Startups

ട്വിറ്റര്‍ കോഫൗണ്ടറുടെ നിക്ഷേപം നേടിയ കൊച്ചിക്കാരന്‍ സഞ്ജയ്

മികച്ച നിക്ഷേപകരെ കിട്ടുന്നതിനായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ മത്സരിക്കുന്ന വേളയിലാണ് ട്വിറ്റര്‍ സഹസ്ഥാപകന്‍ ബിസ് സ്റ്റോണ്‍ നിക്ഷേപം നടത്തിയ കമ്പനിയിലേക്ക് ലോകം ഉറ്റു നോക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സീവ് എന്ന സ്റ്റാര്‍ട്ടപ്പിലേക്കാണ് എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ കൂടിയായ ബിസ് സ്റ്റോണ്‍ തന്റെ വെഞ്ചര്‍ ക്യാപിറ്റലായ ബിസ് ആന്‍ഡ് ലിവിയ സ്റ്റോണ്‍ ഫൗണ്ടേഷന്‍ വഴി നിക്ഷേപം നടത്തുന്നത്. വളരെ അപൂര്‍വ്വമായാണ് ബിസ് സ്റ്റോണ്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്.

വിജയിക്കാന്‍ പിറന്ന സഞ്ജയ്

തിരിച്ചടികള്‍ക്ക് മുന്നില്‍ പതറാത്ത പ്രതിഭയാണ് സീവ് സ്ഥാപകനും കൊച്ചി സ്വദേശിയുമായ സഞ്ജയ് നെടിയറ. തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ വ്യക്തിയുമാണ്. 2010ല്‍ കോളേജ് പഠന കാലത്ത് തന്റെ 80 ശതമാനം കേള്‍വിയും സഞ്ജയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ക്ലയിന്റുകള്‍ വിളിച്ചാല്‍ ഫോണെടുക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പല തൊഴിലവസരങ്ങളും സഞ്ജയ്ക്ക് നഷ്ടമായി. ഈ തിരിച്ചടിയില്‍ നിന്നും സ്വന്തം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് സഞ്ജയ് എത്തി.

ഓഫീസ് ഇല്ലാതെ തന്നെ പൂര്‍ണമായും ക്ലൗഡില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി എന്ന ആശയമാണ് സീവിന്റെ പിറവിയ്ക്ക് പിന്നില്‍. മാത്രമല്ല ഓണ്‍ലൈന്‍ പേയ്മെന്റുമായി ബന്ധപ്പെട്ട് താന്‍ പല തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെന്നും അതിന്റെ പരിഹാരം ചിന്തിച്ചപ്പോള്‍ ലഭിച്ച പല ആശയങ്ങളും സീവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും സഞ്ജയ് പറയുന്നു.

എന്താണ് സീവ് ?

ഫ്രീലാന്‍സ് ജോലികള്‍ ചെയ്യുന്നവര്‍ക്കായി അത്യാധുനിക സേവനം നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് സീവ്. പൂര്‍ണമായും ക്ലൗഡില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ലോകത്തിന്റെ എവിടെയിരുന്ന് വേണമെങ്കിലും ജോലി ചെയ്യാന്‍ ക്ലയിന്റകള്‍ക്ക് സാധിക്കും. മാത്രമല്ല സ്ഥാപനങ്ങള്‍ക്കും ഈ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്.

വെബ്സൈറ്റ് ആരംഭിക്കുന്നത് മുതല്‍ ഡിജിറ്റല്‍ കൈയ്യൊപ്പുകളും ഇന്‍വോയിസ് അടക്കമുള്ള പേയ്മെന്റ് സേവനവും സീവ് സാധ്യമാക്കുന്നു. കമ്പനി ടാക്സേഷന്‍ വരെ ഇന്ന് സീവ് വഴി ഓണ്‍ലൈനായി ചെയ്ത് കൊടുക്കുന്നുണ്ട്. പൂര്‍ണമായും ഇന്റര്‍നെറ്റില്‍ തന്നെ രൂപകല്‍പന ചെയ്ത ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ് സീവ്.

ചിറകടിച്ചുയര്‍ന്ന് സീവ്

നിലവില്‍ ആറ് പേരാണ് മുഖ്യമായും സീവിന്റെ ടീമിലുള്ളത്. ട്വിറ്റര്‍ സ്ഥാപകന് പുറമേ യുഎസ്, യുകെ മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും നിക്ഷേപകരുണ്ട്. കമ്പനിയുടെ അഡൈ്വസര്‍ കൂടിയായ ബിസ് സ്റ്റോണ്‍ അദ്ദേഹം ഫ്രീലാന്‍സ് ചെയ്ത കാലത്ത് ഇത്തരം സേവനം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.

ഓട്ടിസ് എലവേറ്റേഴ്സും യുകെയിലുള്ള ധനകാര്യ സ്ഥാപനങ്ങളും ഭിന്നശേഷിക്കാര്‍ക്ക് സംരംഭക സഹായം നല്‍കുന്ന ഫ്രണ്ട്സ് ഓഫ് ഊര്‍ജ്ജയും സീവില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ക്കൊപ്പം തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ തങ്ങളുടെ ശ്രമമെന്നും സഞ്ജയ് പറയുന്നു.

Tags

Leave a Reply

Back to top button
Close