വ്യത്യസ്തവും നൂതനവുമായ ഫുഡ് പ്രൊഡക്ട്സിന്റെ ഒരു കമ്പനി തുടങ്ങണമെന്ന ചിന്തയില്‍ നിന്നാണ് അനസ് Food Mania എന്ന സംരംഭം ആരംഭിച്ചത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്താണ് അനസ് Food Mania തുടങ്ങിയത്.
ചിരകിയ തേങ്ങയുമായി മാര്‍ക്കറ്റിലേക്ക്
ചിരകിയ തേങ്ങയാണ് ഫുഡ് മാനിയയുടെ ആദ്യ പ്രൊഡക്ട്. ഫ്രോസണ്‍ ഗ്രേറ്റഡ് കോക്കനട്ട് എന്ന ഈ പ്രൊഡക്ടുമായാണ് അനസിന്റെ ഫുഡ് മാനിയ മാര്‍ക്കറ്റിലെത്തിയത്. തേങ്ങയുടെ ലഭ്യതക്കുറവ്, വിലക്കൂടുതല്‍, ഉടയ്ക്കാനും ചിരകാനുമുള്ള ബുദ്ധിമുട്ട് എന്നിവ കണക്കിലെടുത്താണ് ചിരകിയ തേങ്ങയെന്ന കണ്‍സപ്റ്റിലേക്ക് എത്തിയതെന്ന് അനസ് പറയുന്നു. ചിരകിയ തേങ്ങ ഒരു ദിവസത്തില്‍ അധികം വച്ചിരുന്നാല്‍ കേടായിപോകുന്ന പ്രശ്നമുണ്ട്. അതിനൊരു പരിഹാരവും കണ്ടെത്തി 6 മാസം വരെ ഉപയോഗിക്കാവുന്ന തരത്തിലാണ് ഫുഡ് മാനിയ ഫ്രോസണ്‍ ഗ്രേറ്റഡ് കോക്കനട്ടിന്റെ നിര്‍മ്മാണമെന്ന് അനസ് വിശദീകരിക്കുന്നു.
സ്ത്രീശാക്തീകരണവും കമ്പനിയുടെ ലക്ഷ്യമെന്ന് അനസ്
പാലക്കാട് ജില്ലയിലെ വാളയാറിലാണ് ഫുഡ് മാനിയയുടെ പ്രൊഡക്ഷന്‍ യൂണിറ്റുള്ളത്. 70 ശതമാനത്തോളം കമ്പനിയുടെ ഓണ്‍ പ്രൊഡക്ഷനാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കൂടി പ്രവര്‍ത്തിക്കുന്ന ഫുഡ് മാനിയയുടെ സംഘത്തിലധികവുമുള്ളത് സ്ത്രീകളാണെന്ന് അനസ് സാക്ഷ്യപ്പെടുത്തുന്നു. തോട്ടങ്ങളില്‍ നിന്ന് നേരിട്ട് തേങ്ങ സംഭരിച്ച് കമ്പനിയില്‍ കൊണ്ടുവന്ന് ഹൈജീനിക് പ്രൊസസ് നടത്തും. പ്രൊഡക്ടിന്റെ ഗുണമേന്മ ടെക്നോളജിയുടെ സഹായത്തോടെ ഉറപ്പുവരുത്തിയാണ് മാര്‍ക്കറ്റിലെത്തിക്കുകയെന്നും അനസ് പറയുന്നു.
ഗ്ലോബല്‍ മാര്‍ക്കറ്റ് മുന്നില്‍ കണ്ട്
നിലവില്‍ കേരളം മുഴുവന്‍ ഫ്രോസണ്‍ ഗ്രേറ്റഡ് കോക്കനട്ട് ലഭ്യമാണ്. തമിഴ്നാട്ടില്‍ കോയമ്പത്തൂരും പ്രൊഡക്ട് ലോഞ്ച് ചെയ്തു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും, അറബ് രാജ്യങ്ങളിലേക്കും കയറ്റിയയക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും അനസ് പറഞ്ഞു. വിശാലമായ ഗ്ലോബല്‍ മാര്‍ക്കറ്റാണ് ഫുഡ് മാനിയ സംഘം പ്രതീക്ഷിക്കുന്നത്.