Trending

ചൈനയെ കളിപഠിപ്പിക്കാൻ ഇന്ത്യ, ഇനി കളിപ്പാട്ട വിപ്ലവം  

ഇന്ത്യ ഒരു ‘കളിപ്പാട്ട വിപ്ലവത്തിന്’ ഒരുങ്ങുകയാണ്. ഗുണനിലവാരമില്ലാത്തതും, ഹാനികരവുമായ കളിക്കോപ്പുകൾ യഥേഷ്ടം കയറ്റി അയയ്ക്കാവുന്ന ഒരിടമായി ഇടക്കാലത്ത് ഇന്ത്യ മാറി. നിഷ്കളങ്കമായ  കളിപ്പാട്ടങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങൾ അത്രകണ്ട് നിഷ്കളങ്കമായിരുന്നില്ല. കേന്ദ്രവും അത് തിരിച്ചറിയുന്നുണ്ട്. കാലങ്ങളായി കളിപ്പാട്ടം കൊണ്ടും ‘കളിച്ചു’ തോൽപ്പിക്കാൻ ശ്രമിക്കുന്നതാവട്ടെ ചൈനയും.

ഇന്ത്യൻ കളിപ്പാട്ട വിപണി 1.5 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. എന്നാലിത് ആഗോള വിപണി വിഹിതത്തിന്റെ 0.5% മാത്രമാണ്.  വിപണി ഓരോ വർഷവും 10-15% വളരുന്നുണ്ടെങ്കിലും ചൈനീസ് സാന്നിധ്യം ആശങ്കയുണ്ടാക്കും വിധം ഉയർന്നതാണ്. ആഭ്യന്തര കളിപ്പാട്ട, അനുബന്ധ  വിപണിയുടെ 90 ശതമാനവും കൈയ്യടക്കി വച്ചിരിക്കുന്നത് ചൈനയും തായ്വാനുമാണ്.

  ചൈനീസ് വിഹിതം മാത്രം 75% വരും. ഉദാഹരണത്തിന് ഇന്ത്യയിലെ ഒരു കളിപ്പാട്ട നിർമ്മാതാവ് ഒരു ബാർബി പാവയെ നിർമ്മിക്കാൻ തീരുമാനിച്ചു എന്ന് കരുതുക, പാവയുടെ മുടിയും അത് തലയിൽ പിടിപ്പിക്കാനുള്ള സാമഗ്രികളും വരെ ചൈനയിൽ നിന്നു വരണം.  മുംബൈയിലെ ഒരു കളിപ്പാട്ടക്കടക്കാരൻ പറഞ്ഞത് കടയിൽ താൻ മാത്രമേ ‘ഇന്ത്യൻ’ ആയി ഉള്ളു എന്നാണ്.

ചൈനീസ് കളിപ്പാട്ട നിർമ്മാതാക്കൾക്ക് ആ രാജ്യത്ത് തുച്ഛമായ വിലയിൽ ഇലക്ട്രോണിക് കമ്പോണന്റ്സ് ലഭ്യമായതിനാൽ കുറഞ്ഞ വിലയ്ക്ക് ഇവിടെ വിൽക്കാൻ കഴിയും. വാസ്തവത്തിൽ, ഇന്ത്യയിൽ ഒരു ഇലക്ട്രോണിക് കളിപ്പാട്ട നിർമ്മാതാവ് പോലും ഇല്ല. റിമോട്ടിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ഒരു കളിവസ്തു കാണുമ്പോൾ അത് ഈ രാജ്യത്തുണ്ടാക്കിയതല്ല എന്ന് അറിയുക.

