘട്ടത്തിലായിരുന്നു. സംരംഭകത്വത്തിലുള്ള സൂക്ഷ്മതയും നേതൃപാടവവും ടെക്നോളജിയിലെ ദീര്‍ഘവീക്ഷണവും ഇന്ത്യയിലെയും സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും ഇന്റര്‍നെറ്റ് എക്കോസിസ്റ്റത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.
പുതിയ ടാര്‍ഗറ്റുമായി Sequoia ഇന്ത്യയിലേക്ക്
ഗൂഗിള്‍ ഇന്ത്യയുടെ എംഡി- അസാധാരണ കരിയര്‍ ഗ്രാഫുള്ള ഏത് ടെക്നോക്രാറ്റിന്റെയും സ്വപ്ന പദവിയാണത്. അവിടെ നിന്ന് മനസ്സിന് ആനന്ദം തരുന്ന മേഖലയിലേക്ക് പുതിയ ടാര്‍ഗറ്റിനായാണ് രാജന്‍ ആനന്ദന്‍ 48 ആം വയസ്സില്‍ ചേക്കേറുന്നത്. സ്റ്റാര്‍ട്ടപ്പുകളെ സ്നേഹിക്കാനും മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനുമായി Sequoia India എന്ന venture capital firmലേക്കാണ് രാജന്‍ ആനന്ദന്‍ ചുവടുവയ്ക്കുന്നത്.
ഇനി ലക്ഷ്യം ഇതാണ്
വിടവാങ്ങല്‍ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ജീവനക്കാര്‍ക്കായി കുറിച്ചതിങ്ങനെ, വ്യക്തിപരമായും ബിസിനസ്സ് ലീഡറെന്ന നിലയിലും വളരണമെങ്കില്‍ അവനവനെ തന്നെ ചാലഞ്ച് ചെയ്തു കൊണ്ടിരിക്കണം. എന്നെ പ്രചോദിപ്പിക്കുന്ന രണ്ടുകാര്യങ്ങള്‍ ഉണ്ട്. ടെക്നോളജിയുടെ അസാധ്യമായ പവറ്, മറ്റൊന്ന് മാനവ രാശിയുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഊര്‍ജ്ജ്വസ്വലരായിരിക്കുന്ന സംരംഭകര്‍. എന്റെ ജീവിതത്തിന്റെ അടുത്ത ഫെയ്സ് എന്ന് പറയുന്നത്- ഇന്ത്യയിലേയും സൗത്ത് ഈസ്റ്റ് ഏഷ്യയിലേയും പ്രോമിസിംങായ ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപകനാകണം- മുഴുവന്‍സമയവും ഞാന്‍ അതില്‍ ഫോക്കസ് ചെയ്യുകയാണ്.
രാജന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപകന്‍
ബിഗ് ഡാറ്റ, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡിജിറ്റല്‍ മീഡിയ, ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍, മൊബൈല്‍ കൊമോഴ്സ്, സോഷ്യല്‍ ഗയിംസ്, എന്നിവയാണ് രാജന്‍ ആനന്ദന്‍ ഇതിനകം നിക്ഷേപമിറക്കിയ സ്റ്റാര്‍ട്ടപ്പ് ഏരിയകള്‍. കോവര്‍ക്കിംഗ് സ്പേസ് കമ്പനി Innov8, സ്ത്രീകള്‍ക്കായുള്ള കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം SHEROES തുടങ്ങിയവയിലെല്ലാം മെന്ററായും ഇന്‍വെസ്റ്ററായും രാജനുണ്ട്.
കഫെറ്റീരിയയിലും ജോലി ചെയ്ത കാലം
17 ആം വയസ്സില്‍ കൊളംബോ വിട്ട രാജന്‍ ആനന്ദന്‍ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഡിഗ്രിക്ക് ജോയിന്‍ ചെയ്തു. അവിടെ പഠിക്കുമ്പോള്‍ ചിലവുകള്‍ക്ക് പണം കണ്ടെത്താന്‍ ആഴ്ചയില്‍ 40 മണിക്കൂര്‍ വരെ ജോലിചെയ്തു, കഫെറ്റീരിയയിലും മ്യൂസിയത്തിലും ജോലി എടുത്തു.
കടിഞ്ഞാണ്‍ കയ്യില്‍വെച്ച് കരയ്ക്കിരിക്കുന്നയാള്‍
ഗൂഗിള്‍ എന്ന ഡിജിറ്റല്‍ ലോകം നിയന്ത്രിച്ച രാജന്‍ ആനന്ദിന്റെ കയ്യിലുണ്ടായിരുന്നത്, LG Nexus 5X ഫോണും, ഒരു ടാബ്ലെറ്റും പിന്നെ ഓഫീസില്‍ ഒരു ലാപ്ടോപ്പും. ഫെയ്സ്ബുക്കില്‍ അക്കൗണ്ടുണ്ട്, പക്ഷെ ഫെയ്സ്ബുക്ക് ജീവിയായിരുന്നില്ല, ഉപയോഗിച്ചിരുന്നില്ല എന്നു തന്നെ പറയാം. ഇന്‍സ്റ്റാഗ്രമില്‍ രാജന്‍ ആനന്ദന്‍ ഭാര്യയേയും മകളേയും ഫോളോ ചെയ്യുന്നു. അങ്ങനെയാണ്, നാം നീന്തിത്തുടിക്കുന്ന സോഷ്യല്‍ മീഡിയകളുടേയും ഡിജിറ്റല്‍ പ്ലാറ്റുഫോമുകളുടേയുമെല്ലാം ഉടയന്‍മാര്‍ എല്ലാം കണ്ട് അതിന്റെ കരയ്ക്കിരിയ്ക്കുന്നതേയുള്ളൂ..
മകളെ ഓര്‍ത്ത് വീട്ടിലിരുന്ന ടിവി വിറ്റു
രാജന്‍ ആനന്ദന്‍ ഒന്‍പത് വര്‍ഷം മുമ്പ് വീട്ടിലിരുന്ന ടിവി വിറ്റു, ഒരു വയസ്സുള്ള മകളെ ഓര്‍ത്താണ് അങ്ങനെ ചെയ്തത്. ഇന്ന് 10 വയസ്സുള്ള മകള്‍ മായ കംപ്യൂട്ടര്‍ കോഡിംഗ് ചെയ്യുന്നു. അവള്‍ക്ക് മാത്സ് ഈസിയാകാന്‍ വേണ്ടിയാണ് കോഡിംഗിലേക്ക് മായയെ തിരിച്ചുവിട്ടത്. മായ കംപ്യൂട്ടര്‍ പ്രോഗ്രാം കോഡിങ്ങില്‍ തെളിഞ്ഞുവരുന്നു. ഇതാണ് ആനന്ദമുള്ള ഒരു മനുഷ്യന്റെ ഗൂഗിളിനപ്പുറമുള്ള ലൈഫ്.