Trending

യൂട്യൂബിലെ ഇന്ത്യന്‍ സ്റ്റാറിന്റെ കഥ

മികച്ച ടേണോവര്‍ നേടുന്ന സംരംഭമുണ്ടാകണമെങ്കില്‍ കഠിനാധ്വാനവും പ്രകടനമികവും കാഴ്ച്ചവെക്കുന്ന ഒരു ടീം വേണമെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ വന്‍വരുമാനത്തിന്റെ ശ്രോതസ് ഇന്ത്യയില്‍ ഒരാള്‍ ഒറ്റയ്ക്ക് നിര്‍മ്മിച്ചു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം വരും. അതും ഇന്റര്‍നെറ്റ് യുഗത്തിന്റെ വിപ്ലവമായ യൂട്യൂബില്‍ നിന്നും. യൂട്യൂബ് വിജയഗാഥയില്‍ ഇന്ത്യയുടെ പേര് വാനേളമുയര്‍ത്തിയ കലാകാരന്‍ ഇന്ന് കോടികള്‍ കൊയ്യുന്ന താരമാണ്. ഭുവന്‍ ബം എന്ന യുവാവിന് ഇന്ന് 14 മില്യണ്‍ സബ്സ്‌ക്രൈബേഴ്സും 1.5 ബില്യണ്‍ വ്യൂസുമുണ്ട്.

യൂട്യൂബ് കോമഡി ചാനലായ ബിബി കി വൈന്‍സിലൂടെയാണ് ഭുവന്‍ പ്രധാനമായും അറിയപ്പെടുന്നത്. 2 മുതല്‍ 8 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു, മാത്രമല്ല അവ ഒരു നഗരത്തിലെ കൗമാരക്കാരന്റെയും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ജീവിതം അവതരിപ്പിക്കുന്നു. തന്റെ ഫോണിന്റെ മുന്‍ ക്യാമറ ഉപയോഗിച്ചാണ് ഭുവന്‍ മുഴുവന്‍ വീഡിയോകളും ചിത്രീകരിക്കുന്നതും എല്ലാ കഥാപാത്രങ്ങളും സ്വയം അവതരിപ്പിക്കുന്നതും. ആക്ഷേപഹാസ്യം മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ബിബി കി വൈന്‍സ് ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ ജനപ്രിയമാണ്.

ആദ്യകാലത്ത് ഗായകന്‍

ഹാസ്യതാരമാകുന്നതിന് മുന്‍പ് ഗായകനായിരുന്നു ഭുവന്‍ ബം. ന്യൂഡല്‍ഹിയിലെ ബാറുകളിലും പബുകളിലും ഭുവന്‍ പാടിയിട്ടുണ്ട്. ഭുവന്റെ ട്രാക്കുകളായ സഫര്‍, സങ്ങ് ബൂന്‍ തേരെ, റാഗുസാര്‍ എന്നിവ ഒരു വര്‍ഷത്തിനകം 30 മില്യണ്‍ വ്യൂസാണ് നേടിക്കൊടുത്തത്. സഫറിന്റെ നല്ലൊരു ഭാഗവും കേരളത്തിലാണ് ഷൂട്ട് ചെയ്തത്. ദിവാന്‍ ദത്തയ്‌ക്കൊപ്പം അഭിനയിച്ച ഭുവന്‍ ബമ്മിന്റെ ഹ്രസ്വചിത്രം ‘പള്‍സ് മൈനസ്’ വെറും 2 ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ 2 ദശലക്ഷം വ്യൂസ് മറികടന്നു. ഇതിന് അദ്ദേഹത്തിന് ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു. യൂട്യൂബില്‍ ടിറ്റു ടോക്സ് എന്ന ചാറ്റ് ഷോയും ഭുവന്‍ നടത്തുന്നുണ്ട്.

യൂട്യൂബ് ചാനലിന് പിന്നിലെ പ്രചോദനം

2015 ല്‍ നിര്‍മ്മിച്ച ഭുവന്റെ ആദ്യ വീഡിയോ അദ്ദേഹത്തില്‍ നിന്ന് ഒരു സെലിബ്രിറ്റിയെ സൃഷ്ടിച്ചു. വെള്ളപ്പൊക്കത്തില്‍ മകന്‍ മരിച്ച ദുഖത്തിലിരിക്കുന്ന ഒരു കശ്മീരി അമ്മയോട് അസംബന്ധമായ ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു റിപ്പോര്‍ട്ടര്‍ അവതരിപ്പിച്ച ഒരു യഥാര്‍ത്ഥ ജീവിത സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. വീഡിയോ ഫേസ്ബുക്കില്‍ വൈറലായി. സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ സൃഷ്ടിക്കാന്‍ ഇത് ഭുവന് പ്രചോദനമായി.

ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിപ്പിച്ചതിന് 2016 ല്‍ ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന വെബ് ടിവി ഏഷ്യ അവാര്‍ഡ് ഭുവന്‍ ബം നേടി. 2019 ഓഗസ്റ്റില്‍ ഭുവന്റെ വീഡിയോ ‘പാനി കി സമാസ്യ’ 77 ലക്ഷത്തിലധികം ഹിറ്റുകളുമായി യൂട്യൂബില്‍ ട്രെന്‍ഡുചെയ്തിരുന്നു. 10 ദശലക്ഷം വരിക്കാരെ മറികടന്നതിന് ഭുവന് യൂട്യൂബ് ഒരു ഡയമണ്ട് ഐക്കണ്‍ സമ്മാനിച്ചിരുന്നു.

Tags

Leave a Reply

Back to top button
Close