സ്ത്രീകൾക്ക് നാപ്കിൻ പരിചയപ്പെടുത്തിയ അരുണാചലം മുരുകാനന്ദം
എഞ്ചിനിയറിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് സ്ത്രീ ശാക്തീകരണം നടത്തി, ഒരു സോഷ്യൽ പ്രോബ്ലത്തെ താൻ ഉപജീവനമാർഗമാക്കി മാറ്റുകയായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യയുടെ പാഡ്മാൻ പദ്മശ്രീ അരുണാചലം മുരുകാനന്ദം. ചാനൽ അയാം സംഘടിപ്പിച്ച ഷീ പവർ സമ്മിറ്റിൽ സംസാരിക്കവേ 2006 കാലഘട്ടത്തിൽ ഇന്ത്യയിലെ 90% സ്ത്രീകളും സാനിട്ടറി നാപ്കിൻ ഉപയോഗിക്കുന്നില്ല എന്നത് അവിശ്വസനീയമായ റിപ്പോർട്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ സർക്കാരിന് പോലും ലഭ്യമാകാത്ത ഒരു ഡാറ്റ അവതരിപ്പിച്ചപ്പോൾ എല്ലാവർക്കും അത് അവിശ്വസനീയമായി. ഞാനൊരു സ്കൂൾ ഡ്രോപ് ഔട്ടാണ്. ഹാർവാർഡ്, ഓക്സ്ഫോർഡ് ഒന്നുമല്ല ഒരു ഗ്രാമത്തിലെ സ്കൂളിൽ നിന്നുമുളള ഡ്രോപ് ഔട്ട്. പിന്നീട് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളിൽ നിന്നും IITകളിൽ നിന്നും പോലും ബഹുമതികൾ ലഭിച്ചു. ഇന്ന് ഒരു സ്പീക്കറായി സമൂഹം തന്നെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സത്യത്തിൽ എന്റെ ഭാര്യയുടെ അനുഭവമാണ് എന്നെ ചിന്തിപ്പിച്ചത്. ആർത്തവ ദിനങ്ങളിൽ ഭാര്യ തുണി ഉപയോഗിച്ചിരുന്നു. അത് അനാരോഗ്യകരമായ പ്രവണതയാണെന്ന് തോന്നിയതിനാലാണ് നാപ്കിൻ ഉപയോഗിക്കാത്തത് എന്തെന്ന് ചോദിച്ചത്. നാപ്കിൻ വാങ്ങിയാൽ വീട്ടിൽ പാല് വാങ്ങാനാകില്ലെന്ന അവരുടെ മറുപടി എന്നെ ചിന്തിപ്പിച്ചു. അഫോഡബിലിറ്റി ആണ് പ്രധാനം എന്ന് തിരിച്ചറിഞ്ഞു. എല്ലാം ഞാനെന്റെ ഭാര്യയിൽ നിന്നാണ് ആരംഭിച്ചത്. അന്ന് ആർത്തവത്തെ കുറിച്ച് ഭാര്യ ഭർത്താവിനോടോ മകൾ അമ്മയോടോ പോലും സംസാരിക്കുന്ന പതിവില്ല. ആ കാലത്താണ് ഞാൻ സാനിട്ടറി പാഡ് നിർമിക്കാൻ തീരുമാനം എടുക്കുന്നത്.
ഞാൻ ഒരു വെൽഡറായിരുന്നു. ഒരു വർക്ക് ഷോപ്പ് നടത്തുന്നു. നിർമിച്ച പാഡ് പരീക്ഷിച്ചത് ഭാര്യയിൽ ആയിരുന്നു. ഉപയോഗിച്ചതിന് ശേഷം അവൾ പറഞ്ഞത് ഇത് വളരെ മോശമാണെന്നായിരുന്നു. വീണ്ടും വിവിധ മില്ലുകളിൽ നിന്ന് വിവിധ തരം തുണികൾ വാങ്ങി പാഡ് നിർമിച്ചു. പിന്നീട് സഹോദരിയിൽ ആണ് പരീക്ഷിച്ചത്. ആർത്തവത്തെ കുറിച്ച് സംസാരിക്കുന്നത് തന്നെ അവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല. പിന്നീട് കുറച്ച് മെഡിക്കൽ കോളജ് വിദ്യാർത്ഥികളെയാണ് പാഡ് പരീക്ഷണത്തിന് സമീപിച്ചത്. തികച്ചും വ്യക്തിപരമായ കാര്യങ്ങൾ അന്യപുരുഷനായ എന്നോട് സംസാരിക്കാൻ അവർ തയ്യാറായിരുന്നില്ല. ഒടുവിലാണ് ഞാൻ സ്വയം ഒരു പരീക്ഷണത്തിന് മുതിർന്നത്. യൂട്രസിന് പകരം റബർ ബ്ലാഡർ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഈ പരീക്ഷണത്തിലൂടെ എനിക്കൊരു കാര്യം ബോധ്യമായി. ദൈവം സൃഷ്ടിച്ച ഏറ്റവും കരുത്തനായ ജീവി സിംഹമോ ആനയോ ഒന്നുമല്ല അത് സ്ത്രീയാണെന്നും അരുണാചലം പറയുന്നു.