രാജ്യത്തെ ഇ-ഗവേണന്‍സ് സര്‍വീസ് സംബന്ധിച്ച സ്റ്റേറ്റ് ലെവല്‍ പെര്‍ഫോമന്‍സ് സര്‍വേയില്‍ കേരളത്തിന് ഒന്നാം സ്ഥാനം. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വേയായ നാഷണല്‍ ഇ ഗവേണന്‍സ് സര്‍വീസ് ഡെലിവറി ഇന്‍ഡക്സ് അസ്സസ്മെന്റിലാണ് ഗവണ്മെന്റ് സര്‍വീസുകള്‍ ഫലപ്രദമായി ഓണ്‍ലൈനിലൂടെ ജനങ്ങള്‍ക്കെത്തിക്കുന്നതില്‍ കേരളം ഏറെ മുന്നില്‍ പൊസിഷന്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സര്‍വീസുകള്‍ പൗരന്മാര്ക്കും മറ്റ് ബിസിനസ് എന്റര്‍പ്രൈസസിനും എത്രത്തോളം കൃത്യമായി നല്കി എന്നും അതാത് വകുപ്പുകളിലൂടെ ഇ-സേവനങ്ങള്‍ എത്രത്തോളം പ്രയോജനപ്പെട്ടു എന്നും സര്‍വേ വ്യക്തമാക്കുന്നു. ഗോവ, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. ഐടി മേഖലയില്‍ മുന്നേറ്റം നടത്തിയിരുന്ന ആന്ധ്ര ഈ ലിസ്റ്റില്‍ 13ാം സ്ഥാനത്താണ്.
യൂണിയന് ടെറിറ്ററീസിന്റെ ലിസ്റ്റില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ഒന്നാം സ്ഥാനത്ത്
ഇന്‍ഡെക്സില്‍ എട്ടാമതാണ് ഗുജറാത്ത്. യൂണിയന് ടെറിറ്ററീസിന്റെ ലിസ്റ്റില്‍ ആന്‍ഡമാന്‍ നിക്കോബാറാണ് ഒന്നാം സ്ഥാനത്ത്. അതാത് മന്ത്രാലയങ്ങള്‍ക്കുള്ള റാങ്കിങ്ങില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനാണ് ഒന്നാം സ്ഥാനം. സ്വയം എന്ന എജ്യുക്കേഷന്‍ പ്ലാറ്റ്ഫോമും നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലും ആരംഭിച്ച മാനവ വിഭവ ശേഷി മന്ത്രാലയം രണ്ടാം സ്ഥാനത്താണ്. മിനിമം ഗവണ്മെന്റ് മാക്സിമം ഗവേണന്‍സ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം 2018ലാണ് NeSDA എന്ന ഇനീഷ്യേറ്റീവ് രൂപം കൊള്ളുന്നത്. ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളേയും റാങ്കിങ്ങില്‍ കൊണ്ടു വന്നിട്ടുണ്ട്.
വന്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് എത്താന്‍ സാധ്യത
ഗ്ലോബല്‍ ഇ-ഗവേണന്‍സ് ഇന്‍ഡെക്സില്‍ ഇന്ത്യയുടെ ഓവര്‍ ഓള് പെര്‍ഫോമന്‍സ് ഉയരുന്നതോടെ വന്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് എത്തുന്നതിനുള്ള സാധ്യതയും വര്‍ധിക്കുകയാണ്. ആക്സസിബിലിറ്റി, കണ്ടന്റ് ലഭ്യത, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി & പ്രൈവസി, എന്‍ഡ് സര്‍വീസ് ഡെലിവറി, ഇന്റഗ്രേറ്റഡ് സര്‍വീസ് ഡെലിവറി, സ്റ്റാറ്റസ് & റിക്വസ്റ്റ് ട്രാക്കിങ്ങ് എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ സര്‍വീസ് പോര്‍ട്ടലുകളുടെ പെര്‍ഫോമന്‍സ് അനലൈസ് ചെയ്തിരിക്കുന്നത്. 2018ലെ യുണൈറ്റഡ് നേഷന്‍സിന്റെ ഇ-ഗവേണന്‍സ് സര്‍വേയില്‍ 193 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 93ാം സ്ഥാനത്തായിരുന്നു.
‘യൂസര്‍ ഫ്രണ്ട്ലി’യായ ഇ-ഗവേണന്‍സ്
രാജ്യത്തെ ഇ-ഗവേണന്‍സ് കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയാകുന്നു എന്നതിന്റെ തെളിവാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ ഈ നേട്ടം. ഇ ഗവേണന്‍സില്‍ താഴെ തട്ടില്‍ നടപ്പാക്കിയ പദ്ധതികളും ഈ ഡേറ്റ കൃത്യമായി കേന്ദ്രത്തില്‍ അവതരിപ്പിക്കാനായതുമാണ് കേരളത്തിന് ഗുണകരമായത്. കേരള സര്‍ക്കാരിന്റെ പോര്‍ട്ടലും എം-കേരളം ആപ്പും സിംഗിള്‍ സൈന്‍ ഇന്‍ ഫീച്ചറുള്ളതാണ്. ഇത് സര്‍വീസസ്, യൂട്ടിലിറ്റി പേയ്മെന്റ്, ട്രാന്സാക്ഷന് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ മള്‍ട്ടിപ്പിള്‍ ക്ലിക്ക് കൂടാതെ തന്നെ അക്സസ് ചെയ്യാന്‍ യൂസറെ സഹായിക്കും. ഇ- ഓഫീസ് സേവനവുമായി ഇന്റഗ്രേറ്റ് ചെയ്യാനും യൂസേഴ്സിന് ഫയല്‍ മൂവ്മെന്റ് ട്രാക്ക് ചെയ്യാനും സാധിക്കും. 9 ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നുള്ള 60 സര്‍വീസുകളാണ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമാകുക. മാത്രമല്ല ഇ-ഡിസ്ട്രിക്റ്റ് സര്‍വീസുകളുമായും ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ റാങ്കിങ്ങില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ ഇടം പിടിച്ചു എന്നതും ശ്രദ്ധേയമാണ്.