2014 ഡിസംബറില്‍ ബംഗളൂരുവില്‍ ഒരു ഹൗസ് പാര്‍ട്ടി നടന്നു. ആ പാര്‍ട്ടിയില്‍ വെച്ച് അങ്കിതി ബോസ് അയല്‍വാസിയായ ധ്രുവ് കപൂര്‍ എന്ന സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറുമായി സംസാരിക്കാനിടയായി. അന്ന് അങ്കിതിയ്ക്ക് 23ഉം ധ്രുവിന് 24ഉം വയസ്. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരായിരുന്ന ഇരുവരുടെയും അഭിരുചിയും അംബീഷനും സമാനമായിരുന്നു. സ്വന്തമായി എന്തെങ്കിലും ചെയ്യുക എന്ന ആശയത്തെ കുറിച്ചും ഇരുവരും സംസാരിച്ചു.
സിലിങ്കോയുടെ തുടക്കം
അന്നത്തെ ആ ഹൗസ് പാര്‍ട്ടി കഴിഞ്ഞ് നാല് മാസത്തിന് ശേഷം ഇരുവരും ജോലി രാജിവെച്ചു. രണ്ട് പേരുടെയും സമ്പാദ്യത്തില്‍ നിന്ന് 30,000 ഡോളറെടുത്ത് സിലിങ്കോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തുടങ്ങി. കഥ അവിടെ തുടങ്ങുകയായിരുന്നു. നാല് വര്‍ഷം കൊണ്ട് അവര്‍ എത്തി നില്‍ക്കുന്നത് 1 ബില്യണ്‍ ഡോളര്‍ മൂല്യത്തിനടുത്താണ്. സൗത്ത്ഈസ്റ്റ് ഏഷ്യയിലെ ചെറുകിട കച്ചവടക്കാരുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാഫറ്റഫോമാണ് സിലിങ്കോ ഇന്ന്.
ആ വിശേഷണത്തിന് ഇനി അധികദൂരമില്ല
ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിത യൂണികോണ്‍ ഫൗണ്ടറെന്ന വിശേഷണത്തിലേക്ക് എത്താന്‍ അങ്കിതിയ്ക്കിനി വളരെ കുറച്ച് ദൂരം മാത്രം. 970 മില്യണ്‍ ഡോളര്‍ വാല്യുവേഷനാണ് സിലിങ്കോ നേടിയിരിക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിലിങ്കോയ്ക്ക്ക് ലോകമാകമാനം 7 മില്യണ്‍ ആക്ടീവ് യൂസേഴ്‌സാണ്.
ഒരു യാത്രയില്‍ പിറന്ന ആശയം
Zilingo എന്ന ആശയം പിറക്കുന്നത് ബാങ്കോക്കിലെ ചട്ടുചക്ക് മാര്‍ക്കറ്റിലേക്ക് നടത്തിയ യാത്രയാണ്. തായ്‌ലാന്റിലുടനീളം സാധനങ്ങള്‍ വില്‍പ്പന നടത്താന്‍ 15,000ത്തിലധികം ബൂത്തുകളുണ്ടെങ്കിലും കച്ചവടക്കാര്‍ക്ക് വളരാന്‍ മതിയായ അവസരങ്ങളില്ലെന്ന് അങ്കിതി തിരിച്ചറിഞ്ഞു.
കഠിനാധ്വാനത്തിന്റെ ഫലം
ഇന്ത്യയില്‍ ഓയില്‍ കമ്പനിയില്‍ എഞ്ചിനീയറായിരുന്നു അങ്കിതയുടെ പിതാവ്. പിതാവിന്റെ ജോലിയുടെ ഭാഗമായി ഇന്ത്യയുടെ പല ഭാഗങ്ങളിലായിട്ടായിരുന്നു അങ്കിതയുടെ കുട്ടിക്കാലം. യൂണിവേഴ്‌സിറ്റി ലെക്ചററായിരുന്ന അമ്മ ഏക മകളുടെ ഭാവിക്കായി സ്വന്തം കരിയര്‍ ഉപേക്ഷിച്ചതാണ്. മാത്ത്‌സും എക്കണോമിക്‌സുമായിരുന്നു അങ്കിതയുടെ ഇഷ്ട വിഷയങ്ങള്‍. സിലിങ്കോ യാഥാര്‍ത്ഥ്യമാക്കാന്‍ ദിവസവും 18 മണിക്കൂറിലധികം ഈ വനിത സംരംഭക ചെലവിടാറുണ്ടായിരുന്നു. ആ കഠിനാധ്വാനം തന്നെയാണ് യൂണികോണ്‍ ക്ലബിന്റെ പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ സാരഥിയായി അങ്കിതിയെ മാറ്റിയതും.