സ്ത്രീ സംരംഭങ്ങളേയും തൊഴില്‍പരമായി സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റങ്ങളെയും പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജെന്റര്‍ പാര്‍ക്ക് കേരളത്തിലെ സ്ത്രീ സംരംഭകരെ ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് കണക്ട് ചെയ്യുകയാണ്. ഇതിനായി എക്സ്ക്ലൂസീവ് ട്രേഡ് സെന്റര്‍ ആരംഭിക്കും.
സ്ത്രീകളെ എന്തിനും പ്രാപ്തരാക്കാന്‍ ജെന്റര്‍ പാര്‍ക്ക്
ജെന്റര്‍പാര്‍ക്കിന്റെ വിപ്ലവകരമായ ഇനീഷ്യേറ്റീവ്സില് ഒന്നായ ഷീ ടാക്സിയെ കൂടുതല്‍ ജില്ലകളിലേക്ക് എത്തിക്കാനും, ബുക്കിങ്ങിന് ആപ്പ് ഡെവലപ്പ് ചെയ്യാനും 24 മണിക്കൂര്‍ കോള്‍ സെന്റര്‍ സേവനം ലഭ്യമാക്കാനും നടപടികള്‍ തുടങ്ങിയതായും ജെന്റര്‍ പാര്‍ക്ക് ഭരണ സമിതി അധ്യക്ഷയും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുമായ ഷൈലജ ടീച്ചര്‍ അറിയിച്ചു. പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടേഷനില്‍ ബസും ഓട്ടോയും ഓടിക്കാന്‍ കൂടുതല്‍ സ്ത്രീകളെ പ്രാപ്തരാക്കുകയുമാണ് ജെന്റര്‍ പാര്‍ക്ക്. എല്ലാ ശ്രേണിയിലുമുള്ള സ്ത്രീകള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന സ്ഥാപനമായിരിക്കും ജെന്റര്‍ പാര്‍ക്ക്. സ്ത്രീകള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ ആവശ്യമായിട്ടുള്ള സ്കില്‍ ഡെവലപ്മെന്റ് അതിന് ഏറ്റവും ആധുനികമായിട്ടുള്ള പരിശീലനങ്ങളും ലഭ്യമാക്കും. സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍കുബേഷന്‍ സെന്ററുകള്‍, വിദ്യാസമ്പന്നരായവര്‍ക്ക് അവരുടെ ആശയം പ്രകടിപ്പിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്നതിനും കഴിയുന്ന വലിയൊരു ഇടമായി ജെന്റര്‍ പാര്‍ക്ക് മാറേണ്ടതുണ്ടെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.
വിമണ്‍ ട്രേഡ് സെന്ററും വരുന്നു
കലയും വ്യാപാരവും സമന്വയിപ്പിച്ച് കോഴിക്കോട് ക്യാമ്പസില്‍ വരാനിരിക്കുന്ന ഇന്റര്‍നാഷനല്‍ വിമണ്‍ ട്രേഡ് സെന്റര്‍ വനിതാ സംരംഭകര്‍ക്ക് ബിസിനസ് ഡെവലപ്മെന്റിനും നെറ്റ് വര്‍ക്കിംഗിനും അവസരമൊരുക്കും. വിമണ്‍ ട്രേഡ് സെന്ററില്‍ സ്ത്രീകള്‍ക്ക് ഓഫീസുകള്‍ സ്ഥാപിക്കുന്നതിനായി ബിസിനസ് സെന്റര്‍, മീറ്റിംഗ് റൂം, പൊതു ഓഫീസ് സ്പേസ് സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ബിസിനസ് തുടങ്ങാന്‍ സഹായിക്കുന്ന ഗൈഡന്‍സ് സെന്ററുകളും ഇവിടെ ലഭ്യമാക്കുന്നതാണ്. ഏത് തരത്തിലുള്ള എന്റര്‍പ്രൈസുകളും ആരംഭിക്കുന്നതിന് സ്ത്രീകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കാന് മെന്റേഴ്സും എക്സ്പേര്ട്സുമെല്ലാം ട്രേഡ് സെന്ററില്‍ ലഭ്യമാകുമെന്ന് പ്ലാനിംഗ് ബോര്‍ഡംഗം മൃദുല്‍ ഈപ്പന് വ്യക്തമാക്കി.
ജെന്റര്‍ ലൈബ്രറിയും മ്യൂസിയവും
സ്ത്രീകള്‍ക്കായി സൗത്ത് ഇന്ത്യയിലെ തന്നെ എക്സ്ക്ലൂസീവ് ജെന്റര്‍ ലൈബ്രറിയും കേരളത്തിലെ സ്ത്രീകളുടെ ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന ജെന്റര്‍ മ്യൂസിയവും പുതിയ പ്രൊജക്ടിന്റെ ഭാഗമാകുമെന്ന് ജെന്റര്‍ പാര്‍ക്ക് ഉപദേഷ്ടാവും പ്രമുഖ നര്‍ത്തകിയുമായ മല്ലികാ സാരാഭായ് പറഞ്ഞു. ജെന്റര്‍ സ്റ്റഡീസും ആക്ടിവിറ്റീസുമെല്ലാം ഒന്നിച്ചു വരുന്ന ഇടമായി ജെന്റര്‍ പാര്‍ക്ക് മാറണം. അതിലൂടെ ഒരു നാഷണല്‍ സെന്ററായി മാറാന്‍ ഇതിന് സാധിക്കുമെന്നും മല്ലികാ സാരാഭായ് കൂട്ടിച്ചേര്‍ത്തു.
പുരുഷന്മാര് വാഴുന്ന മേഖലകള്‍ കീഴടക്കാന്‍ സ്ത്രീകളും
അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് വനിതകള്‍ക്കായി വിമണ്‍ ഇന്സസ്റ്റെയിനബിള് ഫെലോഷിപ്പും നാഷണല്‍ സ്ക്കില്‍ ഡെവലപ്മെന്റ് കൗണ്‍സിലുമായി ചേര്‍ന്ന് സ്ത്രീകള്‍ക്കായി സ്കില്‍ ഡെവലപ്മെന്റ് അവസരങ്ങളും ജെന്റര്‍ പാര്‍ക്ക് ഒരുക്കുകയാണ്. പുരുഷന്മാര് കൈവെച്ചിട്ടുള്ള മേഖലകളിലെല്ലാം സ്ത്രീകളുമെത്തുന്ന പുതിയൊരു കാല്‍വെപ്പായിട്ടാണ് ട്രേഡ് സെന്റര്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് ജെന്റര്‍ പാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.പി.ടി.എം.സുനീഷ് പറഞ്ഞു.