സംസ്ഥാനത്ത് സംരംഭകത്വം എളുപ്പമാക്കാനും എംഎസ്എംഇ സംരംഭകര്‍ക്ക് എളുപ്പത്തില്‍ ഫണ്ടിംഗ് ലഭ്യമാക്കാനും KSIDC മുന്നോട്ട് വെയ്ക്കുന്ന നിരവധി സ്മീമുകളുണ്ട്. സംസ്ഥാനത്തെ വ്യവസായങ്ങളേയും നിക്ഷേപങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ഏജന്‍സിയാണ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ അഥവാ കെഎസ്ഐഡിസി. 1961ലാണ് കെഎസ്ഐഡിസി സ്ഥാപിതമാകുന്നത്.
വന്‍കിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ധനസഹായം, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൗകര്യങ്ങള്‍ എന്നിവ നല്‍കുകയാണ് കെഎസ്ഐഡിസിയുടെ പ്രാഥമിക ലക്ഷ്യം. സംസ്ഥാനത്ത് ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കും ആവശ്യമായ അസിസ്റ്റന്‍സ് കെഎസ്ഐഡിസി നല്‍കുന്നു.
ബ്രഹ്മോസ് മുതല്‍ അപ്പോളോ ടയേഴ്‌സില്‍ വരെ കയ്യൊപ്പ്
ബിസിനസുകള്‍ക്ക് ആവശ്യമായ വിവിധ ഇന്‍സന്റീവ് സ്‌കീമുകള്‍ക്ക് അനുമതി നല്‍കുന്നതും കെഎസ്ഐഡിസിയാണ്. എഞ്ചിനീയറിങ്ങ്, മാനേജ്മെന്റ്, ഫിനാന്‍സ്, ലോ എന്നീ മേഖലകളിലെ വിദഗ്ധരടങ്ങുന്നതാണ് കെഎസ്ഐഡിസിയുടെ ടീം. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കെഎംഎംഎല്‍. ബ്രഹ്മോസ് ഏയ്റോസ്പെയ്സ്, തിരുവനന്തപുരം, മലബാര്‍ സിമന്റ്സ്, കേരള ആയുര്‍വേദ ഫാര്‍മസി, കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാര്‍മസ്യൂട്ടിക്കല്‍സ്, അപ്പോളോ ടയേഴ്സ് തുടങ്ങി 750ല്‍ അധികം പ്രൊജക്ടുകളില്‍ കെഎസ്ഐഡിസി നിര്‍ണായക പങ്കുവഹിച്ചിരുന്നു.
കെഎസ്‌ഐഡിസിയും സേവനങ്ങളും
കേരളത്തിലെ പുത്തന്‍ സംരംഭകര്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നതിനായി ഒട്ടേറെ സേവനങ്ങള്‍ കെഎസ്‌ഐഡിസി നല്‍കുന്നുണ്ട്. ബേസിക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍, ഫിനാന്‍സ് എന്നീ മേഖലകളില്‍ കെഎസ്‌ഐഡിസി നല്‍കുന്ന സഹായത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് കെഎസ്‌ഐഡിസി ജനറല്‍ മാനേജര്‍ ജി. ഉണ്ണിക്കൃഷ്ണന്‍. മള്‍ട്ടി പ്രൊഡക്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളില്‍ ഏത് വ്യവസായിക്കും കെഎസ്‌ഐഡിസി അവസരം നല്‍കും. അടിസ്ഥാന സൗകര്യങ്ങളെല്ലാം പാര്‍ക്കില്‍ ലഭ്യമാകും.
സംരംഭകര്‍ക്കായി ലോണുകളും
ഇക്വിറ്റി, ടേം ലോണ്‍, വര്‍ക്കിങ്ങ് ക്യാപിറ്റല്‍ ലോണ്‍, കോര്‍പ്പറേറ്റ് ലോണ്‍, ഷോര്‍ട്ട് ടേം ലോണ്‍ എന്നിവ നല്‍കും. ക്ലിയറന്‍സുകളും അപ്രൂവലുകളും കെഎസ്‌ഐഡിസി ഏര്‍പ്പാടാക്കും. k swift എന്ന ഓണ്‍ലൈന്‍ മെക്കാനിസത്തിലൂടെയാണ് ഇത് ഏകോപിപ്പിക്കുന്നത്. 10 കോടിയ്ക്ക് മുകളിലുള്ള സംരംഭമാണെങ്കില്‍ എല്ലാ ക്ലിയറന്‍സും കെഎസ്‌ഐഡിസി വാങ്ങി നല്‍കും. ഇവ k switf വഴി ഓണ്‍ലൈന്‍ ചെയ്യുന്നതിനാല്‍ ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളിലും നേരിട്ട് പോകേണ്ട.
കുറഞ്ഞ പലിശ നിരക്കിലാണ് കെഎസ്‌ഐഡിസി ലോണ്‍ നല്‍കുന്നത്. മികച്ച ക്രെഡിറ്റ് റേറ്റിങ്ങുള്ള സംരംഭകന് പലിശ നിരക്കിലും ഇളവ് വരും. കൃത്യമായി റീപേയ്‌മെന്റ് നടത്തുകയാണെങ്കില്‍ പലിശയില്‍ റിബേറ്റും ലഭിക്കും. കുറഞ്ഞ പലിശയില്‍ ലോണുകളും വകുപ്പുതല ക്ലിയറന്‍സുകളും കെഎസ്‌ഐഡിസി സംരംഭകര്‍ക്ക് നല്‍കുന്നുവെന്നും ജി. ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കുന്നു.