Trending

കോടികള്‍ കൊയ്യുന്ന കുരുന്ന് ബിസിനസുകാര്‍

ചെറുപ്രായത്തില്‍ തന്നെ കോടീശ്വരന്മാരായവരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ കൗമാര കാലത്ത് തന്നെ ബില്യണുകള്‍ കൊയ്ത കൊച്ചു ബിസിനസ് മികവുകളുടെ മുന്നില്‍ പ്രസിദ്ധരായ വ്യവസായികള്‍ പോലും അത്ഭതപ്പെട്ട് നിന്നിട്ടുണ്ട്. വെറും എട്ട് വയസിനിടെ 1.3 മില്യണ്‍ ഡോളര്‍ പ്രതിമാസ വരുമാനമുണ്ടാക്കിയ മിടുക്കന്‍ വരെ ഇവര്‍ക്കിടയിലുണ്ട്. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാകുകയാണ് കുരുന്നുകളും അവരുടെ മികച്ച സംരംഭക ആശയങ്ങളും.

ക്രിസ്റ്റിയന്‍ ഓവന്‍സ്

16ാം വയസില്‍ ഒരു മില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കിയ പ്രതിഭ. ഇംഗ്ലണ്ട് സ്വദേശിയായ ക്രിസ്റ്റ്യന്‍ കുട്ടിക്കാലം മുതലേ വെബ് ഡിസൈനിങ്ങ് പഠിച്ച് 14ാം വയസില്‍ സ്വന്തം ഡിസൈന്‍ കമ്പനി ആരംഭിച്ചയാളാണ്. മാക്ക് ഓഎസിന് വരെ ആവശ്യമായ ആപ്ലിക്കേഷന്‍ പാക്കേജുകള്‍ ക്രിസ്റ്റ്യന്‍ വികസിപ്പിച്ചിട്ടുണ്ട്. സറ്റീവ് ജോബ്സാണ് തന്റെ മോട്ടിവേറ്ററെന്ന് ക്രിസ്റ്റിയന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. മില്യണ്‍ കണക്കിന് ഡോളറാണ് Mac Bundle Box എന്ന സംരംഭം നേടിയത്.

എമില്‍ മൊട്ടിക്യാ

ഒന്‍പതാം വയസില്‍ പുല്‍ത്തകിടി വെട്ടുന്ന ബിസിനസ് ആരംഭിച്ചയാളാണ് എമില്‍ മൊട്ടിക്യാ. 13ാം വയസില്‍ 8000 ഡോളര്‍ ലോണെടുത്ത് പുല്‍ത്തകിടി വെട്ടുന്നയന്ത്രം വാങ്ങിക്കുകയും Motycka Enterprisse എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു. സ്ഥാപനം ആരംഭിച്ച് ആദ്യ സമ്മര്‍ സീസണില്‍ ഒരു ലക്ഷം ഡോളറാണ് കമ്പനി നേടിയത്. ഇന്ന് മില്യണുകള്‍ ടേണോവറുള്ള കമ്പനിയാണിത്. യുഎസിലെ നോര്‍ത്തേണ്‍ കൊളൊറാഡോയിലാണ് എമിലിന്റെ വീട്.

ഇവാന്‍

ഇവാന്‍ ട്യൂബ് എന്ന യൂട്യൂബ് ചാനലിലൂടെ എട്ട് വയസിനുള്ളില്‍ മില്യണുകള്‍ കൊയ്ത കുരുന്നാണ് ഇവാന്‍. നിലവിലെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 1.3 മില്യണ്‍ യുഎസ് ഡോളറാണ് ഇവാന്‍ ട്യൂബിന് വരുമാനമായി ലഭിക്കുന്നത്. ടോയ് റിവ്യു മുതല്‍ മൈന്‍ക്രാഫ്റ്റ്, ആന്‍ഗ്രി ബേര്‍ഡ്സ്, ലെഗോസ് എന്നീ ഗെയിമുകളുടെ വിശേഷങ്ങള്‍ വരെ ഇവാന്‍ ട്യൂബില്‍ പങ്കുവെക്കുന്നുണ്ട്.

