രാജ്യത്ത് 2018ല്‍ മാത്രം ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 87000 കടന്നിരുന്നുവെന്ന റിപ്പോര്‍ട്ട് കേള്‍ക്കുമ്പോള്‍ തന്നെ രോഗത്തിന്റെ വ്യാപ്തി എത്രത്തോളം വര്‍ധിക്കുന്നു എന്നത് മനസിലാകും. ഭീതിപ്പെടുത്തുന്ന ഈ കണക്കുകള്‍ക്കൊപ്പം തന്നെയാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവമൊരുക്കുന്ന ഇന്നൊവേഷനുമായി ഇന്ത്യന്‍ ഹെല്‍ത്ത് ടെക്ക് സ്റ്റാര്‍ട്ടപ്പ് ശ്രദ്ധ നേടുന്നത്. കേരള സര്‍ക്കാര്‍ നടത്തിയ ഹാഷ്ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട നിരാമയി ആരോഗ്യ രംഗത്ത് മികച്ചൊരു നാഴികക്കല്ലാണ് സൃഷ്ടിച്ചിരിക്കുന്നത്.
നാഴികക്കല്ലുമായി നിരാമയി
രോഗനിര്‍ണ്ണയം നടത്താന്‍ വൈകുന്നതാണ് ബ്രെസ്റ്റ് കാന്‍സര്‍ രോഗികള്‍ക്കിടയില്‍ മരണസംഖ്യ വര്‍ധിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഏര്‍ലി ഡിറ്റക്ഷന്‍ വേണ്ടി ഫലപ്രദമായ മാര്‍ഗങ്ങള്‍ അധികമായി ഉണ്ടായിരുന്നില്ല. ശ്വാസകോശ ക്യാന്‍സര്‍ കഴിഞ്ഞാല്‍ രണ്ടാമത് നില്‍ക്കുന്നത് ബ്രെസ്റ്റ് ക്യാന്‍സറാണെന്നതും നാമോര്‍ക്കണം. ഈ വേളയില്‍ മുഴകള്‍ പ്രത്യക്ഷപ്പെട്ട ശേഷം മാത്രം ഡിറ്റക്റ്റ് ചെയ്യാന്‍ സാധിക്കുന്ന ടെക്നോളജിക്ക് പകരക്കാരനാവുകയാണ് ഇന്ത്യന്‍ ഹെല്‍ത്ത്ടെക്ക് സ്റ്റാര്‍ട്ടപ്പായ നിരാമയിയുടെ കണ്ടെത്തല്‍. സ്വയം പരിശോധന, മാമ്മോഗ്രഫി എന്നിവയെക്കാള്‍ ഏറ്റവും കൃത്യമായി രോഗ നിര്‍ണയം നടത്തുന്ന തെര്‍മാലിറ്റിക്സ് എന്ന സോഫ്റ്റ് വെയര്‍ ടൂള്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറായ ബ്രെസ്റ്റ് ക്യാന്‍സറില്‍ നിന്ന് മികച്ച പരിരക്ഷ ഉറപ്പാക്കുന്നു. നോണ്‍ ഇന്‍വേസീവ് റിസ്ക് അസസ്സ്മെന്റ് വിത്ത് മെഷീന് ഇന്റലിജന്‍സ് എന്നതിന്റെ ചുരുക്കപ്പേരാണ് നിരാമയി.
