Trending

പണമിടപാട് ‘കൈക്കുള്ളിലാക്കിയ’ ഫിന്‍ടെക്ക്

ഡിജിറ്റല്‍ വിപ്ലവം ഫിനാന്‍ഷ്യല്‍ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഫിന്‍ടെക്ക്. സ്റ്റാര്‍ട്ടപ്പ് യൂണികോണുകളില്‍ ലോകത്ത് ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്ന ആന്റ് ഫിനാന്‍ഷ്യല്‍ പോലും ചുരുങ്ങിയ കാലം കൊണ്ട് വിജയം കൊയ്ത ഫിന്‍ടെക്ക് കമ്പനിയാണ്. എന്താണ് ഫിന്‍ടെക്ക് എന്നത് മുതല്‍ ഫിന്‍ടെക്കിന്റെ ഭാവിയും ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ കമ്പനികള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ എന്താണെന്നുമാണ് കോര്‍പ്പറേറ്റ് മേഖല ചര്‍ച്ച ചെയ്യുന്നത്

പണമിടപാടിനെ കൈക്കുള്ളിലാക്കിയ ഫിന്‍ടെക്ക്

വന്‍കിട കമ്പനികള്‍ക്കും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ധനം ഇടപാടുകള്‍ ടെക്ക്‌നോളജിയുടെ സഹായത്തോടെ ലളിതമാക്കുകയാണ് ഫിന്‍ടെക്കുകള്‍. സ്മാര്‍ട്ട് ഫോണ്‍ പ്രചാരം വര്‍ധിച്ചതോടെ സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരും ഫിന്‍ടെക്കുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്‌പെഷ്യലൈസ്ഡ് സോഫ്റ്റ് വെയറുകളുടേയും അല്‍ഗോറിതത്തിന്റെയും സഹായത്തോടെ മിക്ക കന്പനികളും തങ്ങളുടെ ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോം ഇറക്കിയിട്ടുണ്ട്. മൊബൈല്‍ പേയ്‌മെന്റ് മുതല്‍ ബ്ലോക്ക് ചെയിനില്‍ വരെ പണമിടപാട് നടത്തുന്ന ഫിന്‍ടെക്ക് കമ്പനികളുമുണ്ട്

ഫിന്‍ടെക്കിലെ മുന്‍നിരക്കാര്‍

ലോകത്തെ ആദ്യ ഹെക്ടാകോണ്‍ (100 ബില്യണ്‍ ഡോളറിന് മേല്‍ വാല്യുവേഷനുള്ള സ്റ്റാര്‍ട്ടപ്പ്) സ്റ്റാര്‍ട്ടപ്പായ ആന്റ് ഫിനാന്‍ഷ്യല്‍സ് എന്ന കമ്പനിയാണ് ലോകത്തെ ഫിന്‍ടെക്ക് കമ്പനികളിലെ ഒന്നാമന്‍. ഓണ്‍ലൈന്‍ സ്റ്റോറായ അലിബാബയുടെ തന്നെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം കമ്പനിയാണിത്. 2014ല്‍ ചൈനയില്‍ ആരംഭിച്ച കമ്പനി 2016 ആയപ്പോഴേയ്ക്കും 75 ബില്യണ്‍ ഡോളറിന്റെ ബിസിനസ് നേടിയിരുന്നു.

അഡ്യേന്‍: 2006 ല്‍ നെതര്‍ലന്റ് ആസ്ഥാനമായി ആരംഭിച്ച കമ്പനിയാണിത്. ലോകത്തെ ഏത് സെയില്‍സ് ചാനലില്‍ നിന്നും പേയ്‌മെന്റുകള്‍ സ്വീകരിക്കുന്ന കമ്പനിയാണിത്. ഓണ്‍ലൈന്‍ മുതല്‍ ഇന്‍ സ്റ്റോര്‍ മോഡില്‍ വരെ 4500ല്‍ അധികം വന്‍കിട ബിസിനസ് പേയ്‌മെന്റാണ് അഡ്യേന്‍ കൈകാര്യം ചെയ്യുന്നത്. മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, യൂബര്‍, നെറ്റ്ഫല്‍ക്‌സ് എന്നിവയെല്ലാം അഡ്യേന്റെ ക്ലയിന്റുകളാണ്.

ക്വാഡിയന്‍: 2014ല്‍ ആരംഭിച്ച ചൈനീസ് കമ്പനിയാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള മൈക്രോ ലോണ്‍ സൈറ്റായ ക്വാഡിയന്‍ വഴി പേയ്‌മെന്റ് ഇന്‍സ്റ്റാള്‍മെന്റ് അടക്കമുള്ള സേവനങ്ങളുണ്ട്.

