പ്രപഞ്ചത്തിന്റെ സുന്ദരമായ ശബ്ദ ലോകം അന്യമായ മനുഷ്യര്‍. ആശയവിനിമയത്തിന്റെ ശബ്ദ സാധ്യത അടഞ്ഞുപോയ വലിയ ഒരു സമൂഹം രാജ്യത്ത് തന്നെയുണ്ട്. ഇന്ത്യയിലെ ഒരു കോടി എണ്‍പത് ലക്ഷത്തോളം വരുന്ന ആ കമ്മ്യൂണിറ്റിക്കുമുണ്ട് ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍. ആ സ്വപ്നങ്ങള്‍ക്ക് ചിറകു നല്കാന് ശ്രമിക്കുകയാണ് തിരുവനന്തപുരത്ത് കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ പ്രവര്‍ത്തിക്കുന്ന Digital Arts Academy for the Deaf അഥവാ ഡാഡ്.
ഡഫ് കമ്മ്യൂണിറ്റിക്കായി
ഡഫ് ആയിട്ടുള്ളവര്‍ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഡാഡിന്റെ ദൗത്യം. കേള്‍ക്കാന്‍ കഴിയുന്നവരെ പോലെ തന്നെ ഏത് മേഖലയിലും പ്രവര്‍ത്തിക്കാന്‍ വേണ്ട വിദ്യാഭ്യാസപരവും ടെക്നോളജിപരവുമായ കാര്യങ്ങള്‍ ലഭ്യമാക്കിക്കൊടുക്കുകയാണ് ഡാഡെന്ന് ഫിനാന്‍സ് ഡയറക്ടറായ സുലു എ നൗഷാദ് വ്യക്തമാക്കി.
വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍
വിദ്യാഭ്യാസം, ജോലി, കുടുംബം എന്നിങ്ങനെ സാധാരണ ജീവിതത്തിലെ എല്ലാ റോളുകളും മികച്ച രീതിയില്‍ ചെയ്യാനിവര്‍ക്ക് കഴിയുന്നുണ്ട്. ടെക്നോളജി ഇന്നവേഷനുകളുടെ സഹായത്തോടെ ഡെഫ് കമ്മ്യൂണിറ്റിയുടെ എഡ്യുക്കേഷനിലും മറ്റും വിലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ഡാഡ് വിശ്വസിക്കുന്നു. ഡെഫ് കമ്മ്യൂണിറ്റിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുകയെന്ന തങ്ങളുടെ ആഗ്രഹത്തില്‍ പിറന്നതാണ് DAAD എന്ന് സിഇഒ രമ്യ രാജ്.
സൗഹൃദത്തില്‍ പിറന്ന സ്റ്റാര്‍ട്ടപ്പ്
രമ്യയുടേയും സുലുവിന്റെയും അബെ ജെയിംസിന്റെയും സൗഹൃദത്തില്‍ പിറന്ന ഇനിഷ്യേറ്റീവാണ് ഡാഡ്. സ്റ്റാര്‍ട്ടപ് മിഷനിലെത്തിയപ്പോള് വലിയ ലക്ഷ്യം നേടാനുള്ള സൗകര്യങ്ങളൊരുങ്ങി. സിഇഒ രമ്യ രാജ്, എക്കണോമിക്സില്‍ ഗ്രാജ്യുവേറ്റാണ്. ഫിനാന്‍സ് ഡയറക്ടറായ സുലു എ നൗഷാദ്, എംബിഎ കഴിഞ്ഞ് ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ടീച്ചറായി വര്‍ക്ക് ചെയ്തിരുന്നു. ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് ഗ്രാജ്വുവേറ്റായ അബെ ജെയിംസാണ് ഡാഡിന്റെ എംഡി. ഡഫ് കമ്മ്യൂണിറ്റിക്കായുള്ള വിവിധ വോളന്റിയര്‍ പ്രോഗ്രാമുകളിലെ സജീവ സാന്നിധ്യം കൂടിയാണ് അബെ.
അടുത്ത ലക്ഷ്യം
ആപ്പ് മേക്കിംഗാണ് ഡാഡിന്റെ അടുത്ത ലക്ഷ്യം. ഡെഫിന് വേണ്ടിയുള്ള സൈന്‍ ലാംഗ്വേജ് കോഴ്സുകളാണ് അതില്‍ ഉള്‍പ്പെടുത്തുക.