കാമറൂണ്‍ ജോണ്‍സണ്‍

ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ പ്രതിമാസം നാലു ലക്ഷം ഡോളര്‍ വരുമാനം നേടിയ മിടുക്കനാണ് കാമറൂണ്‍. ചെറുപ്പത്തില്‍ തന്നെ വീടിനടുത്ത് നടക്കുന്ന പാര്‍ട്ടികള്‍ക്കും മറ്റുമായി ഇന്‍വിറ്റേഷന്‍ കാര്‍ഡ് കാമറൂണ്‍ തയാറാക്കി. അതില്‍ നിന്നും ചെറിയ തോതില്‍ വരുമാനവും കാമറൂണിന് ലഭിച്ചിരുന്നു. 14ാം വയസില്‍ cheers and tears എന്ന സ്ഥാപനം ആരംഭിച്ച് സോഫ്റ്റ് വെയര്‍ & ഓണ്‍ലൈന്‍ അഡ്വര്‍ട്ടൈസിങ്ങിലൂടെ മില്യണ്‍ കണക്കിന് ഡോളറിന്റെ വരുമാനം നേടുകയും ചെയ്തു. സൗത്ത് ഈസ്റ്റേണ്‍ യുഎസ് സ്റ്റേറ്റായ വിര്‍ജീനിയയാണ് കാമറൂണിന്റെ സ്വദേശം.

ആഡം ഹില്‍ഡ്രത്ത്

തന്റെ 16ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ യുകെ സ്വദേശിയായ ആഡം ഹില്‍ഡ്രത്ത് മില്യണയറായിക്കഴിഞ്ഞിരുന്നു. ടീനേജ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ ഡബിറ്റ് ആഡത്തിന്റെ തലച്ചോറിലുദിച്ച ആശയമാണ്. ഇതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ക്രിസ്പ് എന്ന പ്ലാറ്റ്‌ഫോമും ആഡം ആരംഭിക്കുന്നത്. 2004ല്‍ യുകെയിലെ ധനികരായ കൗമാരക്കാരുടെ പട്ടികയില്‍ ആഡം ഇടം നേടിയിരുന്നു.

മോസിയാ ബ്രിഡ്ജസ്

ഒന്‍പതാം വയസില്‍ കമ്പനി ആരംഭിച്ച് പ്രതിവര്‍ഷം ഒന്നര ലക്ഷം ഡോളര്‍ വരുമാനം നേടിയ മിടുക്കന്‍. mo’s bow എന്ന ടൈ കമ്പനി ഉടമയുടെ കഥ ഏവരേയും അമ്പരപ്പെടുത്തുന്നതാണ്. അമേരിക്കന്‍ ബിസിനസ് റിയാലിറ്റി ടെലിവിഷന്‍ ഷോയായ ഷാര്‍ക്ക് ടാങ്കില്‍ മുഖം കാണിക്കുമ്പോള്‍ പത്തു വയസ് മാത്രമേ ആയുള്ളൂ മോസിയാ ബ്രിഡ്ജസിന്. ഇന്ന് mo’s bowല്‍ ഒട്ടേറെ ആളുകള്‍ക്ക് ജീവിതം നല്‍കുകയാണ് ഈ പ്രതിഭ.

ഫര്‍ഹാദ് അസിദ്വാല

16ാം വയസില്‍ 20 പേര്‍ക്ക് തൊഴില്‍ നല്‍കിയ പ്രതിഭ. റോക്ക്സ്റ്റാ മീഡിയ (Rockstah Media) എന്ന മാര്‍ക്കറ്റിങ്ങ് ഏജന്‍സി ആരംഭിച്ച് ഏവരേയും ഞെട്ടിച്ച ഫര്‍ഹാദ് ടെഡ് ടോക്‌സിലടക്കം തന്റെ ഓണ്‍ട്രപ്രണേറിയല്‍ അനുഭവം പങ്കുവെച്ചിട്ടുണ്ട്. തൊഴിലാളികളാണ് തന്റെ കമ്പനിയുടെ നട്ടെല്ല് എന്നാണ് ഫര്‍ഹാദ് ലോകത്തോട് വിളിച്ചു പറയുന്നത്.

റോബര്‍ട്ട് നേ

രണ്ടാഴ്ച്ച കൊണ്ട് രണ്ട് മില്യണ്‍ ഡോളറിലധികം നേടി ലോകത്തെ അത്ഭുതപ്പെടുത്തിയ ചരിത്രമാണ് റോബര്‍ട്ട് നേ എന്ന മിടുക്കനുള്ളത്. അതും തനിക്ക് വെറും 14 വയസ് മാത്രം പ്രായമുള്ളപ്പോള്‍. ബബിള്‍ ബോള്‍ ഗെയിം എന്ന തന്റെ ഗെയിമിലൂടെയാണ് ടെക് മാര്‍ക്കറ്റില്‍ റോബര്‍ട്ട് നേ എന്ന പേര് പ്രസിദ്ധിയാര്‍ജ്ജിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് 16 മില്യണിലധികം ആളുകളാണ് റോബര്‍ട്ടിന്റെ ഗെയിം ഡൗണ്‍ലോഡ് ചെയ്തത്. ആപ്പിള്‍ സ്റ്റോറിലെ മുന്‍നിര ഗെയിമുകളില്‍ ഒന്നാണിത്.

Tags

Leave a Reply

Back to top button
Close