ഇങ്ങനെ വേണം ഒരു സംരംഭക
വാക്കുകള്‍ മുറിയാതെയുള്ള സംസാരം, കൃത്യവും സ്പഷ്ടവുമായ നിലപാട്, പോസിറ്റീവായ സമീപനം- ഒരു സംരംഭക എങ്ങനെയാകണമെന്ന് കാണിച്ചുതരുന്നു ഹേമലത അണ്ണാമലൈ. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ Ampere Vehiclseന്റെ ഫൗണ്ടറാണ് ഹേമലത. പിതാവും, മെന്ററുമായ അണ്ണാമലൈയുടെ ജീവിതവും അനുഭവങ്ങളുമാണ് Ampere Vehicles എന്ന സ്റ്റാര്‍ട്ടപ്പിന് രൂപം നല്കാന് ഹേമലതയ്ക്ക് പ്രചോദനമായത്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന കമ്പനിയാണ് Ampere Vehicles. ഇലക്ട്രിക് സൈക്കിളുകള്‍, ഇരുചക്രവാഹനങ്ങള്‍, ത്രീവീലറുകള്‍ എന്നിവയാണ് Ampere രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്നത്.
സാധാരണക്കാര്‍ക്ക് വേണ്ടി ഒരു അസാധാരണ വണ്ടി
സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന പ്രൊഡക്ട് നിര്‍മ്മിക്കുന്നതിനെ കുറിച്ചായിരുന്നു ആദ്യം ചിന്തിച്ചതെന്ന് ഹേമലത പറഞ്ഞു. കച്ചവടങ്ങള്‍ക്കും മറ്റുമായി ഗ്രാമങ്ങളിലുള്ളവര്‍ മാര്‍ക്കറ്റിലേക്കും മറ്റും പോകുമ്പോള്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ Ampere തീരുമാനിക്കുകയായിരുന്നു. ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ടും Ampere നിര്‍മ്മിക്കുന്നു. ടെക്സ്റ്റൈല്‍ മില്‍, പോള്‍ട്രി മില്‍ പോലുള്ളവയ്ക്ക് സഹായകരമാകുന്ന തരത്തിലുള്ള വാഹനങ്ങളാണ് അവ.
ആശയം ലഭിച്ചത് ജപ്പാനിലെ കോണ്‍ഫറന്‍സില്‍
2007ല്‍ ഭര്‍ത്താവ് ബാല പാച്ചിയപ്പക്കൊപ്പം ജപ്പാനില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തതില്‍ നിന്നാണ് ഇലക്ട്രിക് വാഹനങ്ങളുടെ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള ആശയം ഹേമലതയ്ക്ക് ലഭിക്കുന്നത്. അങ്ങനെ സിംഗപ്പൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ഹേമലത ജീവിതം പറിച്ചുനട്ടു. 1989ല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ഹേമലത ആറ് വര്‍ഷത്തോളം വിപ്രോയില്‍ ജോലി ചെയ്തിരുന്നു.
നിക്ഷേപകരായി ടാറ്റയും ഇന്‍ഫോസിസും
രത്തന്‍ ടാറ്റയും ഇന്‍ഫോസിസ് കോ-ഫൗണ്ടര്‍ ക്രിസ് ഗോപാലകൃഷ്ണനും നിക്ഷേപം നടത്തിയിട്ടുള്ള Amphere Vehicle ഇന്ത്യന്‍ ഓട്ടോ ഇന്‍ഡസ്ട്രിയില്‍ തങ്ങളുടേതായ ഇടം നേടി കഴിഞ്ഞു. 2018ല്‍ ഇന്ത്യന്‍ എഞ്ചിനീയറിംഗ് കമ്പനിയായ ഗ്രീവ്സ് കോട്ടണ്‍ ആംപിയറിന്റെ 67 ശതമാനം ഓഹരി വാങ്ങിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞാണ് ഗ്രീവ്സ് കോട്ടണ്‍ Ampere വെഹിക്കിള്‍സിനെ സമീപിച്ചത്.
സ്ത്രീയായത് കൊണ്ട് റിജക്ട് ചെയ്യപ്പെട്ടിട്ടില്ല
ബിസിനസ് മേഖലയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ സത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരു പോലെയാണെന്നും അതില്‍ വ്യത്യാസമുണ്ടെന്ന് കരുതുന്നില്ലെന്നും ഹേമലത പറഞ്ഞു. സ്ത്രീയെന്ന നിലയില്‍ കൂടുതല്‍ പരിഗണന ലഭിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ എവിടെയും റിജക്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
അനുഭവവും ചാലഞ്ചും ഓപ്പര്ച്യുണിറ്റിയുമാണ്
സ്റ്റാര്‍ട്ടപ് ഫൗണ്ടര്‍ എന്ന നിലയില്‍ നിന്ന് മികച്ച എന്ട്രപ്രണറിലേക്കുള്ള യാത്ര വലിയ അനുഭവമായാണ് ഹേമലത കാണുന്നത്, ഒപ്പം ഫെയ്സ് ചെയ്ത ചാലഞ്ചുകള്‍ മികച്ച ലേണിംഗ് ഓപ്പര്ച്യൂണിറ്റിയായും അവര്‍ കാണുന്നു.