സെറോ: 2006ല്‍ ന്യൂസിലന്റില്‍ ആരംഭിച്ച സെറോ ഈസി ടു യൂസ് ഓണ്‍ലൈന്‍ അക്കൗണ്ടിങ് സോഫ്റ്റ് വെയറാണ്. ക്യാഷ് ബുക്ക് മുതല്‍ ബങ്ക് ഫീഡ്‌സും, ഇന്‍വോയിസിങ്ങും ടാക്‌സ് റിപ്പോര്‍ട്ടിങ്ങുമടക്കം ചെയ്യാന്‍ സാധിക്കുന്ന ഓട്ടോമേറ്റഡ് പ്ലാറ്റ്‌ഫോമിന് ഒരു മില്യണ്‍ സബ്സ്സ്‌ക്രൈബേഴ്‌സാണുള്ളത്.

സോഫി: 2011ല്‍ സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളിലെ നാലു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച കമ്പനിയാണ് സാന്‍ഫ്രാന്‍സിസ്‌ക്കോ ആസ്ഥാനമായ സോഫി. വിദ്യാര്‍ത്ഥികള്‍ക്കായി പേഴ്‌സണല്‍ ലോണ്‍ മുതല്‍ ഇന്‍ഷുറന്‍സ് കവറേജ് വരെ സോഫി ഓഫര്‍ ചെയ്യുന്നു. ഇന്ന് 30000ല്‍ അധികം മെന്‌പേഴ്‌സാണ് കമ്പനിയ്ക്കുള്ളത്.

ലുഫാക്‌സ്: 2011ല്‍ ഷങ്ഹായി ആസ്ഥാനമായി ആരംഭിച്ച കമ്പനി. ചൈനയിലെ പിങ് ആന്‍ ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലുള്ള കമ്പനിയാണിത്. ബിസിനസുകള്‍ക്ക് ഫണ്ടിന് നടത്തുന്ന ഫിന്‍ടെക്കാണിത്.

അവന്റ്: 2012ല്‍ യുഎസ് ആസ്ഥാനമായി ആരംഭിച്ച കമ്പനി. ഓണ്‍ലൈന്‍ ലെന്റിങ് പ്ലാറ്റ്‌ഫോമായ അവന്റ് കണ്‍സ്യുമേഴ്‌സിന് കുറഞ്ഞ നിരക്കില്‍ ഇടപാട് നടത്താന്‍ സഹായിക്കുകയും ഇന്നവേറ്റീവായിട്ടുള്ള ഫിനാന്‍ഷ്യല്‍ പ്രോഡക്ടുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുകയും ചെയ്യുന്നു.

ഓസ്‌കാര്‍: 2013ല്‍ യുഎസ് ആസ്ഥാനമായി ആരംഭിച്ച കമ്പനിയാണ് ഓസ്‌കാര്‍. ലോകത്ത് ചുരുക്കമായുള്ള ഇന്‍ഷുര്‍ടെക്ക് കമ്പനികളിലൊന്നാണിത്. ഇന്‍ഷുറന്‍സ് മുതല്‍ അതിവേഗ മെഡിക്കല്‍ ക്ലെയിം പ്ലോസസിങ് വരെ ഓസ്‌കാറിന്റെ പ്രത്യേകതയാണ്. ഫിഡെല്‍റ്റി, ഗൂഗിള്‍ ക്യാപിറ്റല്‍ എന്നിവയുള്‍പ്പടെ ഓസ്‌കാറില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്.

ഫിന്‍ടെക്കും ഭാവിയും : തന്ത്രങ്ങളുമായി കമ്പനികള്‍

വെഞ്ച്വര്‍ ക്യാപ്പിറ്റലുകള്‍ ഒട്ടേറെ നിക്ഷേപം നടത്തുന്ന ഫിന്‍ടെക്ക് മേഖലയ്ക്ക് ഭാവിയില്‍ വന്‍ വളര്‍ച്ചാ സാധ്യതയാണുള്ളത്. 2016ല്‍ ഇന്ത്യയിലെ നോട്ടു നിരോധനത്തിന് ശേഷം ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകള്‍ മാറിയിരുന്നു. ഫിന്‍ടെക്കിന്റെ ഇന്ത്യയിലെ അഡോപ്ഷന്‍ റേറ്റ് എന്നത് തന്നെ 59 ശതമാനത്തിന് മുകളിലായിരിക്കുകയാണ്. അതായത് ലോകത്ത് തന്നെ ഫിന്‍ടെക്കിനെ ആശ്രയിക്കുന്നവരില്‍ രണ്ടാമതോ മൂന്നോമതോ എത്താന്‍ ഇന്ത്യ ഇപ്പോള്‍ തന്നെ പ്രാപ്തമായെന്നര്‍ത്ഥം.

രാജ്യത്തെ മിക്ക സ്റ്റാര്‍ട്ടപ്പുകളുടേയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം എന്ന ഭാഗത്ത് കയ്യൊപ്പ് ചാര്‍ത്താനാണ് ആഗോള തലത്തിലെ മിക്ക ഫിന്‍ടെക്കുകളുടേയും ശ്രമം. ഡിജിറ്റല്‍ പേയ്‌മെന്റ് ദിനംപ്രതി വര്‍ധിക്കുന്ന ഇന്ത്യയെ ഫിന്‍ടെക്കിന്റെ മികച്ച മാര്‍ക്കറ്റായി ലോകം കാണുന്നു. ഇന്ത്യന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം വരെ ക്രെഡിറ്റ് ബിസിനസിലേക്ക് തിരിഞ്ഞത് ഈ മേഖലയിലെ മത്സരത്തെ സൂചിപ്പിക്കുന്നു. 24 മണിക്കൂറും ഓണ്‍ലൈന്‍ സേവനം നല്‍കുന്ന ഫിന്‍ടെക്കുകള്‍ മാര്‍ക്കറ്റ് പിടിക്കാനായി AIയും ചാറ്റ്‌ബോട്ട് സേവനവും വരെ കസ്റ്റമേഴ്‌സിന് ഒരുക്കുന്നുണ്ട്.

