രഞ്ജിത് സംവിധാനം ചെയ്ത ഡ്രാമ എന്ന ഫിലിം ഓര്‍ക്കുന്നില്ലേ.. അതില്‍ ദിലീഷ് പോത്തന്റെ ഫ്യൂണറല്‍ മാനേജര്‍ എന്ന റോളും. മരണാനന്തരമുള്ള ചടങ്ങുകളും മറ്റുമെല്ലാം ബന്ധുക്കള്‍ ഓടിനടക്കേണ്ട അവസ്ഥയില്‍ അവര്‍ക്കൊരു സഹായഹസ്തമാണ് പലപ്പോഴും ഫ്യൂണറല്‍ ഓര്‍ഗനൈസേഴ്സ്. സ്വര്‍ഗദ്വാര എന്ന സ്റ്റാര്‍ട്ടപ്പും ആവഴിക്കാണ്. ഒരു മരണം സംഭവിക്കുമ്പോള്‍ ശവസംസ്‌കാര ചടങ്ങിന് മുമ്പും സംസ്‌കാര ചടങ്ങിനും അതിന് ശേഷവുമുള്ള എല്ലാ കാര്യങ്ങള്‍ക്കും വീട്ടുകാരെ പോലെ ഓടിനടന്ന് ചെയ്യാന്‍ സ്വര്‍ഗദ്വാര എന്ന സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ സേവനം ലഭ്യമാക്കുന്നു.
മരണം നടക്കുന്ന വീടുകളിലുള്ളവര്‍ക്ക് താങ്ങാകാന്‍
ഒഡീഷ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് സ്വര്‍ഗദ്വാര. 2016ല്‍ പ്ലബന്‍ മോഹപത്ര ആരംഭിച്ച ഈ സംരംഭം സംസ്‌കാര ചടങ്ങുകള്‍ മുതല്‍ പിന്നീടുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ വരെ 20ഓളം വ്യത്യസ്ത സര്‍വീസുകള്‍ ഒരു പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നു. ഇതൊരു നല്ല പ്രോഫിറ്റുള്ള ബിസിനസാണെങ്കിലും മരണം നടക്കുന്ന വീടുകളിലുള്ളവര്‍ക്ക് താങ്ങാകുക എന്നതാണ് പ്രധാന ഉദ്ദേശ്യമെന്ന് ഫൗണ്ടര്‍ പ്ലബന്‍ പറയുന്നു.
ജാതിമതഭേദമന്യേ സേവനം ലഭ്യമാകും
ഫെയ്‌സ്ബുക്ക്, വെബ്‌സൈറ്റ്, ഹെല്‍പ്ലൈന്‍ നമ്പര്‍ എന്നിവയിലൂടെ സ്വര്‍ഗദ്വാരയുമായി ബന്ധപ്പെട്ടാല്‍ അവര്‍ വിവരം ശേഖരിച്ച് എസ്റ്റിമേറ്റ് തരും. തുടര്‍ന്ന് അവരുടെ സേവനം ലഭ്യമാക്കും. ജാതിമത ഭേദമന്യേ സ്വര്‍ഗദ്വാരയുടെ സേവനം ലഭ്യമാകും. ഓരോ മതവിഭാഗത്തിനും അവരുടെ രീതിയിലുള്ള സംസ്‌കാര ചടങ്ങുകളുള്ളതിനാല്‍ റേറ്റില്‍ വ്യത്യാസം വരും. 2500 മുതല്‍ 70000 വരെയാണ് സംസ്‌കാരം നടക്കുന്ന ദിവസത്തെ ചാര്‍ജ് ഈടാക്കുക. പോസ്റ്റ് ക്രിമേഷന്‍ ചാര്‍ജ് 10,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാകും.
ഫ്യൂണറല്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ കാലിഫോര്‍ണിയയില്‍ നിന്നെത്തി
12 വര്‍ഷത്തോളം കാലിഫോര്‍ണിയയില്‍ ഐടി മേഖലയില്‍ ജോലി ചെയ്ത ശേഷമാണ് ഒഡീഷയില്‍ പ്ലബന്‍ ഫ്യൂണറല്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. ഇങ്ങനെയൊരു സ്റ്റാര്‍ട്ടപ്പ് ആളുകള്‍ അംഗീകരിക്കുമോ എന്ന് സ്വര്‍ഗദ്വാര ടീം തുടക്കത്തില്‍ ആശങ്കപ്പെട്ടിരുന്നെങ്കിലും നല്ല പ്രതികരണമാണ് ആളുകളില്‍ നിന്ന് ലഭിച്ചത്.
785 കസ്റ്റമേഴ്സിന് സേവനം ലഭിച്ചു
15 ലക്ഷം രൂപ നിക്ഷേപം നടത്തിയാണ് പ്ലബന്‍ സ്വര്‍ഗദ്വാര ആരംഭിച്ചത്. സ്റ്റാര്‍ട്ടപ്പ് ഒഡീഷ പദ്ധതിയില്‍ നിന്ന് 7.5 ലക്ഷം ഗ്രാന്‍ഡും തുടക്കത്തില്‍ ലഭിച്ചു. ഏഞ്ചല്‍ ഇന്‍വെസ്റ്ററില്‍ നിന്ന് 30 ലക്ഷം രൂപയും സ്വര്‍ഗദ്വാര നേടി. തുടക്കം മുതലുള്ള സ്വര്‍ഗദ്വാരയുടെ ഗ്രോസ് മെര്‍ച്ചന്‍ഡൈസ് വാല്യു 71 ലക്ഷം രൂപയാണ്. 785 കസ്റ്റമേഴ്‌സിന് സ്വര്‍ഗദ്വാരയുടെ സേവനം ഇതുവരെ ലഭ്യമായിക്കഴിഞ്ഞു. ഹൈദരാബാദിലേക്കും ബംഗലൂരുവിലേക്കും സേവനം വ്യാപിപ്പിച്ച സ്വര്‍ഗദ്വാര, അടുത്ത വര്‍ഷത്തോടെ ഡല്‍ഹിയിലും മുംബൈയിലും സേവനം ലഭ്യമാക്കും. അഹമ്മദാബാദ്. പൂനെ, ചെന്നൈ എന്നിവിടങ്ങളില്‍ 2021 ആകുമ്പോഴേക്കും സര്‍വ്വീസ് എത്തിക്കാനാണ് സ്വര്‍ഗദ്വാരയുടെ ലക്ഷ്യം.