കോവിഡ് 19 എന്ന മഹാമാരി ഇന്ത്യന്‍ മണ്ണിലും സംഹാര താണ്ഡവം തുടങ്ങിയപ്പോള്‍ അതിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ത്ത പോരാളികളായി നാം ഏവരും മാറി. വ്യക്തികള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ വരെ ഈ രോഗവ്യാപനത്തിന് ഏതിരെ പൊരുതുന്നു. അതില്‍ മുന്‍ നിരയില്‍ തന്നെയാണ് ഇന്ത്യന്‍ റെയില്‍വേയുടേയും സ്ഥാനം. കോവിഡ് ബാധിത പ്രദേശങ്ങളില്‍ അത്യാവശ്യ മരുന്നുകള്‍ എത്തിക്കുന്നത് മുതല്‍ ട്രെയിനിലെ കമ്പാര്‍ട്ട്മെന്റുകളെ കോവിഡ് വാര്‍ഡായി മാറ്റാനും ഇന്ത്യന്‍ റെയില്‍വേ തയാറായി. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ഇതിനോടകം 1150 ടണ്‍ മെഡിക്കല്‍ ഐറ്റംസ് റെയില്‍വേ വഴി അതാത് ഇടങ്ങളില്‍ എത്തിച്ചു.
ട്രെയിന്‍ കോച്ചുകളില്‍ ഐസൊലേഷന്‍ വാര്‍ഡ്
ട്രെയിന്‍ കോച്ചുകളെ ഐസൊലേഷന്‍ വാര്ഡാക്കിയതും ക്വാറന്റൈന് ഫെസിലിറ്റിയ്ക്ക് ഏറെ സഹായകരമായി. ഭക്ഷ്യ ധായന്യത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടി അളവില്‍ ധാന്യം റെയില്‍വേ വഴി എത്തിച്ചു. മാര്‍ച്ച് 25 നും ഏപ്രില്‍ 17നും ഇടയില്‍ 4.2 മില്യണ്‍ ടണ്‍ ഭക്ഷ്യ ധാന്യങ്ങളാണ് റെയില്‍വേ വഴി എത്തിച്ചത്.
ലക്ഷ്യം 1 ലക്ഷം സുരക്ഷാ ഉല്പന്നങ്ങള്
ഹെല്‍ത്ത് വര്‍ക്കേഴ്സിനായി സുരക്ഷാ ഉല്പന്നങ്ങളും റെയില്‍വേ നിര്‍മ്മിച്ചിരുന്നു. മെയ് മാസം 1 ലക്ഷം സുരക്ഷാ ഉല്പന്നങ്ങള് നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. ഏപ്രില്‍ മാസം മാത്രം IRCTC കിച്ചണുകള്‍ വഴി 20.5 ലക്ഷം ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്. ലോക്ക് ഡൗണില്‍ രാജ്യത്തെ ഗതാഗതം അപ്പാടെ നിലച്ചപ്പോഴും സേവനത്തിന്റെ കുപ്പായമണിഞ്ഞ് ഇന്ത്യന്‍ റെയില്‍ രാജ്യത്തിനായി നിറുത്താതെ ഓടിക്കൊണ്ടിരിക്കുന്നു.