മാമോഗ്രഫിയേക്കാള്‍ മികവേറിയ തെര്‍മാലിറ്റിക്സ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്സ്, മെഷീന് ലേണിങ് എന്നിവയില്‍ വിദഗ്ധയും ബാംഗ്ലൂര്‍ ഐഐഎസ്സിയില് നിന്നും ഗവേഷണ ബിരുദധാരിയുമായ ഗീത മഞ്ജുനാഥും ബാംഗ്ലൂര്‍ ഐഐഎമ്മില്നന്ന് എംബിഎ നേടിയ നിധി മാത്തൂരും ഒരുമിച്ചപ്പോഴാണ് നിരാമയ് എന്ന സ്റ്റാര്‍ട്ടപ്പ് പിറന്നത്. 2016 ജൂലൈയിലാണ് നിരാമയ് സ്ഥാപിതമായത്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ബ്രെസ്റ്റ് ക്യാന്‍സര്‍ പരിഹാരിക്കാന്‍ സദാസമയം ഒപ്പമുള്ള ഗവേഷകരും എന്‍ജിനീയര്‍മാരും അടങ്ങുന്നതാണ് നിരാമയുടെ ടീം. മാമ്മോഗ്രഫിയിലൂടെ കണ്ടുപിടിക്കാനാവുന്നതിന്റെ അഞ്ചിലൊന്നു വലിപ്പം മാത്രമുള്ള മുഴകള്‍ പോലും തെര്‍മാലിറ്റിക്സ് സംവിധാനത്തിലൂടെ കണ്ടെത്താനാകുമെന്ന് നിരാമയ് സിഒഒ നിധി മാത്തൂര്‍ പറയുന്നു.
മാമ്മോഗ്രഫിയിയിലേത് പോലെ റേഡിയേഷന് ഉപയോഗിച്ചല്ല തെര്‍മോലിറ്റിക്സ് പരിശോധന നടത്തുന്നത്. പകരം ശരീര ഊഷ്മാവിലുണ്ടാകുന്ന വ്യത്യാസത്തില്‍ നിന്നാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ കണ്ടെത്തുന്നത് . നിര്‍മിത ബുദ്ധി, മെഷീന് ലേണിങ്, ഡാറ്റ അനലിറ്റിക്സ് എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ചു വികസിപ്പിച്ചെടുത്തതാണ് തെര്‍മോലിറ്റിക്സ് സോഫ്റ്റ്വെയര് ടൂള്‍. പരിശോധനയ്ക്കായി എത്തുന്നവര്‍ ഒരു സ്ക്രീനിന് പിന്നില്‍ നിന്നാല്‍ മാത്രം മതി. സ്പര്‍ശിക്കേണ്ടി വരുന്നില്ല എന്നതിനാല്‍ വേദനയും ഉണ്ടാകുന്നില്ല.
നിരാമയിയെ തേടി ബില്‍ & മെലീന്റ ഗേറ്റ്സ് ഫൗണ്ടേഷന് സപ്പോര്‍ട്ടും
നാല്‍പ്പതു വയസ്സില്‍ താഴെയുള്ളവരിലും തെര്‍മോലിറ്റിക്സ് പരിശോധനയിലൂടെ രോഗം നിര്‍ണയിക്കാന്‍ കഴിയും. മാമ്മോഗ്രഫിയില്‍ ഇത് സാധിക്കില്ല എന്നതാണ് ഒരു ന്യൂനത. ചെലവു കുറഞ്ഞതും എവിടെയും ഉപയോഗിക്കാവുന്നതുമാണ് നിരാമയിയുടെ ബ്രെസ്റ്റ് ക്യാന്‍സര്‍ ഡിറ്റക്ഷന്‍ സംവിധാനം. മാമ്മോഗ്രഫി ഇടയ്ക്കിടെ ആവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ തവണ റേഡിയേഷനു വിധേയമാകേണ്ടി വരുന്നു. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പിന്നീട് കാരണമാകും.
എന്നാല്‍ തെര്‍മാലിറ്റിക്സ് പരിശോധന റേഡിയേഷന് രഹിതമായതിനാല്‍ ആവര്‍ത്തിച്ചു ചെയ്താലും യാതൊരുതരത്തിലുമുള്ള ദോഷഫലവും ഉണ്ടാകുന്നില്ല. മാമോഗ്രഫിയേക്കാള്‍ 27 % അധികം കൃത്യത നല്‍കാനും സാധിക്കും. വെറും നാലു മില്ലിമീറ്റര്‍ വരെ വലുപ്പമുള്ള മുഴകള്‍ വരെ ഈ ടെക്നോളജിയിലൂടെ ഡിറ്റക്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് ബില്‍ & മെലീന്റ ഗേറ്റ്സ് ഫൗണ്ടേഷന് നിരാമയിക്ക് ഫണ്ടിങ്ങ് സപ്പോര്‍ട്ട് നല്‍കിയിരുന്നു.