എട്ടാമത്തെ വയസ്സിൽ Joseph Deen എന്ന കാലിഫോർണിയൻ ബാലനെ തേടി വന്നിരിക്കുന്നത് പ്രൊഫഷണൽ ഗെയിമർ ആകാനുളള കോൺട്രാക്ട് ആണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് Team 33യുമായി ജോസഫ് കരാർ ഒപ്പു വച്ചത്. 33,000 ഡോളർ ബോണസും അതിവേഗ കമ്പ്യൂട്ടർ സംവിധാനവും നൽകി കരാർ ഒപ്പിട്ടതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ Fortnite കളിക്കാരനായി ജോസഫ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഗെയിമർമാർ ഓൺലൈനിൽ കളിക്കുന്ന തേർഡ് പേഴ്സൺ സ്റ്റൈൽ ഷൂട്ടിംഗ് ആൻഡ് ബിൽഡിംഗ് ഗെയിമാണ് ഫോർട്ട്‌നൈറ്റ്. 2017 ൽ പുറത്തിറങ്ങിയ ഗെയിമിന് frequent mild violence സർട്ടിഫിക്കേഷനാണുളളത്.
കരാർ വാഗ്ദാനം ചെയ്തപ്പോൾ വളരെ അതിശയം തോന്നിയെന്ന് ജോസഫ് ബിബിസിയോട് പ്രതികരിച്ചു. ഒരു പ്രൊഫഷണൽ ഗെയിമർ ആകുന്നതിനെക്കുറിച്ച് ഞാൻ വളരെയധികം ചിന്തിച്ചിട്ടുണ്ട്. പക്ഷേ ടീം 33 സമീപിക്കുന്നത് വരെ ആരും തന്നെ ഗൗരവമായി എടുത്തില്ലെന്നും ജോസഫ് പറയുന്നു. നാല് വയസ്സുള്ളപ്പോൾ മുതൽ ഗെയിമിംഗ് രംഗത്ത് തിളങ്ങിയ ജോസഫിനെ ഒന്നരവർഷം മുമ്പാണ് ഇ- സ്‌പോർട്സ് ടീം ശ്രദ്ധിക്കുന്നത്. 2019 ൽ 3 മില്യൺ ഡോളർ സമ്മാനമുളള Fortnite World Cup നേടിയത് 16 വയസുകാരനായ Kyle “Bugha” Giersdorf ആയിരുന്നു. “Bugha”യെപ്പോലെയാകുകയും അവനെപ്പോലെ കളിക്കുകയും ചെയ്യുക എന്നതാണ് ആഗ്രഹമെന്ന് ജോസഫ് പറയുന്നു.
സ്കൂൾ വിട്ടു വന്നാൽ ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂർ ഫോർട്ട്നൈറ്റ് കളിക്കുന്നതാണ് ജോസഫിന്റെ ശീലം. വാരാന്ത്യങ്ങളിൽ കൂടുതൽ സമയം ഗെയിമിനായി ചിലവിടും. നല്ലൊരു പിയാനോ പ്ലെയർ കൂടിയാണ് ജോസഫ്. പിയാനോ പ്ലെയർ ആയത് കീബോർഡും മൗസും ഉപയോഗിക്കാൻ വളരെയധികം സഹായമായെന്ന് ജോസഫ് പറയുന്നു. ഒരു ഗെയിമിംഗ് സൂപ്പർസ്റ്റാർ ആകാൻ ആഗ്രഹിക്കുന്ന ജോസഫിന് പ്രൈസ് മണിയുളള കോംപറ്റീഷനുകളിൽ മത്സരിക്കണമെങ്കിൽ 13 വയസ്സ് കഴിയണം. ചെറുപ്പത്തിൽത്തന്നെ ജോസഫിനെ ഒരു ടോപ്പ് ലെവൽ കളിക്കാരനായി മാറ്റാനും ഉചിതമായ പ്രായം വരുമ്പോൾ പ്രധാന മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുമാണ് Team 33 യുടെ പ്ലാൻ.