രാജ്യത്തെ കളിപ്പാട്ട വിപണി വൻതോതിൽ അസംഘടിതമാണ്. MSME മേഖലയിൽ 4,000 കളിപ്പാട്ട വ്യവസായ യൂണിറ്റുകളാണുള്ളത്.  ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം 2024 ഓടെ 2-3 ബില്യൺ ഡോളർ മൂല്യം കൈവരിക്കുമെന്ന പ്രവചനം പ്രത്യാശ നൽകുന്നു.
തിരിച്ചറിവുകൾക്കു ശേഷം ചൈനീസ് നീരാളിപ്പിടുത്തത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ ഘട്ടംഘട്ടമായ കർമ്മപദ്ധതിയാണ് രാജ്യം സ്വീകരിച്ചത്. കഴിഞ്ഞവർഷം തുടക്കത്തിൽ തന്നെ ഇതിനായി കരുനീക്കം ആരംഭിച്ചു. ആദ്യം ഇറക്കുമതി തീരുവ 60 ശതമാനമായി ഉയർത്തി കളിപ്പാട്ടം ഡംബ് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തി.

പിന്നീട്, ക്വാളിറ്റി കുറഞ്ഞ കളിപ്പാട്ടങ്ങൾ വിപണിയിൽ എത്താതിരിക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഇറക്കുമതിക്ക് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ഇത് ചൈനയ്ക്ക് രണ്ടാമത്തെ തിരിച്ചടിയായി.

ചൈനയുടെ ഗുണനിലവാരം കുപ്രസിദ്ധമാണല്ലോ. 2007 ൽ, ലോകത്തിലെ ഏറ്റവും വലിയ കളിപ്പാട്ട കമ്പനിയായി അറിയപ്പെടുന്ന മാട്ടൽ തങ്ങളുടെ ഉത്പന്നങ്ങളെ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു.  അന്ന് 436,000 ചൈനീസ് നിർമ്മിത ഡൈ-കാസ്റ്റ് ടോയ് കാറുകൾ കമ്പനി തിരിച്ചുവിളിച്ചു. കാരണം അവ വിഷമയമുള്ള ലെഡ് പെയിന്റ് കൊണ്ട് പൊതിഞ്ഞവയായിരുന്നു.

2020 ൽ, ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടെയാണ്  തദ്ദേശീയ കളിപ്പാട്ട വ്യവസായത്തിന്റെ ഉന്നമനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിഭർ ഭാരത്, വോക്കൽ ഫോർ ലോക്കൽ കാമ്പയിനുകളുടെ ഭാഗമായി മാറിയത്. കളിപ്പാട്ട വ്യവസായത്തിന്റെ ആഗോള കേന്ദ്രമായി മാറുകയാണ് ഇന്ന് ഇന്ത്യയുടെ ലക്‌ഷ്യം.

ഈ ശ്രമങ്ങളുടെ ഒക്കെ തുടർച്ചയാണ് ‘ഇന്ത്യ ടോയ് ഫെയർ 2021’ എന്ന വമ്പൻ പദ്ധതി. ഫെബ്രുവരി 27  മുതൽ മാർച്ച് 2 വരെയായിരുന്നു പരിപാടി.  പരമ്പരാഗത കളിപ്പാട്ട നിർമ്മാതാക്കൾക്ക് സുസ്ഥിരമായ വിപണി ബന്ധങ്ങൾ സൃഷ്ടിച്ചും  വിപണിയിൽ പ്രാദേശിക കളിപ്പാട്ടങ്ങളുടെ ലഭ്യത വർദ്ധിപ്പിച്ചും മേഖലയ്ക്ക് ആവശ്യമായ ഊർജ്ജം നൽകാനാണ് സർക്കാർ ശ്രമം. മികച്ച വെണ്ടർ ഇക്കോസിസ്റ്റം നിർമ്മിച്ച് വ്യവസായത്തെ പരിപോഷിപ്പിക്കാം.

സുസ്ഥിരവികസനത്തിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് കളിപ്പാട്ട ഫെയർ സംഘടിപ്പിച്ചതിലൂടെ രാജ്യം നടത്തിയത്. മാറിയ സാഹചര്യത്തിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ കളിപ്പാട്ട നിർമ്മാണ മേഖലയിലേക്ക് കടന്നുവരും എന്ന് പ്രത്യാശിക്കാം.

Leave a Reply

Back to top button