AI വരെ പരീക്ഷിച്ച് ഫിന്‍ടെക്കുകള്‍

1. ലൈവ് ചാറ്റ്– കസ്റ്റേമേഴ്സിന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് സംശയ നിവാരണം മുതല്‍ പരാതി പരിഹരിക്കുന്നതിന് വരെ 24 മണിക്കൂറുമുള്ള ലൈവ് ചാറ്റ് ഫെസിലിറ്റി ഇപ്പോഴുണ്ട്.

2.സപ്പോര്‍ട്ട് ചാറ്റ്ബോട്ടുകളും വര്‍ച്വല്‍ അസിസ്റ്റന്റുകളും റോബോ അഡൈ്വസേഴ്സ് എന്ന ചാറ്റ്ബോട്ടുകളും, AI അധിഷ്ഠിതമായ മറ്റ് ഓട്ടോമേറ്റഡ് സപ്പോര്‍ട്ട് സിസ്റ്റവും ഫിന്‍ടെക്കുകള്‍ നല്‍കുന്നു

3. കോ ബ്രൗസിങ്

കസ്റ്റമേഴ്സിന് സമയം ലാഭിക്കാന്‍ സഹായിക്കുന്നതിനാണിത്. ആപ്ലിക്കേഷന്‍ അയയ്ക്കുന്നതടക്കമുള്ള ഓണ്‍ലൈന്‍ ഇടപാടുകളില്‍ കോ ബ്രൗസിങ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കസ്റ്റമര്‍ക്ക് ഓണ്‍ലൈനില്‍ ലൈവായി അസിസ്റ്റന്‍സ് ലഭിക്കുന്നു. ലോഗിന്‍ ചെയ്തിരിക്കുന്ന കസ്റ്റമറുടെ അനുവാദത്തോടെ ഓണ്‍ലൈന്‍ പ്രോസസിങ്ങില്‍ കസ്റ്റമര്‍ ഏജന്റുമാര്‍ അസിസ്റ്റന്‍സ് നല്‍കും.

4.കണ്‍ടെക്സ്റ്റ് ബേസ്ഡ് ഓട്ടോമേഷന്‍

പേഴ്സണലൈസ്ഡ് കമ്മ്യൂണിക്കേഷന്‍ ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക കസ്റ്റമേഴ്സും. അതിനാല്‍ തന്നെ അവരവര്‍ക്ക് ആവശ്യമായ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന ഓട്ടോമേറ്റഡ് സേവനമാണിത്. ഉദാഹരണത്തിന് ബാങ്കിങിലെ വസ്തു പണയം സംബന്ധിച്ച കാര്യങ്ങള്‍ അറിയണമെങ്കില്‍ ഇ-മെയില്‍, എസ്എംഎസ് അടക്കമുള്ള മാര്‍ഗങ്ങളിലൂടെ അത് മാത്രമായി അറിയാം.

5.വോയിസ് ടെക്ക്നോളജി

ഹാന്‍ഡ് ഫ്രീയായി ബാങ്കിങ് നടപ്പാക്കാന്‍ സഹായിക്കുന്ന ടെക്നോളജി. ആമസോണ്‍ അലക്സ അടക്കമുള്ള ഓഡിയോ ടെക്നോളജി വഴി ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍’ ചോദിച്ചറിയാം’. പ്രാദേശിക ഭാഷകളില്‍ ചോദിച്ചാല്‍ പോലും ട്രാന്‍സ്ലേറ്റ് ചെയ്ത് ഡിക്കോഡ് ചെയ്ത് ഉത്തരം നല്‍കുന്ന ടെക്ക്നോളജിയും നിലവിലുണ്ട്.

6. സെല്‍ഫ് സര്‍വീസ് ബാങ്കിങ്

കോണ്‍ടാക്ട് ലെസ് പേയ്മെന്റ്, ഡിജിറ്റല്‍ കറന്‍സി അക്സസ് ചെയ്യുക, വിദേശത്തേക്ക് പണമയയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഏജന്റ് സഹായമില്ലാതെ കസ്റ്റമര്‍ക്ക് തന്നെ ചെയ്യാന്‍ പ്രാപ്തമാകുന്ന വിധം പ്ലാറ്റ്ഫോം ഒരുക്കുന്ന രീതിയാണിത്. ഇതിനായി AI അധിഷ്ഠിത സപ്പോര്‍ട്ടും നല്‍കുന്നുണ്ട്.

Tags

Leave a Reply

Back to top button
Close