കോളേജിലെ സൂപ്പര്‍സീനിയേഴ്സ് ചെയ്ത പ്രൊജക്ട് പ്രൊഫസറുടെ നിര്‍ദേശപ്രകാരം പിന്നീട് വന്ന വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നു. അതൊരു പ്രൊഡക്ടാക്കുന്നു. അവരൊരു സ്റ്റാര്‍ട്ടപ്പും തുടങ്ങുന്നു. സംഭവം നടക്കുന്നത് തിരുവനന്തപുരം മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ്. ബിടെക് വിദ്യാര്‍ഥികളായ വിഷ്ണു എം, കൃഷ്ണദാസ് എസ്, അസ്ഹര്‍ മുഹമ്മദ്, ഗോകുല്‍ ബി, വിഷ്ണു ജി.എല്‍ എന്നിവരാണ് Heylyx Humboldt എന്ന പേരിട്ട സ്റ്റാര്‍ട്ടപ്പിന്റെ സാരഥികള്‍.
ഒരു ബിടെക് പ്രൊജക്ട് എന്നതിലുപരി സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുകയെന്നതാണ് Heylyx Humboldt ഫൗണ്ടേഴ്സിന്റെ ലക്ഷ്യം. അതിനായാണ് അവര്‍ അംഗപരിമിതര്‍ക്കായി അസിസ്റ്റഡ് ഡ്രൈവിംഗ് മെക്കാനിസം ഫോര്‍ റിക്ഷയെന്ന പ്രൊഡക്ട് ഡെവലപ് ചെയ്തത്. കൈകള്‍ക്ക് ശേഷിയില്ലാത്തവര്‍ക്ക് വരുമാനമാര്‍ഗമായി ഉപയോഗിക്കാമെന്നതാണ് ഈ പ്രൊഡക്ടിന്റെ സോഷ്യല്‍ ഇംപാക്ട്. ടൂ, ത്രീ, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ ഇംപ്ലിമെന്റ് ചെയ്യാന്‍ കഴിയുന്ന പ്രൊഡക്ടാണിത്. കൈയില്ലാത്തവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണമായും കാലുകള്‍ കൊണ്ട് ചെയ്യാം. അതേസമയം കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്ന ഈ പ്രൊഡക്ട് കാലില്ലാത്തവര്‍ക്കും, സാധാരണക്കാര്‍ക്കും ഉപയോഗിക്കാം.
പ്രൊജക്ടിനെ കുറിച്ചറിയാന്‍ സമൂഹത്തിലേക്ക് ഇറങ്ങിയപ്പോഴാണ് കൈയില്ലാത്തവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഈ തിരിച്ചറിവിലാണ് കൈയില്ലാത്തവര്‍ക്ക് പരസഹായമില്ലാതെ യാത്ര ചെയ്യാനും ഒപ്പം വരുമാനമാര്‍ഗമെന്ന നിലയില്‍ ഉപയോഗിക്കാനുമായി പ്രൊഡക്ട് Heylyx Humboldt ഡെവലപ് ചെയ്തത്.
സ്കൂട്ടറിലാണ് ഈ മെക്കാനിസം ആദ്യം പരീക്ഷിച്ചത്. ഓട്ടോയിലും ഇംപ്ളിമെന്റ് ചെയ്ത് കഴിഞ്ഞു. ആളുകളുടെ ആവശ്യമനുസരിച്ച് ഏത് വാഹനത്തില്‍ വേണമെങ്കിലും ഈ മെക്കാനിസം ഉപയോഗിക്കാനാകുമെന്നാണ് ഫൗണ്ടേഴ്സ് പറയുന്നത്.
IEDC കോളേജ് കോഡിനേറ്റര്‍ കൂടിയായ പ്രൊഫസര്‍ പ്രദീപ് രാജാണ് പ്രൊജക്റ്റിന് പിന്തുണ നല്‍കിയത്. മൂന്ന് കോംപിറ്റീഷനുകളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരാകാനും ഇവര്‍ക്ക് സാധിച്ചു.
കോളേജിന്റെ പ്രിന്‍സിപ്പാളും ഡയറക്ടറും മറ്റ് ഫാക്കല്‍റ്റികളും ഇന്നവേഷനുവേണ്ടി എല്ലാ സഹായവും ചെയ്തുതന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. സബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സഹായത്തോടെ പ്രൊഡക്ട് കൊമേഴ്ഷ്യലൈസ് ചെയ്യാനാണ് വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നത്.