കൊറോണ ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തുമ്പോള്‍ പ്രതിരോധത്തിന്റെ ചെങ്കനലാവുകയാണ് പുനേ സ്വദേശിനിയും വൈറോളജിസ്റ്റുമായ മിനാല്‍ ദഖാവെ ഭോസ്ലെ. പൂര്‍ണ ഗര്‍ഭിണിയായിരുന്ന മിനാല്‍ പ്രസവത്തിന് തൊട്ടു തലേ ദിവസവും ഗവേഷണത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. ഈ അര്‍പ്പണം ഇന്ത്യയ്ക്ക് തന്നത് രാജ്യത്തെ ആദ്യ തദ്ദേശീയ കൊറോണാ പരിശോധനാ കിറ്റാണ്.
മൈലാബ് ഡിസ്കവറി സൊല്യൂഷനിലെ ചീഫ് വൈറോളജിസ്റ്റായ മിനാലും സംഘവും 6 മാസത്തോളമെടുക്കുന്ന ഗവേഷണം 6 ആഴ്ച കൊണ്ട് പൂര്‍ത്തിയാക്കി ശാസ്ത്ര ലോകത്തെ തന്നെ ഞെട്ടിച്ചു. ടെസ്റ്റ് കിറ്റിന് അംഗീകാരം ലഭിക്കുന്നതിന് ഇത് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് സമര്‍പ്പിച്ചതിന്റെ പിറ്റേന്ന് മിനാല്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി. എന്‍ഐവിയും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്ഗനേസേഷന് , ഫുഡ് & ഡ്രഗ് അതോറിറ്റി എന്നിവയും അംഗീകാരം നല്‍കിയതോടെ വ്യാവസായിക അടിസ്ഥാനത്തില്‍ കിറ്റ് നിര്‍മ്മിക്കുന്നതിനും അനുമതി ലഭിച്ചിരിക്കുകയാണ്.
ഒരാഴ്ച്ചയ്ക്കകം ഒരു ലക്ഷം കിറ്റുകള്‍ വികസിപ്പിച്ച് നല്‍കുമെന്ന് പുനേ ആസ്ഥാനമായ മൈലാബ് കേന്ദ്ര സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് രോഗ നിര്‍ണ്ണയം നടത്താന്‍ നാലു മുതല്‍ എട്ട് മണിക്കൂര്‍ വരെ വേണ്ടി വരും എന്നിരിക്കേ മൈലാബ് വികസിപ്പിച്ച പാത്തോ ഡിറ്റക്ട് കോവിഡ് 19 ക്വാളിറ്റേറ്റീവ് പിസിആര്‍ കിറ്റ് കൊണ്ട് രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി റിസള്‍ട്ട് എടുക്കാം. റിവേഴ്സ്ട്രാന്സ്ക്രിപ്ഷന് പോളിമെറേസ് ചെയിന്‍ റിയാക്ഷന്(ആര്.ടി.-പി.സി.ആര്.) ടെസ്റ്റ് വഴിയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
നിലവില്‍ കോവിഡ് പരിശോധനക്ക് ഇറക്കുമതി ചെയ്ത കിറ്റാണ് ഉപയോഗിക്കുന്നത്. 4500 രൂപ വരെയാണ് ഇതിന് ചിലവ്. പാത്തോ ഡിറ്റക്ട് വഴിയുള്ള പരിശോധനക്ക് 1200 രൂപയാണ് ചിലവ്. ഒരേ കിറ്റില്‍ 100 സാമ്പിളുകള്‍ പരിശോധിക്കാമെന്നതും ഇതിന്റെ മേന്മയാണ്. നിലവില്‍ രാജ്യത്ത് കോവിഡ് പരിശോധന കിറ്റുകളുടെ കുറവുണ്ട്. പൂനെ, മുംബൈ, ഗോവ, ഡല്‍ഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ പാത്തോ ഡിറ്റക്റ്റ് വിതരണം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.