Trending

ഇന്ത്യന്‍ ക്ഷീരവിപ്ലവത്തെ വരച്ചുകാട്ടിയ സിനിമ : Manthan

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലായ ഒട്ടേറെ ചിത്രങ്ങളുണ്ടെങ്കിലും അവയില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നാണ് അഞ്ച് ലക്ഷം കര്‍ഷകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ. 1976 ല്‍ വലിയ ട്രക്കുകളിലും ട്രാക്റ്ററുകളിലും കര്‍ഷകര്‍ അവരുടെ കുടുംബാംഗങ്ങളോടൊപ്പം ഗുജറാത്തിലെ ടാക്കീസുകളെ നിറച്ചു. ഒരു കൊമേഴ്‌സ്യല്‍ ഹിറ്റ് പടം അവിടെ ഓടുന്നതുകൊണ്ടല്ല തിയറ്ററുകള്‍ കാണികളുടെ തിരക്കില്‍ പ്രകമ്പനം കൊണ്ടത്. ലോകത്തെ തന്നെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗില്‍ പൂര്‍ത്തിയാക്കിയ പടം ആയതുകൊണ്ടും, ആ സിനിമ പറഞ്ഞത് ആ ഗ്രാമീണരായ കര്‍ഷകരുടെ കഥയായതുകൊണ്ടുമാണ്. അമൂലിന്റെ കഥ പറഞ്ഞ ശ്യാം ബന്‍ഗല്‍ ചിത്രം Manthan ഇന്നും മനസ്സ് നിറഞ്ഞ് കാണാവുന്ന ഒരു ചിത്രമാണ്. ഡോ വര്‍ഗ്ഗീസ് കുര്യന്‍ എന്ന ജീനിയസ്സായ എന്‍ട്രപ്രണറുടെ കഥ മാത്രമായിരുന്നില്ല, മനുഷ്യന്റെ സ്വഭാവ സവിശേഷതകള്‍ മനോഹരമായി ഒപ്പിയെടുത്ത സിനിമ കൂടിയായിരുന്നു.

ഏഷ്യയിലെ വലിയ ഡയറിയുടെ കഥ

1949 ല്‍ ഗുജറാത്തിലെ ആനന്ദില്‍ എത്തുമ്പോള്‍ വര്‍ഗ്ഗീസ് കുര്യന് പ്രായം വെറും 28 വയസ്സായിരുന്നു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിന്റെ യഥാര്‍ത്ഥ ഉടമകള്‍ അവരുതന്നെയാണെന്ന് കുര്യന്‍ കര്‍ഷകരെ ബോധ്യപ്പെടുത്തി. പത്തു വര്‍ഷത്തിനകം പ്രതിദിനം 20000 ലിറ്റര്‍ ഉള്‍പ്പാദിപ്പിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡയറി യാഥാര്‍ത്ഥ്യമായി. ഡോ കുര്യന്റെ ആ സംരംഭക ജീവിതമായിരുന്നു Manthan പറഞ്ഞത്. ഗുജറാത്തിലെ ഒരു ഉള്‍ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രെയിന്‍ വന്നു നില്‍ക്കുന്നതാണ് ആദ്യ സീന്‍. അതില്‍ നിന്ന് ഡോ റാവു എന്ന യുവ ഡോക്ടര്‍ സ്റ്റേഷനിലേക്കിറങ്ങുന്നു. 1970കളിലെ ഇന്ത്യന്‍ ഗ്രാമത്തെ വരച്ചിട്ട ആ സീനില്‍ തുടങ്ങുകയായി ശ്യാമിന്റെ വിഷ്വല്‍ മാജിക്.

ഏറെയും ദളിത് കുടംബങ്ങളുള്ള ആ ഗ്രാമത്തില്‍ പാലും മറ്റും വിറ്റ് ജീവിതം തള്ളി നീക്കുന്ന കാര്‍ഷകരുടെ ജീവിത്തിലേക്കാണ് ഡോ റാവു വന്നിറങ്ങിയത്. അമരീഷ് പുരി അവതരിപ്പിച്ച മിശ്ര ജി എന്ന മില്‍ക്ക് മാഫിയയുടെ മേല്‍ക്കോയ്മയെ ഇശ്ചാശക്തികൊണ്ട് ഡോ. റാവു മറികടക്കുന്നു. ഇന്ത്യയില്‍ ധവളവിപ്ലവം കുറിച്ച ഡോ കുര്യന്‍, അദ്ദേഹത്തിന്റെ ശ്രമഫലത്തില്‍ പിറന്ന അമുല്‍, ആ വഴിയിലൂടെ ശ്യാമിന്റെ ക്യാമറ നമ്മളെ കൊണ്ടുപോകും.

വെള്ളിത്തിരയിലെത്തിയത് ഗിരീഷ് കര്‍ണാടും നസ്‌റുദ്ദീന്‍ ഷായും അടക്കമുള്ളവര്‍

ഗിരീഷ് കര്‍ണാട്, നസ്‌റുദ്ദീന്‍ഷാ, സ്മിതാ പാട്ടീല്‍, അമരീഷ് പുരി തുടങ്ങി കുലപതികളായ അഭിനേതാക്കളാണ് മന്ദനില്‍ വേഷമിട്ടത്. Gujarat Co-operative Milk Marketing Federation Ltd. ആയിരുന്നു Manthan നിര്‍മ്മിച്ചത്. വിശസിക്കാന്‍ പ്രയാസം തോന്നും വിധമായിരുന്നു നിര്‍മ്മാണം. 5 ലക്ഷം കര്‍ഷകര്‍ 2 രൂപ വീതം നിക്ഷേപിച്ച് നിര്‍മ്മിച്ച പടമായിരുന്നു മന്ഥന്‍. ശരിക്കും ഒരു ഐക്കോണിക് ഫിലിം. പല സംസ്ഥാനങ്ങളിലും ക്ഷീര മേഖലയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ തുടങ്ങാനുള്ള പ്രചോദനമായി Manthan എന്ന സിനിമ മാറി.

Leave a Reply

Back to top button